പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസം. 15ന് തുടങ്ങിയേക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് തുടങ്ങിയേക്കും. അടുത്ത വര്‍ഷം ജനുവരി അഞ്ചുവരെ സമ്മേളനം നീണ്ടുനില്‍ക്കുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് സമ്മേളനം വൈകിപ്പിക്കുന്നതെന്ന കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് ഡിസംബര്‍ 15ന് സമ്മേളനം തുടങ്ങിയേക്കുമെന്ന വിവരം പുറത്തുവന്നത്. ഡിസംബര്‍ 9, 14 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ നിരവധി പ്രശ്നങ്ങളാണ് സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരിക. സാധാരണ നിലയില്‍ നവംബറിലെ മൂന്നാമത്തെ ആഴ്ചയില്‍ തുടങ്ങുന്ന ശൈത്യകാല സമ്മേളനം ഡിസംബറിലെ മൂന്നാമത്തെ ആഴ്ചയിലായിരിക്കും അവസാനിക്കുക.
എന്നാല്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ജി.എസ്.ടി, അമിത് ഷായുടെ മകന് ജെയ് ഷായുടെ കമ്പനിയുടെ അനധികൃത സമ്പാദ്യം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയേക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം കരുതിക്കൂട്ടി വൈകിപ്പിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളി. നേരത്തെയും ശീതകാല സമ്മേളനം വൈകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."