ശശീന്ദ്രന് വീണ്ടും മന്ത്രിയായേക്കും
തിരുവനന്തപുരം: ഫോണ്‍ കെണിയില്‍ കുടുങ്ങി സ്ഥാനംതെറിച്ച എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുമെന്ന് സൂചന. ഫോണ്‍ കെണി അന്വേഷിച്ച ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന് ഇന്നലെ മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ശശീന്ദ്രനെതിരായ കണ്ടെത്തലുകളില്ലാത്തതിനാലാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള വഴിതുറക്കുന്നത്.
ശശീന്ദ്രനോ തോമസ് ചാണ്ടിയോ ആരാണ് ആദ്യം കുറ്റവിമുക്തനാകുന്നത് അവര്‍ക്ക് മന്ത്രിസ്ഥാനം തിരിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍.സി.പിക്ക് ഉറപ്പുനല്‍കിയിരുന്നു. ശശീന്ദ്രനെതിരേ നല്കിയ കേസ് പിന്‍വലിക്കാന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ ചാനല്‍ പ്രവര്‍ത്തക സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഇക്കാര്യത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നടപടി ശശീന്ദ്രന് നിര്‍ണായകമാണ്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് കേസ് തീര്‍പ്പാക്കാന്‍ കോടതി അനുവദിച്ചാല്‍ ശശീന്ദ്രന് കുറ്റവിമുക്തനാകും. എന്നാല്‍, ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മികത ഉള്‍പ്പെടെ ചര്‍ച്ച ചെയ്താകും ഇടതുമുന്നണി തീരുമാനമെടുക്കുകയെന്നും അറിയുന്നു.
ശശീന്ദ്രന് അനുകൂലമായി കാര്യങ്ങള്‍വന്നാല്‍ അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള സമ്മര്‍ദം എന്‍.സി.പിയില്‍ നിന്നുണ്ടാകും. ഇന്നലെ സംസ്ഥാന പ്രസിഡന്റ് എന്‍. പീതാംബരന് മാസ്റ്റര്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കോടതിയില്‍നിന്ന് ശശീന്ദ്രന് അനുകൂലമായ വിധി ഉണ്ടായാല്‍ ഉടന്‍ മന്ത്രിസ്ഥാനം തിരിച്ചുനല്‍കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് പീതാംബരന് മാസ്റ്റര്‍ പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ മുഖ്യമന്ത്രി പിണറായി വിജയനുമായി പവാറും കോടിയേരി ബാലകൃഷ്ണനുമായി കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേലും ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."