ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി:ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 18 വയസ് ആകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഭിന്നശേഷിക്കാരായവരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം സംബന്ധിച്ച അവലോകന യോഗത്തിലാണ് മാനവ വിഭവ ശേഷി മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. കുട്ടികള്‍ക്ക് ക്ലാസ് മുറികളിലും പുറത്തും പഠനത്തിനുള്ള അന്തരീക്ഷം ഉറപ്പാക്കണം. മറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് ഇവരെ ഒരു കാരണവശാലും അകറ്റി നിര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പഠനവിഷയങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്ക് പരീക്ഷക്ക് കൂടുതല്‍ സമയം അനുവദിക്കണം.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ പല സ്‌കൂളുകളും മടികാണിക്കുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇതിനുള്ള കാരണം ഇവര്‍ക്കായി നടപ്പാക്കിയ നിയമത്തിലെ ചില വ്യവസ്ഥകള്‍ കാര്യക്ഷമമല്ലെന്നതുകൊണ്ടാണ്.
ഇക്കാര്യത്തില്‍ ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 2016ല്‍ നടപ്പാക്കിയ നിയമത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് ആവശ്യമായ അധ്യാപകരും പരിശീലന സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."