ശാസ്ത്ര- സാങ്കേതിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
\തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുന്ന വിഭവശേഷി വികസനത്തിനു മുന്‍ഗണന നല്‍കുന്ന ശാസ്ത്ര-സാങ്കേതിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രകൃതിവിഭവങ്ങളുടെ പരിപാലനം, കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കല്‍, ജലസുരക്ഷ, പുനരുപയോഗം സാധ്യമാകുന്ന ഊര്‍ജസ്രോതസുകള്‍, ജൈവവൈവിധ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നതാണ് നയം.
ശാസ്ത്രഗവേഷണത്തിന്റെ അന്തിമ ഫലങ്ങള്‍ സമൂഹനന്മയ്ക്ക് ഉതകും വിധം പ്രയോഗിക്കുന്നതിനുള്ള നിലവിലെ പരിമിതികള്‍ മറികടക്കണമെന്ന് നയത്തില്‍ പറയുന്നു. കരഭൂമി, ജലസ്രോതസ്, വനം എന്നിവയുടെ സുസ്ഥിരവും പൂര്‍ണവുമായ ഉപയോഗം സാധ്യമാക്കുന്ന തരത്തില്‍ ഇടപെടല്‍ വേണം. അതിനുസൃതമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം.
രാജ്യത്തിന് പുറത്ത് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ സംഭവിച്ച വളര്‍ച്ചയുടെയും വികാസത്തിന്റെയും നല്ല വശങ്ങള്‍ സ്വാംശീകരിക്കാന്‍ ദേശീയവും അന്തര്‍ദേശീയവുമായ സാങ്കേതിക വളര്‍ച്ചാനേട്ടങ്ങളെ പ്രയോജനപ്പെടുത്താനുള്ള ശൃംഖലാ സംവിധാനത്തിനു രൂപം നല്‍കണം. ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ക്കും ഇത്തരം അറിവുകള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളുണ്ടാക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് മൂല്യം ഉയര്‍ത്താനായി വിദേശ സര്‍വകലാശാലകളുമായുള്ള അക്കാദമിക് ബന്ധം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചണ്ട് സാങ്കേതിക രംഗത്തെ തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ ഇന്റേണ്‍ഷിപ്പ് പരിശീലനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തണം. പുതിയവയ്ക്കു തുടക്കമിടണമെന്നും നയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."