കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂര്‍ എഫ്.സി പോരാട്ടം ഗോള്‍രഹിത സമനില
കൊച്ചി: അറബിക്കടലിലെ തിരമാലകള്‍ പോലെ മഞ്ഞക്കടലലകള്‍ തീര്‍ത്ത് ആര്‍ത്തിരമ്പിയ ഗാലറിയെ നിശബ്ദരാക്കി ഉരുക്കിന്റെ കരുത്തുള്ള കോപ്പലാശാന്റെ പടയാളികള്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചു. ആദ്യ കളിയില്‍ നിന്ന് വ്യത്യസ്തമായ പോരാട്ടം പുറത്തെടുക്കാനായെങ്കിലും മുന്‍ ആശാന്‍ സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്.സിക്ക് മുന്നിലും സമനില ചൊല്ലി സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം മോഹിച്ചെത്തിയ 36782 ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കി. കൈയടിച്ചു തളര്‍ന്ന മഞ്ഞപ്പടയുടെ ഫാന്‍സ് സമനിലയുടെ നിരാശയില്‍ ഇന്നലെയും കൂവി വിളിച്ചു മടങ്ങി. എ.ടി.കെയ്ക്ക് എതിരേയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടവും സമനിലയിലായിരുന്നു. ജംഷഡ്പൂര്‍ തങ്ങളുടെ ആദ്യ എവേ പോരാട്ടത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായി സമനില പാലിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമുകളുടെയും സമ്പാദ്യം രണ്ട് പോയിന്റ് വീതമാണ്.
ആദ്യ പോരാട്ടത്തില്‍ നിറംമങ്ങിയ മധ്യനിരയില്‍ അഴിച്ചു പണി നടത്തിയായിരുന്നു റെനെ മ്യൂളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ ഇറക്കിയത്. മിലന്‍ സിങിന് പകരം ജാക്കിചന്ദ് വന്നു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ലക്ഷ്യമിട്ട് ജംഷഡ്പൂര്‍ നിരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദ്യുതിക്ക് പകരം കോപ്പല്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ ഇറക്കി. മൂന്നാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായിരുന്നു ബെല്‍ഫോര്‍ട്ട്. എ.ടി.കെയ്‌ക്കെതിരായ പോരാട്ടത്തില്‍ അമ്പേ പരാജയമായിരുന്ന ദിമിത്രി ബെര്‍ബറ്റോവിനെ സ്‌ട്രൈക്കറുടെ റോളില്‍ നിന്ന് മധ്യനിരയിലേക്ക് ഇറക്കിയ റെനെ ഗോളടിക്കാനുള്ള ചുമതല ഇയാന്‍ ഹ്യൂമിന്റെ ചുമലിലേറ്റി. മറുഭാഗത്ത് ഡയമണ്ട് വേരിയഷനിലാണ് കോപ്പല്‍ ടീമിനെ കളത്തിലിറക്കിയത്. 4-3-2-1 ശൈലിയില്‍ ടാറ്റയുടെ കരുത്തര്‍ കളത്തിലെത്തി. ഇസു അസുക്കയെ ഏക സ്‌ട്രൈക്കറക്കി കോപ്പല്‍ ബെല്‍ഫോര്‍ട്ടിനെയു ജെറി മാവ്മിന്‍താംഗയെയും അറ്റാക്കിങ് മിഡ്ഫീല്‍ഡിന്റെ ചുമതല നല്‍കി. 4-2-3-1 ശൈലിയിലായിരുന്നു മ്യൂളന്‍സ്റ്റീന്‍ ടീമിനെ അണിനിരത്തിയത്. എങ്കിലും താരങ്ങളുടെ വിന്യാസത്തില്‍ മാറ്റം വരുത്തുകയും ചെയ്തു.
