റോഹിംഗ്യകളുടെ മടക്കം: മ്യാന്‍മാര്‍, ബംഗ്ലാദേശ് കരാറില്‍ ഒപ്പുവച്ചു, എങ്ങനെ തിരിച്ചെത്തിക്കുമെന്ന് വ്യവസ്ഥയില്ല
ധാക്ക: റോഹിംഗ്യകളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനു വേണ്ടി ബംഗ്ലാദേശ്, മ്യാന്മാര്‍ രാജ്യങ്ങള്‍ തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. സൈനിക ആക്രമണത്തെത്തുടര്‍ന്ന് രാഖൈനില്‍ നിന്ന് നാടുവിട്ടോടി അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ കഴിയുന്ന ലക്ഷങ്ങളെ തിരിച്ചെത്തിക്കാനാണ് കരാര്‍. ബംഗ്ലാദേശ് മുന്‍കൈയ്യെടുത്താണ് കരാര്‍ കൊണ്ടുവന്നത്.
കരാറില്‍ ഒപ്പുവച്ചതായി മ്യാന്മാര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ എങ്ങനെയാണ് അഭയാര്‍ഥികളെ തിരിച്ചെത്തിക്കുന്നത് എന്നതിനെപ്പറ്റി പ്രതികരിക്കാന്‍ മ്യന്മാര്‍ തയ്യാറായിട്ടില്ല. അഭയാര്‍ഥികള്‍ക്കു വേണ്ടി താല്‍ക്കാലിക ക്യാംപുകള്‍ ഒരുക്കി അവിടെ എത്തിക്കാനാണ് പദ്ധതിയെന്നാണ് കരുതുന്നത്. ഈ ക്യാംപുകള്‍ പിന്നീട് ദുരിതക്കയത്തിലേക്ക് നീങ്ങുന്ന സ്ഥിതി ആവര്‍ത്തിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
''ദിനേന 300 അഭയാര്‍ഥികളെ വരെ തിരിച്ചെത്തിക്കുമെന്നാണ് മന്ത്രി പറയുന്നത്. അതുകൊണ്ട് ഇതു പൂര്‍ത്തിയാക്കാന്‍ രണ്ടു പതിറ്റാണ്ടെങ്കിലും വേണ്ടി വരും''- റോഹിംഗ്യന്‍ ആക്ടിവിസ്റ്റ് നായ് സാന്‍ ല്വിന്‍ വിമര്‍ശിച്ചു.
മ്യാന്മാറിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായതു കൊണ്ട് ഉണ്ടാക്കിയ തട്ടിക്കൂട്ട് കരാറാണിതെന്നാണ് വിമര്‍ശനം. റോഹിംഗ്യന്‍ പ്രതിസന്ധിയില്‍ മ്യാന്മാര്‍ നടപടി സ്വീകരിച്ചുവെന്നു ചൂണ്ടിക്കാണിക്കാനാണ് ഒരു വിശദീകരണവുമില്ലാത്ത കരാറെന്നും ആക്ഷേപമുണ്ട്. റോഹിംഗ്യകള്‍ തിരിച്ചെത്തിയാല്‍ തന്നെ ആത്യന്തികമായി കിട്ടേണ്ട പൗരത്വം പോലും അനിശ്ചിതത്വത്തിലാണ്. ഓഗസ്റ്റ് മുതല്‍ ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയത് 6,20,000 ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."