ബി.ജെ.പി പ്രഥമ ശത്രു; പിന്തുണ കോണ്‍ഗ്രസിനെന്ന് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: സീറ്റ് തര്‍ക്കത്തെ ചൊല്ലി വിവാദങ്ങള്‍ നിലനില്‍ക്കേ തെരഞ്ഞെടുപ്പില്‍ പിന്തുണ കോണ്‍ഗ്രസിനെന്ന് പട്ടീദാര്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കികൊണ്ട് അദ്ദേഹം ഇന്നലെ അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
പട്ടേല്‍ സമുദായത്തിന് സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് അവരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പട്ടിക ജാതി-പട്ടിക വര്‍ഗ സമുദായങ്ങള്‍ക്കും ഒ.ബി.സിയ്ക്കും നിലവില്‍ നല്‍കിവരുന്ന സംവരണ രീതിയില്‍ പട്ടേല്‍ സമുദായത്തിനും 50 ശതമാനം സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്തും. തുടര്‍ന്ന് ഇതുസംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.
ഗുജറാത്തില്‍ തന്റെ യുദ്ധം ബി.ജെ.പിയ്‌ക്കെതിരേയാണ്. അവരാണ് തങ്ങളുടെ പ്രഥമ ശത്രു. തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസുമായി സഖ്യമുള്ളത്. തെരഞ്ഞെടുപ്പ് സഹകരണമല്ലാതെ അവരുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു തരത്തിലുള്ള സഹകരണവും പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടേല്‍ സമുദായത്തിന്റെ ആവശ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്തതാണെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.
പട്ടേല്‍ സമുദായം ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമല്ല, അതുകൊണ്ടുതന്നെ സംവരണ വിരുദ്ധരായ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുതെന്ന് താന്‍ എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."