ജി.എസ്.ടി പുലിവാലായോ
ജി.എസ്.ടിക്കും നോട്ടുനിരോധനത്തിന്റെ അതേ ഗതിയാണ്. തിടുക്കപ്പെട്ടു നടപ്പാക്കി. അതുകഴിഞ്ഞ് അബദ്ധങ്ങളും പിഴവുകളും തിരുത്താനുള്ള പുതിയ പുതിയ ഭേദഗതികള്‍ കൊണ്ടുവരികയാണ്.
ചരക്കുസേവന നികുതി എന്ന നല്ല പേരിലാണ് അതു നാട്ടില്‍ പ്രചാരത്തിലായത്. എന്നാല്‍, നല്ലതും ലളിതവുമായ (ഗുഡ് ആന്റ് സിംപിള്‍) നികുതി നിരക്ക് എന്ന പേരില്‍ വന്ന ജി.എസ്.ടിയെ എങ്ങനെ സമീപിക്കണമെന്നറിയാതെ എല്ലാവരും ഇരുട്ടില്‍ത്തപ്പുകയാണ്.
പ്രധാനപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി അതിനെ വിശേഷിപ്പിച്ചത് ഗബ്ബര്‍സിങ് ടാക്‌സ് എന്നാണ്. പല ഭാഷകളിലായി ഇറങ്ങിയതാണു ഗബ്ബര്‍സിങ് എന്ന ചലച്ചിത്രം. രാഷ്ട്രീയത്തിലേയ്ക്കു കടന്നുവന്ന് എല്ലാം കുളമാക്കിയ പൊലിസുകാരന്റെ കഥയാണത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഏഴാംമാസത്തില്‍ ഒരേയൊരിന്ത്യ ഒരൊറ്റ നികുതി എന്നു പറഞ്ഞുകൊണ്ടാണ് ഈ വഴിക്കു നീങ്ങിയത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ജി.എസ്.ടി ബില്ലിന് 2016 ഏപ്രില്‍ ഒന്നു മുതല്‍ നിയമപ്രാബല്യം ലഭിക്കുകയും ചെയ്തു.
എന്നാല്‍, ലോകവിഡ്ഢിദിനത്തില്‍ നിലവില്‍വന്ന ബില്ല് ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നു കൂടെക്കൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വിലകുറയുമെന്ന പ്രഖ്യാപനത്തോടെ നടപ്പാക്കിയ ജി.എസ്.ടി കാരണം മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടുകയാണു ചെയ്തത്. ശരിയായ നിരക്കെത്രയെന്ന് അറിയാന്‍ കഴിയാത്ത ഉപഭോക്താവ് ബില്ലില്‍ കാണുന്ന തുക കൊടുക്കാന്‍ വിധിക്കപ്പെടുന്നു.
അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നാലു നിരക്കുകള്‍ വച്ചായിരുന്നു തുടക്കം. അഴിമതിരഹിത നികുതിശേഖരണ പ്രക്രിയ എന്നുപറഞ്ഞ് ആരംഭിച്ച ജി.എസ്.ടി പിരിവ് ഉപഭോക്താവിന്റെ കീശകീറുന്ന പകല്‍ക്കൊള്ളയായി. മൊബൈല്‍ ബില്ല് മുതല്‍ ഹോട്ടല്‍ ബില്ല് വരെയുള്ളവയിലൂടെ കോടിക്കണക്കിനു രൂപയുടെ പിടിച്ചുപറിയാണു നടക്കുന്നത്.
അറിയാതെ കുടുംബസമേതം എ.സി ഹോട്ടലില്‍ കയറിക്കഴിഞ്ഞാല്‍ പെട്ടതു തന്നെ. 1000 രൂപയ്ക്കു ഭക്ഷണം കഴിച്ചാല്‍ 139 രൂപ അധികം നല്‍കണം. ഹോട്ടലിന്റെ ഏതെങ്കിലും ഭാഗത്ത് കാലപ്പഴക്കം വന്ന എ.സിയുണ്ടെങ്കിലും അതിന്റെ പരിധിയിലൊന്നും പെടാതെ ഇരിക്കുന്നവരില്‍നിന്നും അതേ തുക പിഴിയും. ജി.എസ്.ടി പരിധിയില്‍ വരാത്തവരും ജി.എസ്.ടി രജിസ്‌ട്രേഷനില്ലാത്തവരുമായ പലരും ജി.എസ്.ടി കൊയ്ത്തിന്റെ കാര്യത്തില്‍ രംഗത്തുണ്ടായി.
