യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ എപ്പോഴെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു...
കൊച്ചി: സംസ്ഥാനത്തുകൂടി സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ ഓടുന്നത് തോന്നുംപടി. സംസ്ഥാന അതിര്‍ത്തിവരെ കൃത്യസമയം പാലിക്കുന്ന ട്രെയിനുകള്‍ കേരളാ അതിര്‍ത്തി കഴിഞ്ഞാല്‍ മണിക്കൂറുകളാണ് വൈകുന്നത്.
ഓരോ സ്റ്റേഷനിലും പിടിച്ചിടുന്നത് പതിവായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ പാളം അറ്റകുറ്റപ്പണിയുടെപേരില്‍ ട്രെയിന്‍ വൈകല്‍ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ട്രെയിനുകള്‍ വൈകുന്നത്.
കഴിഞ്ഞദിവസം ന്യൂഡല്‍ഹി- തിരുവനന്തപുരം കേരളാ എക്‌സ്പ്രസ് സംസ്ഥാന അതിര്‍ത്തിവരെ കൃത്യസമയം പാലിച്ചെങ്കിലും പിന്നീട് ഒരുമണിക്കൂറിലേറെ വൈകിയാണ് ഓടിയത്. ഈ ട്രെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നര മണിക്കൂറിലേറെ വൈകിയാണ് സര്‍വിസ് നടത്തിയത്.
ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് തൃശൂര്‍ വരെ കൃത്യസമയംപാലിച്ചെങ്കിലും പിന്നീട് രണ്ടര മണിക്കൂറോളം വൈകി. പരശുറാം എക്‌സ്പ്രസും രണ്ടര മണിക്കൂറിലേറെ വൈകിയാണ് ഓടിയത്. വേണാട് എല്ലാദിവസവും വൈകിയാണ് ഓടുന്നതെന്ന പരാതിക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഇന്നലെ തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മൂന്നു മണിക്കൂറാണ് വൈകി ഓടിയത്. ബുധനാഴ്ച തിരുവനന്തപുരത്തേക്കു പോയ വേണാടിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഇന്നലത്തെ തിരിച്ചുള്ള സര്‍വിസ് വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
വൈകിയതിനെ തുടര്‍ന്ന് ഈ ട്രെയിന്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഐലന്റ്, നേത്രാവതി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകളും സ്ഥിരമായി വൈകിയാണ് ഓടുന്നത്. രാവിലെയുള്ള ട്രെയിനുകളും അനിശ്ചിതമായി വൈകാന്‍ തുടങ്ങിയതോടെ ട്രെയിന്‍ യാത്രക്കാര്‍ ബസുകളെ ആശ്രയിക്കാന്‍ തുടങ്ങി.
ട്രെയിന്‍ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് റെയില്‍വേയിലെ ഓപറേഷന്‍സ് വിഭാഗമാണ്. എന്നാല്‍, മിക്കപ്പോഴും കൃത്യമായ കാരണംപോലും വിശദീകരിക്കാതെയാണ് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നത്. ക്രോസിങ്ങിന്റെപേരില്‍ അനാവശ്യമായി ട്രെയിന്‍ പിടിച്ചിടുന്നതും പതിവാണ്.
എതിര്‍ദിശയില്‍നിന്ന് വരുന്ന ട്രെയിന്‍ സമയത്ത് എത്തുന്നില്ലെങ്കില്‍ ക്രോസിങ്ങ് തൊട്ടടുത്ത സ്റ്റേഷനിലേക്ക് മാറ്റുന്നതിന് നേരത്തേ ഓപറേഷന്‍സ് വിഭാഗം ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കാറേയില്ല.
അയ്യപ്പഭക്തന്മാര്‍ ദുരിതത്തില്‍
കൊച്ചി: ശബരിമല സീസണ്‍ തുടങ്ങിയതോടെ കോട്ടയംവഴി സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. റോഡ് യാത്രയിലെ അധികച്ചെലവും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തന്മാര്‍ അധികവും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.
എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ തുടങ്ങിയ ഏതെങ്കിലും സ്റ്റേഷനുകളില്‍ ഇറങ്ങിയശേഷം പിന്നീട് കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിച്ചാണ് ഇവരുടെ യാത്ര. എന്നാല്‍, ട്രെയിന്‍ അനിശ്ചിതമായി വൈകാന്‍ തുടങ്ങിയതോടെ ഇവരുടെ ദുരിതവും ചെലവും ഇരട്ടിയായി. മണിക്കൂറുകളോളം പിടിച്ചിടുന്നതിനാല്‍ ട്രെയിനിനുള്ളിലെ ഭക്ഷണ, കുടിവെള്ളച്ചെലവ് വന്‍തോതില്‍ ഉയരുന്നതായി ഇവര്‍ പറയുന്നു.
ട്രെയിന്‍ വൈകുന്നത് കെ.എസ്.ആര്‍.ടി.സിയെയും വെട്ടിലാക്കിയിരിക്കുകയാണ്. പമ്പ സ്‌പെഷല്‍ ബസുകള്‍ ശബരിമല തീര്‍ഥാടകരെയുംകാത്ത് മണിക്കൂറുകളോളം റെയില്‍വേ സ്റ്റേഷനുകളില്‍ കാത്തുകിടക്കുകയാണ്.
ഇതോടെ പമ്പ സര്‍വിസുകളുടെ ഷെഡ്യൂളും താളംതെറ്റി. പല ദീര്‍ഘദൂര ട്രെയിനുകളും സിറ്റി ബസ് സര്‍വിസിന്റെ സമയം കഴിഞ്ഞാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."