ഹ്യൂമിനെ മണിച്ചിത്രത്താഴിട്ട് പൂട്ടി
മെക്‌സിക്കന്‍ തിരമാലകള്‍ തീര്‍ത്ത മഞ്ഞപ്പില്‍ പുതഞ്ഞ ഗാലറിക്ക് മുന്നില്‍ പതിഞ്ഞ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂര്‍ പോരാട്ടത്തിന്. തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. നാലാം മിനുട്ടില്‍ ആദ്യാവസരം ജംഷഡ്പൂര്‍ എഫ്.സി തുറന്നു. പന്തുമായി മുന്നേറിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നല്‍കിയ പാസ് സൗവിക് ചക്രവര്‍ത്തിയിലേക്ക്. ജെറിക്ക് സൗവിക് പന്ത് മറിച്ചു നല്‍കി. ജെറി തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു. ബ്ലാസ്റ്റേഴ്‌സ് നിരയിലും ഗാലറിയിലും ആശ്വാസത്തിന്റെ നിമിഷങ്ങള്‍. ഏഴാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഫ്രീ കിക്ക് മുതലാക്കാനായില്ല. വലത് വിങില്‍ നിന്ന് ഹ്യൂം ബോക്‌സിലേക്ക് നല്‍കിയ ക്രോസിന് ഉയര്‍ന്നുചാടിയ വിനീത് തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ച ഹ്യൂമിനെ കൃത്യമായി പൂട്ടാന്‍ ജംഷഡ്പൂരിനായി. കോപ്പലാശാന്റെ പ്രതിരോധത്തിലെ വിശ്വസ്ഥ പടയാളികളായ മലയാളി താരം അനസ് എടത്തൊടികയും ഹോസെ ലൂയിസും കൃത്യമായി ഹ്യൂമേട്ടനെ അനങ്ങാനാവാത്ത വിധം മണിച്ചിത്രത്താഴിട്ട് പൂട്ടി.
മെയ്യനങ്ങി ബെര്‍ബോ
ആദ്യ കളിയിലെ ദിമിത്രി ബെര്‍ബറ്റോവായിരുന്നില്ല ഇന്നലെ. തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തനായിരുന്നു ഇന്നലെ ബെര്‍ബോ. പിന്നിലേക്കിറങ്ങി കളിക്കേണ്ടി വന്നതോടെ ബെര്‍ബറ്റോ കളം നിറഞ്ഞാടി. അലസനായ മാന്ത്രികന്‍ എന്ന് കാല്‍പന്തുകളി ലോകം വാഴ്ത്തി പാടുന്ന ബെര്‍ബോ മധ്യനിരയില്‍ നിന്ന് മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാന്‍ നന്നായി അധ്വാനിച്ചു. 16ാം മിനുട്ടില്‍ ഗാലറിയെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു ഗോളവസരം. ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ലാല്‍റുവാതാര നല്‍കിയ പാസ് മികച്ചൊരു ശ്രമത്തിലൂടെ ബെര്‍ബറ്റോവ് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ജംഷഡ്പൂര്‍ ഗോളി സുബ്രതാപാലിന്റെ മികവിനെ കീഴടക്കാനായില്ല. 18ാം മിനുട്ടിന് ശേഷം ജംഷഡ്പൂരിന് അനുകൂലമായ കോര്‍ണര്‍ കിക്ക്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അപകടം തരണം ചെയ്തു.