തങ്ങളെ ചതിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ഉപഭോക്താക്കള്‍ പരാതിയുമായി കേന്ദ്രത്തെ സമീപിച്ചിപ്പോള്‍ ജി.എസ്.ടി കാര്യത്തില്‍ നടപടിയെടുക്കേണ്ട കമ്മിറ്റി ഇതേവരെ രൂപീകരിച്ചിട്ടില്ലെന്ന മറുപടിയാണു കിട്ടിയത്. ഈ മറുപടിയാണു തനിക്കും കിട്ടിയതെന്നു സംസ്ഥാന ധനമന്ത്രിയും പറയുന്നു.
ജി.എസ്.ടിയെയും ഹോട്ടല്‍ വിലവര്‍ധനയെയും എതിര്‍ത്തിരുന്ന ഭരണാധികാരികളും അവരെ അനുകൂലിക്കുന്ന തൊഴിലാളി സംഘടനകളും അതൊക്കെ നടപ്പായപ്പോള്‍ ചെറുവിരലുപോലും അനക്കിയില്ല. പെട്രോളിന് ഒരു രൂപ കൂടിയാല്‍പ്പോലും ബന്ദും ഹര്‍ത്താലും പ്രഖ്യാപിച്ചവരെയും മഷിയിട്ടു നോക്കിയിട്ടും കണ്ടതുമില്ല.
വിപ്ലവാത്മകമെന്നു വിശേഷിപ്പിക്കപ്പെട്ട ജി.എസ്.ടി കാരണം അനൗപചാരികമായി നടന്ന സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലേയ്ക്കു വരുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. പ്രത്യക്ഷനികുതി പിരിവു ഗണ്യമായി കൂടുന്നതോടെ സാമ്പത്തിക വളര്‍ച്ചാനിരക്കും വര്‍ധിക്കുമെന്നും ലളിതമായ നികുതിനിരക്കുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും ഗണിച്ചു എല്ലാ മേഖലകളിലും നിരക്കു കൂട്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചുമില്ല.
നോട്ടുകളുടെ അസാധുവല്‍ക്കരണം സൃഷ്ടിച്ച നൂലാമാലകളില്‍നിന്നു രാജ്യം ഇനിയും രക്ഷപ്പെട്ടിട്ടില്ല. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആറുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ചെറിയ ഉള്ളി, സവാള, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്‌ക്കൊക്കെയും പിടിച്ചാല്‍ കിട്ടാത്ത വിലയായി. കാലാവസ്ഥ കൃഷിയെ ചതിച്ച കാരണം നിരത്തി ഭരണകൂടങ്ങള്‍ കൈകഴുകി.
മോദിയുടെയും അമിത്ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നോട്ടും ജി.എസ്.ടിയും നടപ്പാക്കിയതു മൂലം 9000 കോടി രൂപ നഷ്ടമായെന്നു സംസ്ഥാന ധനമന്ത്രി സൗരഭ് പട്ടേല്‍ വെളിപ്പെടുത്തിയതോടെ കള്ളി പൊളിഞ്ഞിരിക്കുന്നു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തു തുടരുകയായിരുന്നെങ്കില്‍ അവിടെ ജി.എസ്.ടിയെ എതിര്‍ക്കുമായിരുന്നെന്ന് ഇതില്‍നിന്നു വ്യക്തം.
സിഗരറ്റിനു വീണ്ടും സെസ് ചുമത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഐ.ടി.സി ഓഹരിയുടെ വില 15 ശതമാനം താഴുകയും വ്യാപാരം ആരംഭിച്ച് അരമണിക്കൂറിനകം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് 7000 കോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഐ.ടി.സിയുടെ 16.29 ശതമാനം ഓഹരികളാണ് എല്‍.ഐ.സിയുടെ കൈവശമുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നഷ്ടം പതിനായിരം കോടി രൂപ കവിയുമത്രേ.
ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം വര്‍ഷന്തോറും വര്‍ധിക്കുകയാണെന്ന ക്രെഡിറ്റ് സ്വിസ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴാണു നോട്ട് അസാധുവല്‍ക്കരണത്തിനു പിന്നാലെ ജി.എസ്.ടിയും വന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തില്‍നിന്ന് വര്‍ഷം 2022 ആവുമ്പോഴേക്കും മൂന്നേമുക്കാല്‍ ലക്ഷം ആവുമെന്നാണു കണക്ക്. സമ്പത്തു മുഴുവന്‍ എട്ടുശതമാനം പേരില്‍ കേന്ദ്രീകരിക്കുമെന്നും ഇന്ത്യയുടെ 92 ശതമാനം പേരും ദരിദ്രരായി കഴിയുമെന്നും അര്‍ഥം.
ഈ കണക്കൊന്നും വിശ്വസിക്കാന്‍ തയ്യാറില്ലാത്തവര്‍ ഇക്കഴിഞ്ഞ നവംബര്‍ 16 നു പത്രങ്ങളില്‍ വന്ന മീററ്റ് റിപ്പോര്‍ട്ട് വായിക്കട്ടെ. കൈയില്‍ അന്ത്യോദയ കാര്‍ഡുണ്ടായിട്ടും ഉത്തര്‍പ്രദേശിലെ ബറേലിയില്‍ അമ്പതുവയസ്സായ ഒരു പാവപ്പെട്ട സ്ത്രീക്ക് റേഷന്‍പോലും നിഷേധിക്കപ്പെട്ടു. പനിപിടിച്ചു അഞ്ചുദിവസം എഴുന്നേല്‍ക്കാനാവാതെ കിടന്ന അവര്‍ പട്ടിണിമൂലം മരിച്ചു.
പതിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ചരക്കുസേവന നികുതിയുടെ ഗുണദോഷങ്ങള്‍ പഠിക്കാന്‍ വിജയ കേല്‍ക്കര്‍ അധ്യക്ഷനായ സമിതി രൂപവല്‍ക്കരിച്ചിരുന്നു. അവരുടെ ശുപാര്‍ശകള്‍പോലും പഠിക്കാതെയാണു മോദി സര്‍ക്കാര്‍ ജി.എസ്.ടി പ്രഖ്യാപനത്തിലേയ്ക്ക് എടുത്തുചാടിയത്.
സൂക്ഷ്മവശങ്ങള്‍ കണക്കിലെടുക്കാതെ ധൃതിപ്പെട്ടെടുത്ത തീരുമാനം സാമ്പത്തികരംഗത്തെ ക്ഷീണിപ്പിച്ചുവെന്നു വൈകിയെങ്കിലും അധികൃതര്‍ മനസ്സിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ അതിന്റെ പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയരംഗത്തും പ്രതിഫലിക്കുമെന്ന തോന്നലാണതിനു കാരണം. മൊത്തം 178 ഇനങ്ങളില്‍ ജി.എസ്.ടി ഇളവു പ്രഖ്യാപിക്കുകയും ചെയ്തു.
വ്യാപകമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍നിന്നു 18 ആക്കി കുറക്കാന്‍ തീരുമാനിച്ചതോടെ ഇനി ആഡംബര നികുതി 50 ഉല്‍പ്പന്നങ്ങള്‍ക്കു മാത്രമാകും. ആറുല്‍പ്പന്നങ്ങളുടെ നികുതി 12ല്‍നിന്ന് അഞ്ചാക്കിയും കാലിത്തീറ്റ, ഉണക്കമീന്‍ തുടങ്ങി ആറിനങ്ങളുടെ അഞ്ചുശതമാനം തീരെ ഒഴിവാക്കുകയും ചെയ്യും. എന്നാല്‍, ഇതോടെ രാജ്യത്തിന്റെ വാര്‍ഷികവരുമാനം മൊത്തം 20,000 കോടി രൂപ കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഹോട്ടലുകള്‍ എ.സിയില്‍ 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവുമായി ജനങ്ങളുടെ വയറ്റത്തടിച്ചുകൊണ്ടിരിക്കുകയാണ്. ജി.എസ്.ടി കൗണ്‍സില്‍ ഗുവാഹത്തിയില്‍ യോഗം ചേര്‍ന്ന് അത് അഞ്ചു ശതമാനമാക്കി കുയ്‌റക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാപകമായി ഉപയോഗിക്കുന്ന 178 ഉല്‍പ്പന്നങ്ങളുടെ നികുതി 28ല്‍നിന്ന് 18 ആയി കുറച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായി.
