ഒടുവില്‍ മുഗാബെ യുഗത്തിന് അന്ത്യം
ഹരാരെ: സിംബാബ്‌വെയില്‍ 37 വര്‍ഷം നീണ്ട മുഗാബെ യുഗത്തിന് അന്ത്യം. പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഭരണകക്ഷിയുടെ നേതൃത്വത്തില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഒടുവില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയുള്ള രാജി.
കത്ത് സ്പീക്കര്‍ തന്നെ പാര്‍ല മെന്റില്‍ വായിച്ചു കേള്‍പ്പിച്ചു. ഇംപീച്ച്‌മെന്റ് നടപടികള്‍ ചര്‍ച്ച ചെയ്യാനായി നാഷനല്‍ അസംബ്ലിയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണ് രാജി പ്രഖ്യാപനം വന്നത്. അതോടെ, യോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാജിവിവരം പുറത്തുവന്നതോടെ രാജ്യവ്യാപകമായി വന്‍ ആഹ്ലാദപ്രകടനങ്ങളാണു തെരുവുകളിലും നഗരങ്ങളിലും നടക്കുന്നത്.
37 വര്‍ഷക്കാലം ഉരുക്കുമുഷ്ടിക്കു കീഴിലായിരുന്നു മുഗാബെ സിംബാബ്‌വെയെ ഭരിച്ചത്. 1980ല്‍ ബ്രിട്ടനില്‍നിന്നു രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം മുഗാബെ മാത്രമായിരുന്നു രാജ്യത്തെ നയിച്ചത്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഗറില്ലാ പോരാളി കൂടിയായിരുന്നു അദ്ദേഹം.
ആഴ്ചകള്‍ക്കു മുന്‍പ് മുന്‍ വൈസ് പ്രസിഡന്റ് എമ്മേഴ്‌സന്‍ നംഗാവയെ സ്ഥാനത്തുനിന്നു നീക്കിയതോടെയാണ് പുതിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കു തുടക്കമായത്. കഴിഞ്ഞ ബുധനാഴ്ച ഹരാരെയിലെ മുഗാബെയുടെ വസതി വളഞ്ഞ സൈന്യം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും ഭരണസിരാകേന്ദ്രങ്ങളുടെ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഭാര്യ ഗ്രെയ്‌സ് മുഗാബെയെ തന്റെ പകരക്കാരിയായി ഉയര്‍ത്താനുള്ള ശ്രമമാണ് മുഗാബെയ്ക്കു വിനയായത്. ഇതിനെതിരേ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിറകെയുണ്ടായ എമ്മേഴ്‌സന്റെ സ്ഥാനചലനം മുഗാബെയുടെ രാഷ്ട്രീയജീവിതത്തിനു തന്നെ തിരശ്ശീല കുറിക്കുന്നതായി.
നേരത്തെ, അനുവദിച്ച സമയം കഴിഞ്ഞിട്ടും രാജിക്കു സന്നദ്ധനാകാത്തതിനെ തുടര്‍ന്ന് മുഗാബെയെ ഇംപീച്ച് ചെയ്യാനായി ഇന്നലെ രാവിലെ സിംബാബ്‌വെ പാര്‍ലമെന്റ് ചേര്‍ന്നിരുന്നു. ഭരണകക്ഷിയായ സാനു-പി.എഫ് എം.പിമാരാണ് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നീക്കം അവതരിപ്പിച്ചത്. ഇതു പ്രതിപക്ഷവും പിന്താങ്ങി. രാവിലെ ആരംഭിച്ച പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്യാനായി പിന്നീട് പിരിഞ്ഞു. തുടര്‍ന്നാണു ദേശീയ അസംബ്ലിയുടെയും സെനറ്റിന്റെയും സംയുക്ത യോഗം ആരംഭിച്ചത്.
റോബര്‍ട്ട് മുഗാബെ
- 1924 ഫെബ്രുവരി 21ന് ജനനം
- 1964-74 : വെളുത്ത വംശജരുടെ ഭരണത്തിനെതിരേസമരം നയിച്ചതിന് റോഡേഷ്യന്‍ ഭരണകൂടം ജയിലിലടച്ചു
- 1974: സാനു-പി.എഫ് നേതാവായി
- 1980: സിംബാബ്‌വെക്ക് സ്വാതന്ത്ര്യം -സാനു പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ജയം-മുഗാബെ പ്രധാനമന്ത്രി
- 1987: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
- 2015: ആഫ്രിക്കന്‍ യൂനിയന്‍ ചെയര്‍മാനായി
- 2017 നവംബര്‍: വൈസ് പ്രസിഡന്റ് എമ്മേഴ്‌സനെ പുറത്താക്കി
- നവംബര്‍ 15: സൈന്യം വീട്ടുതടങ്കലിലാക്കി
- 21: പ്രസിഡന്റ് പദവി രാജിവച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."