നടിയെ ആക്രമിച്ച കേസ്: ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഉച്ചയോടെ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ രണ്ടു പേര് മാപ്പുസാക്ഷിയാകും. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്കിയ വിപിന്‍ ലാലും സുനിയെെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പൊലിസുകാരന് അനീഷുമാണ് മാപ്പു സാക്ഷികള്‍. ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടന് ദിലീപ് എട്ടാം പ്രതിയാണ്.
ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമാണ് ഇപ്പോള്‍ സമർപ്പിച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സര്‍ സുനിയും ചേര്‍ന്നാണെന്ന് കുറ്റപത്രം പറയുന്നു. മറ്റുള്ളവര്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിനുശേഷം പ്രതിക്ക് ഒളിവില്‍കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്തവരുമാണ്.
കേസില്‍ മുന്നോറോളം സാക്ഷികളാണുള്ളത്. ഇതില്‍ 20 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 450 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി ആക്ട് ഉള്‍പ്പെടെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."