എന്നാല്‍, ഒരാഴ്ചക്കുശേഷവും വിലക്കുറവു ജനങ്ങളില്‍ എത്തുന്നില്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുണ്ടായി. അതേത്തുടര്‍ന്നാണു നടപടികളില്‍ വീഴ്ചവരുത്തുന്ന വ്യാപാരികളില്‍നിന്നു പിഴയീടാക്കാനുള്ള വ്യവസ്ഥകളോടെ അമിതലാഭവിരുദ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ജി.എസ്.ടിയുടെ കാര്യത്തില്‍ ഏകീകൃത നികുതി സമ്പ്രദായം പ്രായോഗികമല്ലെന്നും ഇപ്പോള്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. ഭാവിയില്‍ ചില പരിഷ്‌കാരങ്ങള്‍ ഉണ്ടായിക്കൂടെന്നില്ലെന്നും പരിഷ്‌കാരങ്ങളും ലഘൂകരണവും അനുയോജ്യമായ തരത്തില്‍ എല്ലായിപ്പോഴും തുടരുമെന്നും അദ്ദേഹം പറയുന്നു. 135 കോടി ജനതയെ അദ്ദേഹത്തിന്റെ ഭരണകൂടം ഏപ്രില്‍ ഫൂളുകളാക്കുകയായിരുന്നോ.
ഇതിനിടയില്‍ അമേരിക്കയില്‍ ആസ്ഥാനമായ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് 13 വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ സാമ്പത്തികസമിതിയെ ഒരുപടി ഉയര്‍ത്തിയെന്ന വാര്‍ത്ത വന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനടപടികള്‍ക്കുള്ള അംഗീകാരമായി പ്രധാനമന്ത്രിയും ധനമന്ത്രിയും ഇത് അവകാശപ്പെടുകയും ചെയ്തു. ഇതേസമയം നോട്ടുനിരോധനവും ജി.എസ്.ടിയും മുന്നാലോചനയില്ലാതെ നടപ്പാക്കിയതു വളര്‍ച്ചാനിരക്ക് അഞ്ചരശതമാനത്തിലേയ്ക്കു കൂപ്പുകുത്തിയതിനെ പത്തുലക്ഷം രൂപയുടെ സ്യൂട്ട് ഇട്ടുനടക്കാന്‍ ധൈര്യപ്പെട്ട പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ധനമന്ത്രിയോ കാണുന്നില്ല.
ഡല്‍ഹിയെയും മുംബൈയെയും മാത്രം അടിസ്ഥാനമാക്കി പഠനം നടത്തിയ വ്യവസായികളും നിക്ഷേപകരും കൂടുതല്‍ നേട്ടങ്ങള്‍ കരസ്തമാക്കിയെന്നു മൂഡിസ് ക്രെഡിറ്റിങ് റേറ്റ് പറയുന്നതിനര്‍ഥം, സാധാരണക്കാര്‍ക്ക് തിരിച്ചടിയായി എന്നുതന്നെയല്ലേ. ഇതിനും ഭരിക്കുന്നവരില്‍നിന്ന് ഉത്തരമില്ല. ഖനി മുതല്‍ വെള്ളം വരെ സ്വകാര്യമേഖലയുടെ കടന്നുകയറ്റം നടക്കുന്ന അവസരത്തിലാണ് ഈ അവകാശവാദങ്ങളൊക്കെയും.
രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഈ വര്‍ഷം 6.7 ശതമാനമായിരിക്കുമെന്ന മുഡിസ് സര്‍വേ 2015-16ല്‍ ഇത് എട്ടു ശതമാനമായിരുന്നുവെന്നത് സൗകര്യപ്രദമായി മറന്നതും നമ്മുടെ ഭരണാധികാരികള്‍ കാണുന്നില്ല. അശാസ്ത്രീയമായ രീതിയിലാണു മുഡിസ് റേറ്റിങ് തയ്യാറാക്കുന്നതെന്നു കാണിച്ചു മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് റിപ്പോര്‍ട്ട് ചെയ്തത് അംഗീകരിക്കുകപോലും ചെയ്ത മോദി സര്‍ക്കാര്‍ ഇന്നു മൂഡിസ് റേറ്റിങിനെ പൊക്കിപ്പിടിച്ചു നടക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."