ത്രിപുരയില്‍ മാധ്യമ പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവച്ചുകൊലപ്പെടുത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ത്രിപുരയിലെ സിയാന്തന് പത്രികയുടെ പ്രതിനിധിയുമായ സുദീപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. രണ്ടുമാസത്തിനിടയില്‍ ത്രിപുരയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ഇദ്ദേഹം.
സെക്കന്‍ഡ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ (ടി.ആര്.എസ്) കോണ്‍സ്റ്റബിളായ നന്ദഗോപാല്‍ റിയാങ് ആണ് സുദീപ് ദത്തയെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിളിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ആര്.കെ നഗറിലെ ടി.എസ്.ആര് കമാന്‍ഡന്റിനെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ് വെടിവച്ച് കൊലപ്പെടുത്തിയത്. അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചതായി സിയാന്തന് പത്രികയുടെ എഡിറ്റര്‍ സുബാല്‍ ദേ പറഞ്ഞു.
കമാന്‍ഡന്റിനെ കാണാനെത്തിയതാണെന്ന വിവരം അറിയിച്ചെങ്കിലും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നന്ദഗോപാല്‍ പ്രവേശനം നിഷേധിച്ചു. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനും കോണ്‍സ്റ്റബിളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ നന്ദഗോപാല്‍ മാധ്യമപ്രവര്‍ത്തകനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സുബാല്‍ ദേ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ദിന് രാത്ത് എന്ന പ്രാദേശിക ടി.വി ചാനല്‍ ജീവനക്കാരനായ ശന്തനു ഭൗമിക് കൊല്ലപ്പെട്ടിരുന്നു. അഗര്‍ത്തലയില്‍ സി.പി.എം-ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയപ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."