ദലിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തമായി നേരിടണം: രാഷ്ട്രപതി
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ദലിതുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ രാജ്യത്തുടനീളം ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഹ്വാനം. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ദലിതുകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചത്.
ദുര്‍ബല സമൂഹത്തിനെതിരേ ഒരുവിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്റെ ധാര്‍മിക ചിന്തകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്നും കഴിഞ്ഞ കുറച്ചുകാലമായി അസഹിഷ്ണുത അതിന്റെ വൃത്തികെട്ട തലയുയര്‍ത്തി നില്‍ക്കുകയാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നമ്മുടെ ദേശീയ ധര്‍മചിന്തയ്‌ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തുന്നവിധത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമായി നേരിടേണ്ടതുണ്ട്. ഇത്തരം അക്രമികളെ ഒറ്റപ്പെടുത്താന്‍ കഴിയും എന്നതാണു നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നാം നല്‍കുന്ന സുരക്ഷിതത്വത്തിന്റെ രക്ഷാകവചമാണ് നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമം നിര്‍ണയിക്കുന്നത്. ഓരോ സ്ത്രീയുടെയും കുട്ടിയുടെയും നേര്‍ക്കുണ്ടാകുന്ന ഓരോ അക്രമസംഭവവും നമ്മുടെ സംസ്‌ക്കാരത്തിന്റെ ആത്മാവിനേല്‍ക്കുന്ന മുറിവാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യപുരോഗതിക്കായി നമ്മള്‍ എല്ലാംമറന്ന് ഒന്നിക്കുന്നുവെന്ന് ജി.എസ്.ടി ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണപക്ഷ-പ്രതിപക്ഷ കക്ഷികള്‍ വോട്ട്‌ചെയ്തത് ചൂണ്ടിക്കാട്ടി രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്‍മാരും വളരുമ്പോള്‍ മാത്രമേ ഇന്ത്യയും വളരുകയുള്ളൂവെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി എന്ന നിലയില്‍ പ്രണബ് മുഖര്‍ജിയുടെ അഞ്ചാമത്തെ സ്വതന്ത്ര്യദിന സന്ദേശമായിരുന്നു ഇന്നലെ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."