ബി.ജെ.പിയുടെ നാലാമത്തെ പട്ടികയിലും മുസ്‌ലിം പ്രാതിനിധ്യമില്ല
അഹമ്മദാബാദ്: ഗുജറാത്തില്‍ 61 ശതമാനത്തോളം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമായ ജമല്‍പൂരില്‍ ബി.ജെ.പിക്കുവേണ്ടി ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ ശക്തമായി പ്രചാരണ രംഗത്തുണ്ടെങ്കിലും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തിയത് കടുത്ത എതിര്‍പ്പിനാണ് ഇടയാക്കിയിരിക്കുന്നത്.
ഇവിടെ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച നേതാക്കളിലൊരാളായ ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് മെഹബൂബ് അലി ചിശ്ത്തി അടക്കമുള്ളവര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ന്യൂനപക്ഷത്തില്‍ നിന്നൊരാളെ വേണമെന്ന് വാദിച്ചെങ്കിലും അതൊരിക്കലും അംഗീകരിക്കപ്പെട്ടില്ല. മുന്‍ സ്പീക്കറും മുതിര്‍ന്ന നേതാവുമായ അശോക് ഭട്ടിന്റെ മകന്‍ ഭൂഷണ്‍ ഭട്ട് ആണ് ഇവിടെ സ്ഥാനാര്‍ഥി. അതേസമയം മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായാണ് ബി.ജെ.പി നേതാക്കള്‍ ഇവിടെ പ്രചാരണം നടത്തുന്നത്. പൊതുസമ്മേളനത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റ മുന്‍ മന്ത്രി ഗിരീഷ് പാര്‍മര്‍ വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ അസ്സലാമു അലൈക്കും എന്ന് അഭിസംബോധനചെയ്താണ് പ്രസംഗം തുടങ്ങിയത്. നരേന്ദ്രമോദിയുടെ 'സബ്കാ സാത് സബ്കാ വികാസ്' (എല്ലാവര്‍ക്കും കൂടെ എല്ലാവര്‍ക്കും വികസനം) എന്ന മുദ്രാവാക്യം വിശദീകരിച്ചായിരുന്നു ഗിരീഷിന്റെ പ്രസംഗം. കേള്‍വിക്കാരായ ന്യൂനപക്ഷമോര്‍ച്ചക്കാരുടെ കൈയടികിട്ടാന്‍ ഈ പ്രസംഗം ധാരാളം. ബി.ജെ.പിയില്‍ ചേര്‍ന്നതിലൂടെ നിങ്ങള്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത്. മാലയില്‍കോര്‍ത്ത മുത്തുമണികളെപ്പോലെ നാമെല്ലാം ഇവിടെകഴിയുകയാണെന്നും പറഞ്ഞ് പാര്‍മര്‍ കത്തിക്കയറി.
തുടര്‍ന്നു സംസാരിച്ചത് സ്ഥാനാര്‍ഥി ഭൂഷണ്‍ ഭട്ട്. അപ്പോഴേക്കും ബാങ്കുവിളി ഉയര്‍ന്നു. ഇതോടെ സംസാരം നിര്‍ത്തിവച്ച അദ്ദേഹം മൈക്കിനുമുന്നില്‍ വന്ന് നിശ്ശബ്ദനായി നിന്നു. ബാങ്കുവിളി കഴിഞ്ഞയുടന്‍ പ്രസംഗം തുടങ്ങി. താന്‍ പ്രസംഗം തുടങ്ങാന്‍ നേരം ബാങ്കുവിളി ഉയര്‍ന്നത് അനുഗ്രഹമാണെന്ന് പറഞ്ഞതോടെ മുമ്പിലിരിക്കുന്ന ന്യൂനപക്ഷമോര്‍ച്ചക്കാര്‍ വീണ്ടും കൈയടിച്ചു. ഗിരീഷ് പാര്‍മര്‍ നിര്‍ത്തിവച്ചിടത്തു നിന്നു തുടങ്ങുകയായിരുന്നു ഭട്ട് ചെയ്തത്. പിന്നീട് സംസാരിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവ് മെഹബൂബ് അലി ചിശ്ത്തി, തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചിലയാളുകള്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതിനെപ്പോലും എതിര്‍ക്കുന്നു. ഇതുവരെ ഞങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ട്‌ചെയ്തത്. എന്നിട്ട് ഞങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ തിരിച്ചുതന്നത് ?- അദ്ദേഹം ചോദിച്ചു.
അതേസമയം, ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച പട്ടികയിലൊന്നും മുസ്‌ലിം പ്രാതിനിധ്യമില്ല എന്നത് ശ്രദ്ധേയമാണ്. 182 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലുഘട്ടങ്ങളിലായി ഇതുവരെ 134 സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. നവംബര്‍ 17ന് ആദ്യ പട്ടിക പുറത്തുവിട്ടു. അതില്‍ 70 പേര്‍. 18ന് 36 പേരടങ്ങുന്ന രണ്ടാംപട്ടികയും 20ന് 27 പേരടങ്ങുന്ന മൂന്നാമത്തെ പട്ടികയും പുറത്തുവിട്ടു.
ഇന്നലെ ഒരാളുടെ പേരും പ്രഖ്യാപിച്ചു. ഇതുവരെ പുറത്തുവന്ന പട്ടികയില്‍ ക്ഷത്രിയവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 12ഉം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 25ഉം പട്ടികവര്‍ഗ-ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏഴുപേര്‍ക്കും ടിക്കറ്റ് നല്‍കി. മുസ്്‌ലിം ഭൂരിപക്ഷമണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതിനാല്‍ പട്ടികയില്‍ മുസ്‌ലിംകളെ അവഗണിക്കുന്നുണ്ടെന്ന് ഇതിനകം ന്യൂനപക്ഷ മോര്‍ച്ച ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."