ബി.സി.സി.ഐ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: ഒറ്റ പന്തില്‍ വിജയം; റെക്കോര്‍ഡിട്ട് കേരളം
ഗുണ്ടൂര്‍: എതിര്‍ ടീമിനെ വെറും രണ്ട് റണ്‍സില്‍ പുറത്താക്കി, ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയിലൂടെ നാല് റണ്‍സ് അടിച്ചെടുത്ത് ഒറ്റ പന്തില്‍ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ടീമെന്ന ഖ്യാതി ഇനി കേരള വനിതാ ടീമിന് സ്വന്തം.
ബി.സി.സി.ഐ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ഏകദിന ലീഗ് പോരാട്ടത്തിലാണ് നാഗാലാന്‍ഡിനെതിരേ കേരളം അത്ഭുത വിജയം പിടിച്ചത്. മൂന്ന് റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ കേരളത്തിനായി ഓപണര്‍ അന്‍സു എസ് രാജു നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് വിജയവും സമ്മാനിച്ചു. സഹ ഓപണര്‍ ജോഷിന പി.എം പുറത്താകാതെ നിന്നു. 2006ല്‍ മ്യാന്‍മറിനെതിരേ എ.സി.സി മത്സരത്തില്‍ നേപ്പാള്‍ നേടിയ രണ്ട് പന്തിലെ വിജയമെന്ന ലോക റെക്കോര്‍ഡ് തിരുത്താനും കേരളത്തിനായി.
ഒരു പക്ഷേ ലോക ക്രിക്കറ്റില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഒരു മത്സര ഫലമാണ് കേരളം- നാഗാലാന്‍ഡ് പോരാട്ടത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഇതിലും മോശമായി ഒരു ടീമിനും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലെന്ന് നാഗാലാന്‍ഡ് വനിതാ താരങ്ങള്‍ തെളിയിക്കുകയായിരുന്നു മൈതാനത്ത്.
നാഗാലാന്‍ഡിന്റെ പതിനൊന്ന് താരങ്ങള്‍ 17 ഓവര്‍ ബാറ്റ് ചെയ്ത് നേടിയത് വെറും രണ്ട് റണ്‍സ് ! അതില്‍ ഒരു റണ്‍ വൈഡിലൂടെയാണ് ലഭിച്ചത്! ഓപണറായി ക്രീസിലെത്തിയ മേനക 18 പന്ത് ചെറുത്ത് നിന്ന് നേടിയ ഒറ്റ റണ്ണാണ് സ്‌കോര്‍ ബോര്‍ഡിലെത്തിയ മറ്റൊന്ന്.
ബാക്കി പത്ത് താരങ്ങളും സംപൂജ്യര്‍! സഹ ഓപണര്‍ മുഷ്‌കന്‍ 20 പന്തുകള്‍ നേരിട്ടപ്പോള്‍ ക്യാപ്റ്റന്‍ എലിന 15 പന്തുകളും ദീപിക കൈന്തുറ 12 പന്തുകളും കനിക രണ്ട് പന്തും പ്രിയങ്ക കര്‍മകര്‍ മൂന്ന് പന്തും പൊരി ആറ് പന്തും സരിബ 19 പന്തുകളും ജോയ്ശ്രീ നാല് പന്തും നേരിട്ട് പൂജ്യരായി കൂടാരം പൂകി.
ജ്യോതി ബാറ്റിങ് എന്‍ഡില്‍ എത്തും മുന്‍പ് ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ റണ്ണൗട്ടായി മടങ്ങി. അവസാന സ്ഥാനക്കാരിയായി ക്രീസിലെത്തിയ പ്രിയങ്ക മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.
കേരളത്തിനായി ക്യാപ്റ്റന്‍ മിന്നു മണി നാലോവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തി. സൗരഭ്യ പി ആറോവറില്‍ ഒരു റണ്‍ പോലും വഴങ്ങാതെ രണ്ട് വിക്കറ്റും സാന്ദ്ര സുരേന്ദ്രന്‍, ബിബി സെബാസ്റ്റ്യന്‍ എന്നിവര്‍ രണ്ടോവര്‍ വീതം എറിഞ്ഞ് ഓരോ വിക്കറ്റും വീഴ്ത്തി. അലീന സുരേന്ദ്രന്റെ ഓവറിലാണ് നാഗാലാന്‍ഡ് പന്ത് ബാറ്റില്‍ കൊള്ളിച്ച് ഒരു റണ്‍സ് സ്വന്തമാക്കിയത്. രണ്ടാമത്തെ റണ്‍സ് അലീന വൈഡ് എറിഞ്ഞ് സംഭാവനയായി നല്‍കുകയും ചെയ്തു. അഞ്ച് കളികളില്‍ കേരളത്തിന്റ രണ്ടാം വിജയമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."