പൂനെയെ വീഴ്ത്തി ഡല്‍ഹി
പൂനെ: മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ 3-2ന് കീഴടക്കി ഡല്‍ഹി ഡൈനാമോസ് ഐ.എസ്.എല്‍ നാലാം സീസണില്‍ വിജയത്തുടക്കമിട്ടു.
ഇഞ്ചോടിഞ്ച് പൊരുതി സമനില സ്വന്തമാക്കാന്‍ പൂനെ അവസാനം വരെ ശ്രമിച്ചെങ്കിലും സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങാനായിരുന്നു അവരുടെ യോഗം. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്ന് മത്സരം ആവേശക്കൊടുമുടി കയറിയത്. ഡല്‍ഹിക്കായി പൗലീഞ്ഞോ ഡയസ്, ലാലിയന്‍സുല ചങ്‌തെ, മത്യാസ് മിരബജെ എന്നിവരാണ് ഗോള്‍ നേടിയത്. പൂനെയുടെ ആശ്വാസ ഗോള്‍ എമിലിയാനോ ആല്‍ഫരോ, മാര്‍ക്കോസ് ടബര്‍ എന്നിവര്‍ നേടി.
പന്തടക്കത്തില്‍ ഡല്‍ഹി മുന്നില്‍ നിന്നെങ്കിലും ആക്രമണത്തില്‍ ഇരു ടീമുകളും ഒപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു. കളിയില്‍ 61 ശതമാനവും പന്ത് കൈവശം വച്ചത് ഡല്‍ഹിയാണ്. 39 ശതമാനമാണ് പൂനെയുടെ പന്തടക്കം. 13 തവണ ഡല്‍ഹി ആക്രമണം നയിച്ചപ്പോള്‍ പൂനെ 12 തവണ ഡല്‍ഹി നിരയിലേക്ക് കടന്ന് പ്രത്യാക്രമണത്തിന് തുനിഞ്ഞു. പൂനെ 4-3-2-1 ശൈലിയും ഡല്‍ഹി 4-4-2 ശൈലിയുമാണ് കളത്തില്‍ നടപ്പിലാക്കിയത്.
കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ പൂനെ താരം ജുവല്‍ രാജയ്ക്ക് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് അവരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചു. പകരം ബല്‍ജിത് സിങ് സാഹ്‌നിയാണ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ പൂനെ കടുത്ത പ്രതിരോധമാണ് സ്വീകരിച്ചത്. ഡല്‍ഹി മധ്യനിര കേന്ദ്രീകരിച്ച് കളി മെനയുകയായിരുന്നു. ഡല്‍ഹിയുടെ മുന്നേറ്റങ്ങള്‍ പ്രതിരോധിച്ച് പഴുത് കിട്ടുമ്പോള്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് പൂനെ നടപ്പാക്കിയത്. 31ാം മിനുട്ടില്‍ എമിലിയാനോ ആല്‍ഫരോയുടെ ഇത്തരത്തിലുള്ളൊരു മുന്നേറ്റം ഡല്‍ഹി ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് മുന്നോട്ട് കയറി നിഷ്ഫലമാക്കി. ആദ്യ പകുതി ഏറെക്കുറേ വിരസമായി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ പൗലീഞ്ഞോ ഡല്‍ഹിക്ക് ലീഡ് സമ്മാനിച്ചു. ലാലിയന്‍സുല ചങ്‌തെയുടെ ക്രോസില്‍ നിന്ന് 46ാം മിനുട്ടിലാണ് പൗലീഞ്ഞോ വല ചലിപ്പിച്ചത്. ഗോള്‍ പിറന്നതോടെ മത്സരം ചടുലമായി. 54ാം മിനുട്ടില്‍ ചങ്‌തെയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം ഗോളില്‍ കലാശിച്ചു. പൂനെയുടെ പ്രതിരോധപ്പിഴവ് താരം സമര്‍ഥമായി മുതലെടുത്തപ്പോള്‍ അവര്‍ നിസഹായരായിരുന്നു.
65ാം മിനുട്ടില്‍ മിരബജെയിലൂടെ ഡല്‍ഹി മൂന്നാം ഗോളും വലയിലാക്കിയതോടെ മത്സരം ഏകപക്ഷീയമായി തീരുമെന്ന് കരുതി. എന്നാല്‍ രണ്ട് മിനുട്ട് പിന്നിട്ടപ്പോള്‍ എമിലിയാനൊ ആല്‍ഫരൊ ഒരു ഗോള്‍ മടക്കി പൂനെയ്ക്ക് പ്രതീക്ഷ നല്‍കി. പിന്നീട് പൂനെ നിരന്തരം ആക്രമിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ഡല്‍ഹി പിടിച്ചു നിന്നു. കളി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ഒരു ഗോള്‍ കൂടി മടക്കാന്‍ പൂനെയ്ക്ക് സാധിച്ചു.
മാര്‍ക്കോസ് ടബറായിരുന്നു സ്‌കോറര്‍. രണ്ടാം ഗോളും നേടി ലീഡ് കുറച്ചെങ്കിലും സ്വന്തം തട്ടകത്തിലെ അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ പൂനെയ്ക്ക് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."