കാഞ്ച ഇളയ്യക്കു നേരെ വീണ്ടും ആക്രമണം; വന്ദേമാതരം ആലപിക്കാത്തവര്‍ ഇന്ത്യ വിടണമെന്ന് ആക്രോശം
ഹൈദരാബാദ്: ദലിത് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കാഞ്ച ഇളയ്യക്കെതിരെ വീണ്ടും ആക്രമണം. തന്റെ പുസ്തകത്തിനെതിരായ കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ജോഗിത്യലയിലെ കോടതിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ചെരിപ്പെറിഞ്ഞ അക്രമികള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
ആര്യ വൈശ്യ സമുദായത്തില്‍ പെട്ടവരും ബി.ജെ.പി പ്രവര്‍ത്തകരുമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് ഇളയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഷ്ണങ്ങളായി നുറുക്കൂ എന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഒന്നുകില്‍ വന്ദേമാതരം ആലപിക്കുക, അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു പുറത്തു പോവുക എന്ന് അവര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലിസ് ഇടപെട്ട് തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെയും അദ്ദേഹത്തിന് നേരെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആര്യ വൈശ്യ മഹാസഭയുടെ ഭീഷണിയുളള വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ ഇളയ്യ പങ്കെടുക്കുന്നത് തടയാന്‍ പൊലിസ് അദേഹത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈയിടെ ആര്യ വൈശ്യ സംഘം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് ആക്രമിക്കുകയും ചെയ്തു.
തന്റെ പുസ്തകത്തില്‍ ആര്യ വൈശ്യ സമുദായത്തെ 'സാമൂഹിക കൊള്ളക്കാര്‍' എന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പുസ്തകത്തിനും എഴുത്തുകാരനുമെതിരെ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പുസ്തകം സമുദായത്തെ അപമാനിക്കുന്നുവെന്നും നിരോധിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രിം കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായസ്വതന്ത്ര്യത്തെ ഹനിക്കാനാവില്ലെന്നതായിരുന്നു കോടതി നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."