റോഹിങ്ക്യകളോട് മ്യാന്മര്‍ ചെയ്യുന്നത്
മ്യാന്മറില്‍ നിന്നും ക്രൂര പീഡനങ്ങള്‍ മൂലം ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കുടിയേറ്റം ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. മ്യാന്മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും ചേര്‍ന്ന് റോഹിങ്ക്യകളെ ജീവനോടെ കത്തിച്ചും അടിച്ചു വെടിവച്ചും അരുംകൊല ചെയ്ത് വംശീയ ഉന്മൂലനം നടത്തുകയാണ്. മ്യാന്മറിന്റെ ഈ നരനായാട്ട് കണ്ട ഭാവം നടിക്കാതെ മൗനം തുടരുകയാണ് അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങള്‍.
പേരിനെങ്കിലും ആശ്വാസമായി റോഹിങ്ക്യന്‍ വിഷയത്തില്‍ ഇടപെടുന്നത് യു.എന്നും ആംനസ്റ്റി ഇന്റര്‍നാഷണലുമാണ്.
വര്‍ഗ്ഗ വിവേചനമാണ് മ്യാന്മര്‍ റോഹിങ്ക്യകളോട് കാണിക്കുന്നതെന്നാണ് അവസാനമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റോഹിങ്ക്യകളുടെ പ്രശ്‌നത്തെക്കുറിച്ച് പഠിക്കുകയായിരുന്നു.
2017 ഓഗസ്റ്റ് മുതല്‍ ആറു ലക്ഷം റോഹിങ്ക്യകളാണ് ഇതിനോടകം അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് കടന്നത്.
യൂറോപ്പിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
മ്യാന്മറിലെ ബുദ്ധ സന്യാസികളെ കൊന്നു എന്നാരോപിച്ചാണ് മ്യാന്മര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള കൂട്ടക്കുരുതി ആരംഭിച്ചത്. പിന്നീടങ്ങോട്ട് മേഖലയിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ,സാമ്പത്തിക അരക്ഷിതാവസ്ഥക്ക് ഇത് ഇടയാക്കി.
ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല, മാര്‍ക്കറ്റില്‍ പോയി ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അനുമതിയില്ല,കുട്ടികളെ സ്‌കൂളിലേക്കയാക്കന്‍ പാടില്ല,നാടു വിട്ടു മറ്റൊരു സ്ഥലത്തേക്കു പോകാനും അനുമതിയില്ല. ഇതെല്ലാമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഇന്ന് മ്യാന്മറില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അത് താന്‍ വിശ്വസിച്ച മതത്തിന്റെയും താന്‍ ജീവിക്കുന്ന വംശത്തിന്റെയും പേരില്‍ മാത്രമാണ് എന്നറിയുമ്പോഴാണ് മ്യാന്മറിലെ ക്രൂരതയുടെ ആഴം നാം മനസ്സിലാക്കുക.
ദുരന്ത ഭൂമിയില്‍ നിന്നും കൈയില്‍ കിട്ടിയതും കൊണ്ട് ജീവന്‍ പണയം വച്ച് രക്ഷപ്പെടുന്നതിനിടയില്‍ ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. വീപ്പകള്‍ തമ്മില്‍ കെട്ടിയുണ്ടാക്കിയ വള്ളങ്ങളിലാണ് ഇവര്‍ ബംഗ്ലാദേശിലേക്ക് പോകാനായി കടല്‍ കടക്കുന്നത്. അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയും ബോട്ടിനു നേരെ ആക്രമണം അരങ്ങേറുന്നതും ദിനേന നാം കാണുന്നുണ്ട്.
മാത്രമല്ല, ഇവരുടെ കുടിലുകള്‍ ഒന്നടങ്കം കത്തിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ മര്‍ദിച്ച് കൊലപ്പെടുത്തിയും മ്യാന്മര്‍ സൈന്യം അരിശം തീര്‍ക്കുകയാണ്.
മുന്‍ നൊബേല്‍ സമ്മാനജേതാവ് ആങ്‌സാന്‍ സൂകിയുടെ കണ്‍മുന്നില്‍ വച്ചാണ് ഈ ക്രൂരതയെല്ലാം അരങ്ങേറുന്നത്. എന്നിട്ടും വിഷയത്തില്‍ ഇടപെടാന്‍ സൂകി തയാറായില്ല എന്നതു തന്നെ ഒരു വംശത്തോട് ലോകം കാണിക്കുന്ന വിവേചനത്തിന്റെ ഭീകരതയാണ് ചൂണ്ടിക്കാണിക്കുന്നത്. പിറന്ന നാട്ടില്‍ ജീവിക്കാനാവാതെ ജീവന്‍ പണയം വച്ച് ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യകളുടെ ഓട്ടം തുടരുകയാണ്.
കടപ്പാട്: അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."