കോണ്‍ഗ്രസില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് കിട്ടുന്നത് അവഗണന മാത്രം
അഹമ്മദാബാദ്: മലയാളി മുസ്്‌ലിംകളുടെ ആരാധനാരീതിയില്‍ നിന്ന് വ്യത്യസ്തമാണ് ഉത്തരേന്ത്യന്‍ മുസ്്‌ലിംകളുടേത്. അതുകൊണ്ടുതന്നെയാണ് അഹമ്മദാബാദ് റെയില്‍വേസ്റ്റഷന് 300 മീറ്റര്‍ അകലെയുള്ള പഴക്കം ചെന്നൊരു പള്ളിയില്‍ കയറിയതുമുതല്‍ പലകണ്ണുകളും വട്ടംചുറ്റിക്കൊണ്ടിരുന്നത്. അതില്‍ നിന്നു പരിചയക്കാരനായ സുഹൃത്തിനെപ്പോലെ ചിരിച്ചുകാണിച്ച ബി.ബി.എ വിദ്യാര്‍ഥിയായ സഹീര്‍ശൈഖിനെ പരിചയപ്പെട്ടത് വലിയ മുതല്‍ക്കൂട്ടായി. കോളജ് പഠനം കഴിഞ്ഞാല്‍ നഗരത്തിലെ ഇലക്ട്രോണിക്‌സ് കടയില്‍ പിതാവിനെ സഹായിക്കലാണ് സഹീറിന്റെ ജോലി. രാജ്യത്തെ വലിയ വ്യവസായ നഗരങ്ങളിലൊന്നായ അഹമ്മദാബാദില്‍ ഭൂരിഭാഗം മുസ്്‌ലിംകളുടെയും ഉപജീവനമാര്‍ഗം വ്യാപാരം തന്നെയാണ്.
കേരളം, നരേന്ദ്രമോദി, മുസ്്‌ലിം തുടങ്ങിയ വാക്കുകള്‍ ഇടയ്ക്കിടെ സംസാരത്തിനിടെ വന്നതിനാലാകണം പള്ളിക്കു പുറത്ത് വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന മൂന്നുനാലുമധ്യവയസ്‌കരും ചുറ്റുംകൂടി. ഉത്തര്‍പ്രദേശിലെ മുസ്്‌ലിംകളെപ്പോലെ ഒരുകാലത്ത് കോണ്‍ഗ്രസിനെ പോറ്റിവളര്‍ത്തിയവരാണ് ഗുജറാത്തിലെ മുസ്്‌ലിംകളെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു. കോണ്‍ഗ്രസ് പയറ്റുന്നത് മൃദുഹിന്ദുത്വമാണെന്ന അഭിപ്രായത്തോട് ഇവര്‍ക്കാര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് മനപ്പൂര്‍വം മുസ്്‌ലിംകളെ അകറ്റുകയാണ്. 12 ശതമാനമുള്ള പട്ടേല്‍ വിഭാഗത്തിനു ലഭിക്കുന്ന പരിഗണനയുടെ നാലിലൊന്നു പോലും മുസ്്‌ലിംകള്‍ക്ക് നല്‍കുന്നില്ല. കഴിഞ്ഞദിവസം പുറത്തിറക്കിയ 77 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാഥി പട്ടികയില്‍ മുസ്്‌ലിം സ്ഥാനാര്‍ഥിയായി ഒരാള്‍ മാത്രമാണുള്ളത്. ബി.ജെ.പിയെ പ്രതിരോധിക്കാനും മുസ്്‌ലിംകളെ സംരക്ഷിക്കാനും കോണ്‍ഗ്രസ് തയാറാകുന്നില്ല. ഇപ്പോഴും അങ്ങനെതന്നെയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ഗുജറാത്തിലെ മുസ്്‌ലിംകള്‍ എന്നും കോണ്‍ഗ്രസിന്റെ കരുത്തായിരുന്നു. എന്നാല്‍ രണ്ടുപതിറ്റാണ്ടായുള്ള അവഗണനമൂലം പലരും അവരില്‍ നിന്നകന്നു.
നേതൃത്വത്തിലേക്കു പഴയതുപോലെ മുസ്‌ലിംകള്‍ വരുന്നില്ലെന്ന അഭിപ്രായത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ചൂണ്ടിക്കാണിച്ചപ്പോള്‍, ഒരുപക്ഷേ അദ്ദേഹമാകാം ഗുജറാത്തില്‍ നിന്നുള്ള അവസാന എം.പിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ അവഗണനമൂലം ചില രണ്ടാംനിര നേതാക്കള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."