വീടിന് തീപിടിച്ച് മത്സ്യത്തൊഴിലാളി വെന്തുമരിച്ചു
കഴക്കൂട്ടം: വേളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം ഓലക്കുടിലിന് തീപിടിച്ച് മത്സ്യതൊഴിലാളിക്ക് ദാരുണ അന്ത്യം. വലയിവേളി കമ്പിക്കകം ആറ്റുകാല്‍ ഹൗസില്‍ ലാംബ്രഡ് (52) ആണ് മരിച്ചത്. ഇലെ രാവിലെ 10.15നായിരുന്നു അപകടം. സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് ഓലക്കുടില്‍ കത്തുന്നത് കണ്ട സമീപവാസികള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വീട് പൂര്‍ണമായും കത്തിയമരുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കത്തിയമര്‍ന്ന കുടിലില്‍ നിന്ന് ലാംബ്രഡിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ സ്റ്റൗ കത്തിച്ച് മീന്‍ പാചകം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തീ പടര്‍ന്നാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റൗവിന് സമീപത്തായി പാചകം ചെയ്യേണ്ട മത്സ്യം തയാറാക്കി വച്ചിരുന്നു. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ സമീപത്തായി നിര്‍മിച്ച താല്‍ക്കാലിക ഓലക്കുടിലിലാണ് അപകടം ഉണ്ടായത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വാഹനാപകടത്തില്‍ ലാംബ്രഡിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അപകടസമയത്ത് ലാംബ്രഡ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടില്‍ പോയിരുന്നു. കഴക്കൂട്ടം സി.ഐ അജയകുമാര്‍, തുമ്പ എസ്.ഐ അജിത്കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലിസ് അറിയിച്ചു. ഭാര്യ: ഡാളി. മക്കള്‍: ജിന്‍സി, പ്രിന്‍സി. മരുമക്കള്‍: ബൈജു, ഷിബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."