അയല്‍പക്ക നയതന്ത്രത്തില്‍ പാകിസ്താന് മുന്‍ഗണനയെന്ന് ചൈന
ബെയ്ജിങ്: അയല്‍പക്ക നയതന്ത്രത്തില്‍ തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതു പാകിസ്താനാണെന്നു ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ ബന്ധമുണ്ടെന്നും ഇരുവര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ പരസ്പരം സഹകരിക്കുമെന്നും ഇസ്‌ലാമാബാദില്‍ നടന്ന ചൈന-പാക് യോഗത്തില്‍ ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കോങ് സുആന്യോ പറഞ്ഞു.
'ചൈന-പാക് സ്ട്രാറ്റജിക് ഡയലോഗ് ' എട്ടാമത് ഉദ്യോഗസ്ഥതല യോഗമാണ് ഇന്നലെ പാകിസ്താനില്‍ നടന്നത്. യോഗത്തില്‍ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവ, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂ കാങ് എന്നിവരും പങ്കെടുത്തു.
ഇതിനുശേഷം ബെയ്ജിങ്ങില്‍വച്ചാണ് ചൈനീസ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ചൈനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവേയുള്ള ചൈനയുടെ ഈ നിലപാട് ശ്രദ്ധേയമാണ്.
പാകിസ്താനു പ്രാധാന്യം നല്‍കുമെന്നും അവര്‍ തങ്ങളുടെ സുഹൃത്താണെന്നും പറഞ്ഞ ചൈന, രാജ്യത്തിന്റെ വികസനത്തിനൊപ്പം നല്ല അയല്‍ക്കാര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമായും അത് പാകിസ്താനാണെന്നു വിശദീകരിക്കുകയും ചെയ്തു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അടക്കം ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള പുതിയ പദ്ധതികള്‍ ആലോചിക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ റോഡുകള്‍, വ്യാപാര ബന്ധം, പ്രതിരോധ മേഖലയിലെ സഹകരണം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."