വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിട്ടത് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്
കേരള വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥനിയമനം പബ്ലിക് സര്‍വിസ് കമ്മിഷനു വിടാനുള്ള കേരള മന്ത്രിസഭയുടെ തീരുമാനം വലിയ ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മുസ്‌ലിം സംഘടനാ നേതാക്കളും വഖഫ് ബോര്‍ഡ് മെമ്പര്‍മാരും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയുണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ടു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ടു വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗതീരുമാനപ്രകാരമാണു നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.
ദേവസ്വം ബോര്‍ഡിലെയും വഖഫ് ബോര്‍ഡിലെയും ജീവനക്കാരുടെ നിയമനം പി.എസ്.സി.ക്കു വിടാനുള്ള മന്ത്രിസഭാ തീരുമാനം ചൂടാറുംമുമ്പേ ദേവസ്വം ബോര്‍ഡിനെ പി.എസ്.സി. നിയമനത്തില്‍നിന്ന് ഒഴിവാക്കി വഖഫ് ബോര്‍ഡ് നിയമനം മാത്രം പി.എസ്.സിക്കു വിട്ട നടപടിയുടെ ന്യായീകരണം സര്‍ക്കാര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഒരേവിഷയത്തില്‍ രണ്ടുതരം സമീപനവും ഇരട്ട നീതിയുമെന്ന ആക്ഷേപം നിലനില്‍ക്കെ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവനയും കൂടുതല്‍ പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.
മുസ്‌ലിംസംഘടനകളുമായും വഖഫ് ബോര്‍ഡുമായും ചര്‍ച്ചചെയ്താണ് ഈ തീരുമാനം കൈകൊണ്ടതെന്ന മന്ത്രിയുടെ പ്രസ്താവനയാണു ചോദ്യം ചെയ്യപ്പെട്ടത്. ഏതൊക്കെ സംഘടനകളോടാണു ചര്‍ച്ച ചെയ്തതെന്നു മന്ത്രി വ്യക്തമാക്കിയിട്ടില്ല. അങ്ങനെയൊരു ചര്‍ച്ചയെക്കുറിച്ചു പ്രമുഖ മുസ്‌ലിംസംഘടനകളുടെ നേതാക്കള്‍ക്ക് അറിവുമില്ല.
കേരള വഖഫ് ബോര്‍ഡിനോടും ഔദ്യോഗികമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണു ബന്ധപ്പെട്ടവര്‍ പറഞ്ഞത്. പിന്നെന്തിനാണു ജലീല്‍ ഇങ്ങനെ അവാസ്തവം പ്രചരിപ്പിച്ചത്. ഇക്കാര്യവും മുഖ്യമന്ത്രിയെ സംഘടനാ നേതാക്കള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ആക്ട് 1995 നു വിരുദ്ധമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. വഖഫ് ബോര്‍ഡിന്റെ ഘടനയും ഉദ്യോഗസ്ഥനിയമന രീതിയുമുള്‍പ്പെടെ കൃത്യമായ ചട്ടങ്ങള്‍ നിലനില്‍ക്കെ ആക്ട് നിലവില്‍ വന്നിട്ട് 22 വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്കും ഇന്നുവരെ ഒരാക്ഷേപം ഉന്നയിക്കാനായിട്ടില്ല.
അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങളും ഉള്‍പ്പെട്ട ജനപ്രതിനിധികളും ബോര്‍ഡ് മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യമായാണ് ഇക്കാലമത്രയും ബോര്‍ഡിലെ നിയമനങ്ങള്‍ നടത്തിവന്നത്. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണു നിയമനം. പിന്നെന്തിനാണ് ഇല്ലാത്ത പുകമറ സൃഷ്ടിച്ചു വഖഫ് ബോര്‍ഡിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്നു മനസ്സിലാവുന്നില്ല.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള മന്ത്രിസഭാ തീരുമാനം താഴെപ്പറയുന്ന കാരണങ്ങളാലാണു സ്വീകാര്യമല്ലെന്നു മുസ്‌ലിം സംഘടനകള്‍ പറയുന്നത്.
1) 1995 ല്‍ കേന്ദ്രഗവണ്‍മെന്റ് പാസ്സാക്കിയ വഖഫ് ആക്ടില്‍ നിയമന അധികാരം വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. നിയമനത്തിന് ആക്ടില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പറഞ്ഞിട്ടുണ്ട്.
2) നേരത്തെ ദേവസ്വം ബോര്‍ഡിന്റെയും വഖഫ് ബോര്‍ഡിന്റെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ മാത്രം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത് വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരട്ട സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
3) ആറ് പതിറ്റാണ്ട് കാലത്തെ വഖഫ് ബോര്‍ഡിന്റെ നിയമനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ആക്ഷേപരഹിതവുമായ നിലനില്‍ക്കുന്നു.
4) മുസ്‌ലിം സമുദായത്തിന്റെ വഖഫ് സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു നിയമ സംരക്ഷണ കവചം ഭേദിക്കപ്പെടാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ അവസരമൊരുക്കാന്‍ ഇടവരും.
5) മതവിശ്വാസികളും മുസ്‌ലിം സ്ഥാപനങ്ങളോട് പ്രതിബദ്ധതയുള്ളവരായിരിക്കണം വഖഫ് ബോര്‍ഡിന്റെ ചുമതല നിര്‍വ്വഹിക്കേണ്ടത്. പി.എസ്.സി. മുഖേനയുള്ള നിയമനം ഈ വ്യവസ്ഥ ദുര്‍ബലപ്പെടാന്‍ സാഹചര്യം ഒരുക്കും.
6) പി.എസ്.സി മുഖേന വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി നിയമനം എന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതും അങ്ങിനെ വന്നാല്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാവുന്നതുമാണ്.
7) പി.എസ്.സി വഴി വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുമ്പോള്‍ മറ്റു സര്‍ക്കാര്‍ സര്‍വ്വീസ് മേഖലയിലുള്ള സമുദായ സംവരണ ക്വാട്ടയെ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട സംവരണാനുകൂല്യത്തില്‍ കുറവ് വരുത്തും.
ഭരണഘടന പ്രകാരം സംവരണ സമുദായത്തിന് ഇക്കാലമത്രയും ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യം അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എന്ന ഫോര്‍മുലയിലെ അപകടം സംവരണ വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമെന്നാണ് മുസ്‌ലിം സംഘടനകള്‍ പ്രതീക്ഷിക്കുന്നത്.
എം.കെ. ഷാനവാസ് എം.പി.യുടെ നേതൃത്വത്തില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സമസ്തയെ പ്രതിനിധീകരിച്ച് ഈ ലേഖകനും, കെ.എന്‍.എമ്മിന്റെ പ്രതിനിധി ടി.പി. അബ്ദുല്ലക്കോയ മദനിയും, ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധീകരിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്നും, വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ: പി.വി. സൈനുദ്ദീനും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് വേണ്ടി മുസ്‌ലിം സംഘടനകളുടെ വിപുലമായ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 4ന് വൈകുന്നേരം 3 മണിക്ക് ജെ.ഡി.റ്റി. ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുമ്പോട്ടുപോവാനാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം.
(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."