വ്യാജവികലാംഗനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു
കല്‍പ്പറ്റ: വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുമായി സര്‍ക്കാര്‍ സര്‍വിസില്‍ ജോലി നേടിയ ആളെ പിരിച്ചു വിട്ടു. കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫിസിലെ ഓഫിസ് അറ്റന്ററായ എ വേണുവിനെയാണ് പിരിച്ചുവിട്ടത്. ഇയാളെ പിരിച്ചുവിട്ടതായി കാണിച്ച് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഇയാള്‍ക്കെതിരേ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. വേണു ചെവി കേള്‍ക്കാത്തതായി അഭിനയിച്ച് വികലാംഗ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ നിയമസഭാ സമിതിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വ്യാജ വികലാംഗര്‍ക്കെതിരേ നടപടികള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ നിയമനം നേടിയ വനംവകുപ്പിലെയും മണ്ണ് സംരക്ഷണ വകുപ്പിലെയും എല്‍.ഡി ക്ലര്‍ക്കുമാരെ മുന്‍പ് പിരിച്ചു വിട്ടിരുന്നു. വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുമായി സര്‍വിസില്‍ തുടരുന്ന 25ഓളം പേര്‍ക്കെതിരായ നടപടി വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സര്‍വിസ് സംഘടനകള്‍ വ്യാജ വികലാംഗരെ സംരക്ഷിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. 2008ലാണ് നിയമസഭാ സമിതി മുന്‍പാകെ 19 വ്യാജ വികലാംഗര്‍ക്കെതിരേ വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി രേഖാമൂലം പരാതി നല്‍കിയത്. അന്നത്തെ മാനന്തവാടി എം.എല്‍.എ കെ.സി കുഞ്ഞിരാമന്‍ ഉള്‍പ്പെട്ട സമിതി പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇവരെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് മുന്‍പാകെ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് വ്യാജ നിയമനമാണ് നേടിയതെന്ന് തെളിഞ്ഞത്. എന്നാല്‍ സര്‍വിസ് സംഘടനകളുടെ സ്വാധീനത്തില്‍ തുടരാനുള്ള ശ്രമമാണ് പിന്നീട് വ്യാജവികലാംഗ നിയമനം നേടിയവര്‍ നടത്തിയത്. ഇതിനെതിരേ വികലാംഗ സംഘടനകളും യുവജന സംഘടനകളും പ്രക്ഷോഭവുമായെത്തി. ഇതോടെയാണ് നപപടികള്‍ വേഗത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."