മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്ത നടപടിക്ക് അംഗീകാരം: കാനം
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്ന നടപടിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിനു മുന്‍പ് ചേര്‍ന്ന ഇടതുമുന്നണി യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അദ്ദേഹത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതിനുശേഷമാണു ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. അത് അനുചിതമായത് കൊണ്ടാണു സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നും കാനം പറഞ്ഞു.
സി.പി.ഐക്കെതിരേ സി.പി.എം നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല. 1964 മുതല്‍ തങ്ങളിതു കേള്‍ക്കുന്നുണ്ട്. ഇടതുമുന്നണിക്ക് ഒരു പ്രകടന പത്രികയുണ്ട്. അതനുസരിച്ചാണു സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. അതിനെതിരേ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്നണി മര്യാദയുടെ ലംഘനമാകൂ. മന്ത്രി എം.എം മണിയും ആനത്തലവട്ടം ആനന്ദനും സി.പി.ഐക്കെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനമാണു സി.പി.ഐ നടത്തുന്നതെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."