അണക്കെട്ടുകളുടെ ഷട്ടര്‍ അറ്റകുറ്റപ്പണി ചുവപ്പുനാടയില്‍
തൊടുപുഴ: വൈദ്യുതി ബോര്‍ഡിലെ സിവില്‍- ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരംമൂലം അണക്കെട്ടുകളുടെ ഷട്ടര്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള പദ്ധതി ചുവപ്പുനാടയില്‍. പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടുകളുടെ സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ കെ.എസ്.ഇ.ബി തീരുമാനമെടുത്തിരുന്നു.
എന്നാല്‍, ബോര്‍ഡിലെ സിവില്‍- ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള കിടമത്സരംമൂലം ഒന്നും നടന്നിട്ടില്ല. പ്രീ മണ്‍സൂണ്‍, പോസ്റ്റ് മണ്‍സൂണ്‍ പരിശോധനകള്‍ ഇപ്പോള്‍ കൃത്യമായി നടക്കുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ ഷട്ടറുകളിലും റോപ്പുകളിലും ഗ്രീസിങ്ങ് നടത്തേണ്ടതുണ്ട്. ഇപ്പോള്‍ ഇതെല്ലാം വഴിപാടാണ്.
കല്ലാര്‍കുട്ടി ഡാമില്‍നിന്ന് നേര്യമംഗലം പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോവുന്ന ടണല്‍ മുഖത്തെ ഇന്‍ടേക്ക് ഷട്ടര്‍ തിങ്കളാഴ്ച രാത്രി പൊട്ടിവീണതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായിരിക്കുന്നത്.
ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണവും സംരക്ഷണവും ബോര്‍ഡിലെ സിവില്‍ വിഭാഗത്തിന്റെ ചുമതലയാണ്. എന്നാല്‍, ഉല്‍പാദനം, വിതരണം, പ്രസരണം എന്നിവയുടെ ചുമതല ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ്. സിവില്‍ വിഭാഗത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ ഇലക്ട്രിക്കല്‍ വിഭാഗം തയാറല്ല. വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്തും സ്വാധീനം ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ്.
ഷട്ടര്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉല്‍പാദനം നിര്‍ത്തിവയ്ക്കണമെന്ന സിവില്‍ വിഭാഗത്തിന്റെ ആവശ്യം ഇലക്ട്രിക്കല്‍ വിഭാഗം നിരന്തരമായി നിരസിക്കുകയാണ്. വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചാല്‍ കോടികളുടെ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടക്കുവയ്ക്കുന്നത്. അണക്കെട്ട് നിരീക്ഷണ സംവിധാനത്തിലും വൈദ്യുതി ബോര്‍ഡ് കുറ്റകരമായ വീഴ്ചയാണ് വരുത്തുന്നത്. 2002 വരെ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്ന അണക്കെട്ട് നിരീക്ഷണ, പരിശോധന സംവിധാനങ്ങള്‍ ഇപ്പോള്‍ കേന്ദ്ര ജല കമ്മിഷന്റെ കണ്ണില്‍പ്പൊടിയിടാനുള്ള സംവിധാനമായി മാത്രം നിലനിര്‍ത്തിയിരിക്കുകയാണ്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും ആവേശം കാണിച്ചപ്പോള്‍ പന്നിയാറില്‍ അടക്കം വൈദ്യുതി ബോര്‍ഡിന് നല്‍കേണ്ടിവന്നത് കനത്ത വിലയാണ്. അണക്കെട്ട് സുരക്ഷാ സംവിധാനങ്ങള്‍ വൈദ്യുതി ബോര്‍ഡ് പൂര്‍ണതോതില്‍ നടപ്പാക്കിയാല്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ഗ്രാന്റായി പ്രതിവര്‍ഷം 100 കോടി രൂപ വരെ ലഭിക്കും. മുന്‍പ് കിട്ടിക്കൊണ്ടിരുന്ന ഈ ഗ്രാന്റ് വീണ്ടും നേടിയെടുക്കാനുള്ള ഒരുനടപടിയും ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പെന്‍സ്റ്റോക്ക് പരിശോധന, അറ്റകുറ്റപ്പണി, ഗ്രീസിങ്, വാല്‍വ് പരിശോധന എന്നിവയൊക്കെ നേരത്തേ കൃത്യമായി നടന്നിരുന്നു.
ഇതെല്ലാം ജീവനക്കാര്‍ നേരിട്ട് ചെയ്യേണ്ട കാര്യങ്ങളാണ്. ഇത്തരം തസ്തികകളില്‍ ജോലി ചെയ്തിരുന്ന സബ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, വര്‍ക്കര്‍ വിഭാഗക്കാരെ തസ്തിക വെട്ടിക്കുറച്ച് പുനര്‍വിന്യസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."