ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി
കോട്ടയം: കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിലെ ഒരു വിഭാഗം നഴ്‌സുമാര്‍ കഴിഞ്ഞ നാലു മാസമായി നടത്തി വന്ന സമരം ഒത്തു തീര്‍പ്പായി. ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ ആണ് സമരം നടത്തി വന്നത്. പല തവണ ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒത്തു തീര്‍പ്പാക്കുന്നതില്‍ ധാരണയായിരുന്നില്ല. ഇതോടെ റിലേ നിരാഹാരമുള്‍പ്പെടെയുള്ള സമരവുമായി നഴ്‌സുമാര്‍ രംഗത്ത് വന്നു. കോട്ടയം പഴയപൊലിസ് സ്റ്റേഷന്‍ മൈതാനത്തിന് മുന്നിലെ സമരപന്തലില്‍ ആണ് രാപകല്‍ സമരം നടത്തി വന്നിരുന്നത്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണമായും അവഗണിച്ച സമരം അനിശ്ചിതമായി നീണ്ടു പോകുന്നതിനിടെയാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയത്. സമരം നടത്തുന്ന നഴ്‌സുമാര്‍ക്കു മൂന്നു മാസത്തെ ശമ്പളം അനുവദിക്കാമെന്ന ധാരണയിലാണ് അവസാനിപ്പിച്ചത്. ഡിസംബര്‍ 31ഓടെ നഴ്‌സുമാര്‍ ആശുപത്രിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്നും വ്യവസ്ഥയുണ്ട്.
ചര്‍ച്ചകളില്‍ ആശുപത്രി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഡോ.വിനോദ് വിശ്വനാഥന്‍, സ്മിത വിശ്വനാഥന്‍, ഡോ.സുനില്‍, ബി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയെ പ്രതിനിധീകരിച്ച് ജാസ്മിന്‍ഷാ, അശ്വതി ചന്ദ്രന്‍, ബിന്‍സി, ശ്രുതി എസ്.നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."