മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. നിര്‍ബന്ധിച്ച് പ്രതികരണം എടുക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വതന്ത്രമായി വാര്‍ത്താ ശേഖരണം നടത്താനുള്ള സൗകര്യവും സാഹചര്യവുമൊരുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ മാധ്യമങ്ങളെ തന്റെ ഓഫിസ് ഇടപെട്ട് തടഞ്ഞുവെന്ന വാര്‍ത്ത സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ് ആന്റണി കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടേറിയറ്റ് വളപ്പില്‍ കടക്കാന്‍ അനുവദിച്ചിരുന്നില്ല. ഡി.എസ്.എന്‍.ജി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് ഗെയിറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് ഗേറ്റില്‍ തടഞ്ഞതെന്നായിരുന്നു പൊലിസിന്റെ വിശദീകരണം.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചിത്രം പിന്നീട് പി.ആര്‍.ഡി വഴി മാധ്യമങ്ങള്‍ക്ക് നല്‍കി. സാധാരണ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താഴെ വരെ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാറുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണ വേളയിലും ഇത് പാലിക്കപ്പെട്ടിരുന്നു.
ഇടതുമന്ത്രിസഭയിലെ ഒരു മന്ത്രിയുടെ രാജിക്ക് വഴിയൊരുക്കിയ കേസിലെ നിര്‍ണായകമായ ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് അസാധാരണ സാഹചര്യമായാണ് വിലയിരുത്തപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."