മലയാളികള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് 607 വാഹനങ്ങള്‍
തിരുവനന്തപുരം: നികുതി വെട്ടിക്കാനായി കേരളത്തിലുള്ളവര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്തത് 607 വാഹനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 350 ബി.എം.ഡബ്ല്യു, 52 ഔഡി, 66 ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
നമ്പര്‍ 20, ഭാരതിദാസന്‍ സ്ട്രീറ്റ്, ആര്‍.കെ നഗര്‍, അരിയന്‍കുപ്പം, പുതുച്ചേരി ഏഴ് എന്ന താല്‍ക്കാലിക മേല്‍വിലാസത്തില്‍ കേരളത്തിലുള്ളവര്‍ ആറ് ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
ഈ വിലാസത്തില്‍ താമസിക്കുന്നത് ഇന്‍ഷുറന്‍സ് ഏജന്റായ ജോണ്‍ വിന്‍സന്റാണ്. അദ്ദേഹത്തിന് വാഹനങ്ങളുമായോ ഉടമകളുമായോ യാതൊരു ബന്ധവുമില്ല. വീട്ടില്‍ കാര്‍ കയറ്റിയിടാനുള്ള സൗകര്യവുമില്ല.
നടി അമലാപോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്നുനില കെട്ടിടത്തിനുമുകളിലെ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒറ്റമുറി വീടിന്റെ വിലാസത്തിലാണ്. പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരേസാസ് തെരുവിലെ നമ്പര്‍ ആറെന്ന കെട്ടിടത്തില്‍ ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അമലാപോള്‍ ഈ കെട്ടിടം ഒരുവര്‍ഷത്തേക്ക് വാടകക്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി.
കെട്ടിടത്തിന്റെ ഉടമയെന്ന് സ്വയം വിശേഷിപ്പിച്ച ഉമേഷ് എന്നയാളാണ് അന്വേഷണസംഘത്തിന് വിവരങ്ങള്‍ കൈമാറിയത്. വാടക ഉടമ്പടിയുടെ ഒറിജിനല്‍ അമലയുടെ കൈവശമുണ്ടെന്നും അതിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് നല്‍കാമെന്നും ഇയാള്‍ അറിയിച്ചു.
വാഹനം രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരുവര്‍ഷമായി ഈ മേല്‍വിലാസത്തില്‍ താമസിക്കുന്നുവെന്നാണ് അമലാപോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വാടക കരാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. നാലുദിവസത്തെ അന്വേഷണത്തില്‍ വിരലിലെണ്ണാവുന്ന ആഡംബരവാഹനങ്ങള്‍ മാത്രമേ പുതുച്ചേരിയിലെ നിരത്തുകളില്‍ കാണാനായുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
കേരളത്തിലുള്ളവരുടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കണം.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത് കേരളത്തില്‍ സര്‍വിസ് നടത്തുന്ന എല്ലാ വാഹനങ്ങളുടെയും ഫിനാന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ കേരളത്തില്‍നിന്ന് എടുത്തിട്ടുള്ളതായി കാണപ്പെട്ടാല്‍ അന്വേഷണത്തിന് പ്രത്യേക മുന്‍ഗണന നല്‍കണം.
സ്ഥിര മേല്‍വിലാസം കേരളത്തിലാണെന്ന് തെളിയിക്കപ്പെട്ട ആഡംബര വാഹന ഉടമകളുടെ താല്‍ക്കാലിക പുതുച്ചേരി വിലാസം പുതുച്ചേരി റവന്യൂ വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ച് നിജസ്ഥിതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
പുതുച്ചേരി വാഹനങ്ങള്‍ പരിശോധിക്കാനുള്ള നിര്‍ദേശം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."