സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം; പ്രതിക്ക് തടവും പിഴയും
തൊടുപുഴ: 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷവും മൂന്ന് മാസവും തടവും 10,000 രൂപ പിഴയും ശിക്ഷ.
ഇടുക്കി കഞ്ഞിക്കുഴി പുത്തന്‍പുരയില്‍ ജയംസ് (28) നെയാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണനിയമപ്രകാരമുള്ള ജില്ലാ സ്‌പെഷല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധികതടവ് കൂടി അനുഭവിക്കണം.
വണ്ണപ്പുറം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടി സ്‌കൂളിലേക്ക് സ്ഥിരമായി പോകുന്ന ബസില്‍ ക്ലീനറായിരുന്നു പ്രതി. 2008 സെപ്തംബര്‍ അഞ്ചിന് സ്‌കൂളിലേക്ക് പോകും വഴി പൈങ്ങോട്ടൂരില്‍ വച്ച് പ്രതി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളില്‍ കൊണ്ടുപോയ ശേഷം കഞ്ഞിക്കുഴിയിലെ സ്വന്തം വീട്ടിലെത്തിച്ചു.
അന്ന് അവിടെ താമസിച്ചശേഷം പിറ്റേന്ന് രാമപുരത്തുള്ള സഹോദരന്റെ വീട്ടിലെത്തിയെങ്കിലും അവിടെ താമസിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിയുടെ അച്ഛന്റെ പുരയിടത്തിലെ ഷെഡില്‍ താമസിപ്പിച്ച് പീഡനം തുടര്‍ന്നു.
സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായതിനെതുടര്‍ന്ന് മാതാപിതാക്കള്‍ കാളിയാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനെത്തിയ പൊലിസിന് പ്രതിയുടെ അച്ഛന്‍ പെണ്‍കുട്ടിയേയും പ്രതിയേയും കൈമാറി. താനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നെന്നും വിവാഹത്തില്‍നിന്ന് പിന്‍തിരിപ്പിച്ചതുകൊണ്ട് വീടുവിട്ടതാണെന്നുമുള്ള പ്രതിയുടെ വാദം തള്ളിയ കോടതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നടത്തിയ ആലോചന പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്തതും നിയമവാഴ്ചയ്ക്ക് നിരക്കാത്തുമാണെന്ന് അഭിപ്രായപ്പെട്ടു.
കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുലൈമാന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് എന്നിവര്‍ അന്വേഷണം നടത്തി ചാര്‍ജ് സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ടി എ സന്തോഷ് തേവര്‍കുന്നേല്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."