മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; പെണ്‍കുട്ടികള്‍ക്കും റോള്‍ ബോള്‍ ഗെയിംസില്‍ പങ്കെടുക്കാനവസരം
തിരുവനന്തപുരം : ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ഈ വര്‍ഷത്തെ അണ്ടര്‍ 19 റോള്‍ ബോള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം. തിങ്കളാഴ്ച്ച രാത്രി 11.20ന് 12 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളും ടീം മാനേജര്‍മാരും പരിശീലകനും അടങ്ങുന്ന 27 അംഗ സംഘം ഛത്തീസ്ഗഡിലേക്ക് യാത്ര തിരിച്ചു. സംഘം ഇന്നു രാവിലെ ഛത്തീസ്ഗഡില്‍ എത്തും. വെള്ളിയാഴ്ച്ചയാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.
ഇന്നലെ ഉച്ച മുതല്‍ കുട്ടികളും റോള്‍ ബോള്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ഭാരവാഹികളും ഡി.പി.ഐ ഓഫിസിലും സെക്രട്ടേറിയറ്റിലും അനുമതി തേടി കയറിയിറങ്ങുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതന്റെ പിടിവാശിയാണ് കുട്ടികളെ വലച്ചത്. വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുകയും കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കാന്‍ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു ടീം മാനേജരില്‍ നിന്ന് എഴുതി വാങ്ങിയ ശേഷം ഡി.പി.ഐ അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിലെ മുണ്ടയാട് സ്റ്റേഡിയത്തില്‍ വച്ച് റോള്‍ ബോള്‍ ഗെയിംസില്‍ പങ്കെടുക്കേണ്ട അണ്ടര്‍ 19, അണ്ടര്‍ 17 സ്‌കൂള്‍ കുട്ടികളുടെ സെലക്ഷന്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ആണ്‍കുട്ടികളെ മാത്രമാണ് തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വ്യാഖ്യാനിച്ചാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ പെണ്‍കുട്ടികളെ ഒഴിവാക്കിയത്. സെലക്ഷനില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളിലെയെങ്കിലും പ്രാതിനിധ്യം ഉണ്ടാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
പെണ്‍കുട്ടികളില്‍ ഈ പ്രാതിനിധ്യം ഉണ്ടായില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. വിവിധ ജില്ലകളില്‍ നിന്ന് യാത്ര ചെയ്ത് കണ്ണൂരിലെത്തിയിട്ടും അവസരം നിഷേധിക്കപ്പെട്ടത് കുട്ടികളെ വിഷമത്തിലാക്കിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ കുട്ടികളും അസോസിയേഷന്‍ ഭാരവാഹികളും തലസ്ഥാനത്തെത്തി. മാധ്യമ പ്രവര്‍ത്തകരോടും മുഖ്യമന്ത്രിയുടെ ഓഫിസിലും വിഷയം അറിയിച്ചു. തുടര്‍ന്നാണ് ആശങ്കയ്ക്ക് പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."