ഇന്തോ- അറബ് സാംസ്‌കാരികവിനിയമം തുടരേണ്ടത് കാലത്തിന്റെ ആവശ്യം: അഷ്‌റഫ് അബുല്‍ യസീദ്
ഫാറൂഖ് കോളജ്: പണ്ടു മുതല്‍ക്കേയുള്ള ഇന്തോ-അറബ് സാംസ്‌കാരിക കൈമാറ്റം തുടര്‍ന്നു പോവേണ്ടത് സാഹിത്യലോകത്തിനും ലോക സമാധാനത്തിനും ആവശ്യമാണെന്ന് പ്രശസ്ത ഈജിപ്ത് സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ അഷ്‌റഫ് അബുല്‍ യസീദ്. സാഹിത്യപരമായ കൊടുക്കല്‍ വാങ്ങലുകള്‍ ഏറെ സ്വാധീനം ചെലുത്തിയ മേഖലയാണ് ഇന്ത്യയും അറബ് രാജ്യങ്ങളും.
ഇന്ത്യന്‍ ഐതിഹ്യങ്ങള്‍ക്ക് അറബ് ലോകത്ത് കിട്ടിയ സ്വീകാര്യതയും അറബ് സാഹിത്യങ്ങളുടെ ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളുമാണ് ഇതിന് ആധാരം. ഇതു കൈമോശം വരാതെ ഇതുപോലെ തുടര്‍ന്നുകൊണ്ടുപോവണമെന്നാണ് സാഹിത്യലോകം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
റൗളത്തുല്‍ ഉലൂം അറബിക് കോളജും ഫാറൂഖ് കോളജ് അറബിക് വിഭാഗവും സംയുക്തമായി' ഇന്തോ-അറബ് സാംസ്‌കാരിക വിനിമയം കാലാന്തരങ്ങളിലൂടെ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിന്റെ സമാപന സമ്മേളനം ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. റൗളത്ത് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി 50 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.യെമന്‍ ചരിത്ര ഗവേഷകന്‍ മുഹമ്മദ് നാസര്‍ ബിന്‍ അലി ജാബിര്‍, ഡോ. ടി.പി അബ്ദുല്‍ റഷീദ്, പ്രൊഫ. എം ഷാജഹാന്‍ ഫാറൂഖി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. കെ അലി നൗഫല്‍ സ്വാഗതവും ഡോ. മുഹമ്മദ് ആബിദ് യു.പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."