എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തടസ്സമുണ്ട്
മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ലൈംഗികാരോപണത്തിന് ഭരണകൂടം പരിസമാപ്തികുറിക്കാനൊരുങ്ങുകയാണ്. എന്നാല്‍, പി.എസ് ആന്റണി കമ്മീഷന്‍ മുന്‍മന്ത്രിക്ക് പൂര്‍ണമായും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഇത്തരമൊരവസരത്തില്‍ മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കുന്നത് അനുചിതമല്ലേ. എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന്‍ കുറ്റവിമുക്തനായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കവെ വെളിപ്പെടുത്തിയത്. സാങ്കേതികമായി മുഖ്യമന്ത്രിയുടെ നിലപാട് ശരിയായിരിക്കാം.
പക്ഷേ, രാഷ്ട്രീയ ധാര്‍മികതയുടെ പേരിലല്ലേ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ആ ധാര്‍മിക പ്രശ്‌നം ഇപ്പോഴും അതേപടി നില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് അദ്ദേഹത്തിന് വീണ്ടും മന്ത്രിയാകാനാവുക. ഇത്തരമൊരവസ്ഥയില്‍ മന്ത്രിയുടെ രണ്ടാംമൂഴത്തിന് എന്ത് സാംഗത്യമാണുള്ളത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ.കെ ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. പരാതിക്കാര്‍ തെളിവുകള്‍ നല്‍കാന്‍ ഹാജരാകാത്തത്‌കൊണ്ട് തെറ്റ് മാഞ്ഞുപോകുമോ? പരാതിക്കാരെ വിളിച്ചുവരുത്തി തെളിവ് ശേഖരിക്കേണ്ട ബാധ്യത ജുഡീഷ്യല്‍ കമ്മീഷനുണ്ടായിരുന്നു. അത് അദ്ദേഹം നിറവേറ്റിയോ. അതിനാല്‍ കുറ്റവിമുക്തനാക്കി എന്ന പ്രയോഗത്തിന് അര്‍ഥവുമില്ല. മന്ത്രിയെന്ന നിലയില്‍ പുലര്‍ത്തേണ്ട ധാര്‍മികത എ.കെ ശശീന്ദ്രന്‍ പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ എന്ത് ധാര്‍മികതയുടെ പേരിലാണ് അദ്ദേഹത്തിന് വീണ്ടും മന്ത്രിപദം നല്‍കുക. തങ്ങളുടെ പ്രവര്‍ത്തകയോട് മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നായിരുന്നു മംഗളം ചാനല്‍ സംപ്രേഷണത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ പുറത്ത് വിട്ട ശബ്ദരേഖ. ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ദിവസം തന്നെ ഒളികാമറ വിവാദ പ്രഖ്യാപനവുമായി ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചാനലില്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. എന്നാല്‍, ഇത് ചാനല്‍ സംഘടിപ്പിച്ച ഹണി ട്രാപ്പ് ആയിരുന്നുവെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തുകയും ചാനലിനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുകയുമാണ്. അത്രയും ശരി എന്നാല്‍ മന്ത്രിമാര്‍ ഇത്തരം കുഴികളില്‍ വീഴാന്‍ പാടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
ചാനലിന്റെ ആദ്യ ദിനത്തില്‍ തന്നെ റേറ്റിങ് കൂട്ടാനായി ഇത്തരമൊരു മാര്‍ഗം അവലംബിച്ചത് മാധ്യമ ധാര്‍മികതക്ക് ചേരാത്ത പ്രവര്‍ത്തനമാണ്. ഒരു സ്ത്രീ ഫോണില്‍ വിളിക്കുമ്പോഴേക്കും നിയന്ത്രണം നഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകരാണ് മന്ത്രിമാരായി വരുന്നതെങ്കില്‍ അവരെ അത്തരം സ്ഥാനങ്ങളില്‍ വീണ്ടും അവരോധിക്കുന്നതില്‍ ധാര്‍മികതയില്ല. പൊതു പ്രവര്‍ത്തകന് സ്വകാര്യജീവിതമെന്നും പരസ്യ ജീവിതമെന്നും രണ്ടില്ല. പൊതു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതാണ് അവരുടെ സ്വകാര്യ ജീവിതവും. എ.കെ ശശീന്ദ്രനാകട്ടെ ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദരേഖ തന്റേതല്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വ്യാജ ശബ്ദരേഖയാണ് ചാനല്‍ പുറത്തുവിട്ടതെന്ന് ആരോപിച്ച് അദ്ദേഹം നിയമനടപടിക്കും മുതിര്‍ന്നിട്ടില്ല. യുവതി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
പുറത്തുവച്ച് ഒത്തുതീര്‍ന്നുവെന്ന് പറഞ്ഞാല്‍ ആരോപിക്കപ്പെടുന്ന കുറ്റം ഇല്ലാതാവുകയില്ലല്ലോ. കോടതി വിധി വരുംമുമ്പെ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുവാന്‍ ഭരണകൂടം തിടുക്കപ്പെടുന്നത് എന്തിനാണ്? ശബ്ദം എ.കെ ശശീന്ദ്രന്റേതാണോ അല്ലയോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജുഡീഷ്യല്‍ കമ്മീഷനും പറയുന്നത്. പിന്നെ എന്ത് പുതിയ സാഹചര്യമാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം തിരികെ നല്‍കാനായി ഉരുത്തിരിഞ്ഞിരിക്കുന്നത്. മന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് സ്വകാര്യതയുടെ പേരില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റുകയില്ല. തന്റെ പേരില്‍ ആരോപിക്കപ്പെട്ട ആരോപണം കളവാണെന്ന് തെളിയിക്കുവാനും സത്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഇത്രയും കാലത്തിനിടക്ക് എ.കെ ശശീന്ദ്രന്‍ ഒരു ശ്രമവും നടത്തിയില്ല എന്നതും ഓര്‍ക്കണം. എ.കെ ശശീന്ദ്രനെ പൂര്‍ണമായും കുറ്റവിമുക്തനാക്കാന്‍ കമ്മീഷന് കഴിയാത്തപ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പുനഃപ്രവേശനം നല്‍കുക. സ്റ്റിങ് ഓപറേഷന്‍ പേരില്‍ ലോഞ്ചിങ് ദിനത്തില്‍ ഒരു ദൃശ്യമാധ്യമം കേരളീയ മാധ്യമ സംസ്‌കാരത്തിന്റെ ചരിത്രത്തിനാണ് കളങ്കമേല്‍പിച്ചത്. റേറ്റിങ് കൂട്ടാന്‍ മാധ്യമ പ്രവര്‍ത്തനത്തെ അശ്ലീലമാക്കരുത്. ഇതിന്റെ പേരില്‍ ഇതര മാധ്യമങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടും അംഗീകരിക്കാന്‍ പറ്റുകയില്ല. അത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന്റെ അടിവേരിനെയായിരിക്കും പിഴുതെറിയുക. മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ ക്രിമിനല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ധൃതിപിടിച്ച് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് മടക്കികൊണ്ടുവരുന്നതില്‍ നിന്ന് ഭരണകൂടം പിന്മാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."