പൊലിസ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: പൊലിസ് ആരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ഹോക്കി സ്റ്റിക്കും മറ്റും കൊണ്ട് ദേഹമാസകലം പരുക്കേല്‍പ്പിച്ച ശേഷം പിടിക്കപ്പെട്ടയാള്‍ ക്രിമിനലാണെന്ന് പറഞ്ഞ് പൊലിസ് സ്വയം ന്യായീകരിക്കരുതെന്നും കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പൊലിസ് സ്വയം നിയമം നടപ്പിലാക്കരുതെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകനെ കഴക്കൂട്ടം പൊലിസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ നിരീക്ഷണം.
തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് മര്‍ദനത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചാണ് കുളത്തൂര്‍ സ്വദേശി രാജീവിനെ പൊലിസ് മര്‍ദിച്ചത്.
രാജീവിന്റെ ശരീരത്തില്‍ സംഭവിച്ച മുറിവുകള്‍ കാണുമ്പോള്‍ ആര്‍ക്കും കണ്ണുപൂട്ടിയിരിക്കാന് കഴിയില്ലെന്നും കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."