ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നാവശ്യപ്പെട്ട് പിതാവ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ ഡോ. ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കുന്നതിനെ എതിര്‍ത്ത് പിതാവ് അശോകന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി.
ഹാദിയയെ ഹാജരാക്കുന്നത് മാധ്യമപ്രവര്‍ത്തകരില്ലാത്ത അടച്ചിട്ട കോടതിമുറിയിലായിരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് എ.എസ് സൈനബയോടും മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണി ഭാരവാഹികളോടും അന്നേദിവസം കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാദിയയുടെ മതംമാറ്റം,തുടര്‍ന്നുള്ള വിവാഹം എന്നിവ ഇവരോട് കോടതി ചോദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഈ മാസം 27ന് ഹാദിയക്ക് പറയാനുള്ളതു കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചിരിക്കെയാണ് അശോകന്‍ പുതിയ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം 30നു കേസ് പരിഗണിക്കവെ അശോകന്റെ അഭിഭാഷകന്റെയും എന്‍.ഐ.എയുടെയും ശക്തമായ ആവശ്യം തള്ളിയാണ് ഹാദിയക്കു പറയാനുള്ളത് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
ഹാദിയയെ വിളിച്ചുവരുത്തുമെന്ന് കോടതി അറിയിച്ചതിനുപിന്നാലെ വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാവാന്‍ അനുവദിക്കണമെന്ന് അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയായിരുന്നു.
ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന ആവശ്യം ശ്യാം ദിവാന്‍ തുടര്‍ന്ന് ഉന്നയിച്ചെങ്കിലും കോടതി അതും തള്ളി. ഹാദിയയെ തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് നേരത്തേ തള്ളിയ ആവശ്യം അശോകന്‍ വീണ്ടും ഉന്നയിക്കുന്നത്.
കേസില്‍ എന്‍.ഐ.എ നടത്തിവരുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. എന്‍.ഐ.എ ഡിവൈ.എസ്.പി, ഹാദിയയെ സന്ദര്‍ശിച്ച് വിവാദ പ്രസ്താവനയിറക്കിയ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ ആവശ്യപ്പെട്ടിരുന്നു.
ഷെഫിന്റെയും അശോകന്റെയും പുതിയ ഹരജികള്‍ ഇന്നോ നാളെയോ പരിഗണിക്കുമെന്നാണ് സൂചന.
ഹാദിയയുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ചോദ്യംചെയ്തും യുവതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."