കാന്‍സറിന് കാരണം കര്‍മഫലമെന്ന് അസം മന്ത്രി!
ഗുവാഹത്തി: കാന്‍സറിനും അപകടങ്ങള്‍ക്കും കാരണം മുന്‍കാലത്ത് ചെയ്ത പാപമാണെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ.
ഗുവാഹത്തിയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പരാമര്‍ശം വന്‍വിവാദത്തിന് ഇടയാക്കിയതോടെ വെട്ടിലായ മന്ത്രി ന്യായീകരിച്ച് രംഗത്തെത്തിയെങ്കിലും പലകോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്.
കര്‍മഫലമാണ് നമുക്ക് അനുഭവിക്കേണ്ടി വരുന്നത്. നാം തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ ദൈവം നല്‍കും. അത് കാന്‍സറിന്റേയും അല്ലെങ്കില്‍ അപകടത്തിന്റേയും രൂപത്തിലായിരിക്കും ഉണ്ടാവുക.
പൂര്‍വികര്‍ ചെയ്യുന്ന പാപങ്ങള്‍ പോലും നമുക്ക് ദുരിതമുണ്ടാക്കും. ദൈവത്തിന്റെ നീതിന്യായത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരേ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കോണ്‍ഗ്രസ് അംഗമായിരുന്ന ഹിമാന്ത 2016 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹിമാന്തയുടെ പാര്‍ട്ടിമാറ്റത്തെ സൂചിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ട്വിറ്ററിലൂടെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി മാറുമ്പോള്‍ വ്യക്തികള്‍ക്കു സംഭവിക്കുന്നത് ഇതാണെന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
ഇതിനു മറുപടിയുമായി ഹിമാന്തയും ട്വിറ്ററിലെത്തി. സര്‍ ദയവായി വളച്ചൊടിക്കരുത്. ഞാന്‍ പറഞ്ഞത് ഹിന്ദുമതം കര്‍മഫലത്തില്‍ വിശ്വസിക്കുന്നുവെന്നും മനുഷ്യരുടെ കഷ്ടപ്പാടുകള്‍, കഴിഞ്ഞ ജീവിതത്തിലെ അവരുടെ കര്‍മഫലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ്.
മന്ത്രിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് കൂടുതല്‍പേര്‍ രംഗത്തെത്തിയതോടെ തന്റെ പിതാവും അര്‍ബുദം ബാധിച്ചാണ് മരിച്ചതെന്നും അതില്‍ കര്‍മഫലം കാണുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകയായ പല്ലവി ഘോഷ് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഹൈന്ദവ തത്വശാസ്ത്രത്തിലെ കര്‍മഫലത്തെകുറിച്ച് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്.
അത് മറ്റാരുടെയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."