ജര്‍മനി: മെര്‍ക്കലിന്റെ രക്ഷയ്ക്കായി എസ്.പി.ഡി
ബെര്‍ലിന്‍: കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്നു ജര്‍മനിയിലെ പ്രധാന പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്.പി.ഡി). കൂട്ടുകക്ഷി സര്‍ക്കാരിനായി മറ്റു മൂന്നു പാര്‍ട്ടികളുമായി മെര്‍ക്കല്‍ നടത്തിയ ചര്‍ച്ച നേരത്തേ പരാജയപ്പെട്ടിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ എസ്.പി.ഡി നേതാവ് മാര്ട്ടിന് ഷ്യൂള്സ് ഇക്കാര്യത്തില്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. നേരത്തേ, മറ്റു പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പുതിയ തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ആംഗെലാ മെര്‍ക്കലിന്റെ തീരുമാനം.
ന്യൂനപക്ഷമായ സര്‍ക്കാരിനെ നയിക്കുന്നതിലും ഭേദം പുതിയ തെരഞ്ഞെടുപ്പ് നേരിടുകയാണെന്നു പറഞ്ഞ അവര്‍, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച മാത്രമാണ് പരാജയപ്പെട്ടതെന്നും അതു ചാന്‍സലര്‍ പദവി രാജിവയ്ക്കാനുള്ള കാരണമല്ലെന്നും വ്യക്തമാക്കിയിരുന്നു.
പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധത അറിയിച്ചിരുന്ന എസ്.പി.ഡി നേതാവ് മാര്ട്ടിന് ഷ്യൂള്സ്, പാര്‍ട്ടിയിലെ സമ്മര്‍ദം കാരണമാണ് ആ തീരുമാനം മാറ്റിയിരിക്കുന്നത്.
സെപ്റ്റംബര്‍ 24നു നടന്ന തെരഞ്ഞെടുപ്പില്‍ നാലാമതും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സി.ഡി.യു)-ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂനിയന്‍(സി.എസ്.യു) മുന്നണിക്കു സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തിലേറെയായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. അതിനിടെ, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്.ഡി.പി) ഞായറാഴ്ച ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങിയതോടെയാണ് മെര്‍ക്കല്‍ പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."