തൃശൂരില്‍ 11 ലക്ഷത്തിന്റെ ഹാഷിഷ് ഓയില്‍ പിടികൂടി
തൃശൂര്‍: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച അരകിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍ (28), പുളിക്കല്‍ നൗഷാദ് (30) എന്നിവരാണ് പുഴക്കല്‍ ലുലു മാളിന് സമീപത്തുനിന്ന് തൃശൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി റാഫേലിന്റ നേതൃത്വത്തില്‍ രണ്ടു ടീമുകളായി തിരിഞ്ഞ് നടത്തിയ രഹസ്യ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ചാവക്കാട് പെരുവല്ലൂര്‍ സ്വദേശിയെ 13ഗ്രാം ഹാഷിഷ് ഓയിലുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരായി എക്സൈസ് സംഘം പ്രതികളെ സമീപിക്കുകയായിരുന്നു.
തൃശൂരില്‍ എത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം തയാറായില്ലെങ്കിലും മോഹവില വാഗ്ദാനം ചെയ്തു കുടുക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപക്ക് വിശാഖപട്ടണത്തുനിന്ന് വാങ്ങിയ ഓയില്‍ 10 ഗ്രാം വീതമുള്ള ചെറിയ ഡപ്പികളില്‍ ആക്കിയാണ് വില്പന നടത്തിയിരുന്നത്. ഒരു ഗ്രാമിന് 2000 രൂപ പ്രതികള്‍ ഈടാക്കിരുന്നു. കോളജുകളില്‍ 'സ്ലീപ്പിങ് ഗം ' എന്ന പേരില്‍ അറിയപ്പെടുന്ന ഹാഷിഷ് ഓയില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നുണ്ടെന്നു പ്രതികള്‍ പറഞ്ഞു. 'ഹാഷ് ടാഗ് 'എന്ന പേരില്‍ ഉപയോഗിക്കുന്നവരുടെ വാടസ്ആപ്പ് ഗ്രൂപ്പും ഉണ്ട്. ഇതുപുരട്ടിയ സിഗരറ്റ് സൗജന്യമായി വലിക്കാന്‍ കൊടുത്താണ് വിദ്യര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ കൃഷ്ണപ്രസാദ്, തൃശൂര്‍ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍ ദക്ഷിണാമൂര്‍ത്തി, ജോസഫ്, സന്തോഷ്ബാബു, സുധീര്‍കുമാര്‍, ബിജു, ദേവദാസ്, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."