അര്‍ച്ചന കൊലക്കേസ്: ഭര്‍ത്താവായ സീരിയല്‍ സംവിധായകന് ജീവപര്യന്തം
തിരുവനന്തപുരം: അര്‍ച്ചന കൊലക്കേസില്‍ ഭര്‍ത്താവായ ടി.വി സീരിയല്‍ സംവിധായകന് ജീവപര്യന്തം തടവും പിഴയും. സീരിയല്‍ സംവിധായകന്‍ ദേവന്‍ കെ. പണിക്കറിനാണ് (ദേവദാസ് - 40) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കൈയും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
2009 ഡിസംബര്‍ 31ന് തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ നിന്നാണ് അര്‍ച്ചനയുടെ മൃതദേഹം പൊലിസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയില്‍ മാരകമായ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയിലാണു മൃതദേഹം കാണപ്പെട്ടത്. വീട്ടിനുള്ളില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കൊലപാതക വിവരം പുറത്തറിയുന്നതിനു മുന്‍പു തന്നെ ദേവന്‍ ഒളിവില്‍ പോയി. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. സീരിയല്‍ രംഗത്തെ സുഹൃത്തിനെ കണ്ടെത്തി ഇയാളെക്കൊണ്ടു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
അര്‍ച്ചനയും ദേവദാസും വേര്‍പിരിയാന്‍ തീരുമാനിക്കുകയും കുടുംബ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പക്ഷേ പിന്നീട് അര്‍ച്ചന എതിര്‍ത്തതിനെ തുടര്‍ന്ന് ബന്ധം വേര്‍പ്പെടുത്താനായില്ല. ഡിസംബര്‍ 28നു രാവിലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."