30ാം മിനുട്ടില്‍ ബോക്‌സിന്റെ തൊട്ടുപുറത്ത് നിന്ന് ജംഷഡ്പൂരിന് അനുകൂലമായ ഫ്രീ കിക്ക്. ബെല്‍ഫോര്‍ട്ടിനെ ജിങ്കന്‍ വീഴ്ത്തിയതിനാണ് ഫ്രീ കിക്ക് ലഭിച്ചത്. കിക്ക് എടുത്തത് എമേഴ്‌സണ്‍ മൗറ. മൗറയുടെ ഷോട്ട് പ്രതിരോധ മതിലിന് ഇടയിലൂടെ വലയിലേക്ക് പാഞ്ഞെങ്കിലും ഗോള്‍ കീപ്പര്‍ പോള്‍ റെച്ബുക ഡൈവ് ചെയ്ത് തട്ടിയകറ്റി. റീ ബൗണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാനുള്ള ജംഷഡ്പൂര്‍ താരം ജെറിയുടെ ശ്രമവും ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 35ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ചൊരു മുന്നേറ്റം സൃഷ്ടിച്ചെങ്കിലും കാര്യമുണ്ടായില്ല. പോരാട്ടത്തിന്റെ ആദ്യപകുതി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബ്ലസ്റ്റേഴ്‌സ് നിരയില്‍ പതര്‍ച്ച കണ്ടു തുടങ്ങി. അവസരം മുതലെടുത്ത് ജംഷഡ്പൂര്‍ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
ഗോളും വിജയവും അകലെയകലെ
ജംഡ്പൂരിന്റെ മുന്നേറ്റമായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തില്‍. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ട്രിനിഡാഡ് ഗൊണ്‍സാല്‍വസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം. നേരിയ വ്യത്യാസത്തിലായിരുന്നു ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് പുറത്തേക്ക് പോയത്. 56ാം മിനുട്ടില്‍ കൊച്ചിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി രഞ്ജിത് ബക്ഷി പുറത്തെടുത്തു. പന്ത് അനാവശ്യമായി കൈയില്‍വച്ച് വൈകിപ്പിച്ചതിന് മെഹ്താബ് ഹുസൈനാണ് ബുക്കിങ് ഇരന്നു വാങ്ങിയത്. തൊട്ടടുത്ത മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 62ാം മിനുട്ടില്‍ കോപ്പല്‍ ജെറിയെ തിരിച്ചുവിളിച്ച് ഫാറൂഖ് ചൗധരിയെ കളത്തിലിറക്കി. പരുക്കന്‍ കളിയുടെ പേരില്‍ മഞ്ഞക്കാര്‍ഡുകള്‍ കിട്ടിയതോടെ ടാറ്റ ടീം പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഇതോടെ ജംഷഡ്പൂരിന്റെ കളിയുടെ താളവും അഴകും ചോര്‍ന്നു തുടങ്ങി. 66ാം മിനുട്ടില്‍ പരുക്കേറ്റ് അനസിനെ തിരികെ വിളിച്ച കോപ്പല്‍ പകരക്കാരനായി ബികാഷ് ജെയ്‌റുവിനെ മൈതാനത്തിറക്കി. 68ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ആദ്യ മാറ്റം. ഹ്യൂമിനെ തിരികെ വിളിച്ചു മാര്‍ക്കോസ് സിഫ്‌നിയോസിനെ കളത്തിലെത്തിച്ചു. തൊട്ടുപിന്നാലെ ജാക്കിചന്ദിന് പകരം മലയാളി താരം പ്രശാന്തിനെ നിയോഗിച്ചു. 77ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ഒരു അവസരം. കറേജ് പെക്കുസന്‍ ബോക്‌സിന് പുറത്ത് നിന്ന് പറത്തിയ ലോങ്‌റേഞ്ചര്‍ പോസ്റ്റിന്റെ വശത്തിലൂടെ പുറത്തേക്ക് പറന്നു. 82ാം മിനുട്ടില്‍ പെക്കുസനെ പിന്‍വലിച്ച് മിലന്‍ സിങിനെ കളത്തിലിറക്കിയെങ്കിലും വിജയ ഗോള്‍ അകലെയായിരുന്നു.
പോരാട്ടം ഇഞ്ച്വറി സമയത്തേക്ക് കടക്കും മുന്‍പ് റെചുബ്ക വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. വലതു പാര്‍ശ്വത്തില്‍ നിന്ന് ട്രിനിഡാഡ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മിന്നുന്ന ഹെഡ്ഡറിലൂടെ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും റെചുബ്ക ഡൈവിങിലൂടെ രക്ഷപ്പെടുത്തി. രണ്ടാം നാട്ടങ്കത്തിലും തോറ്റില്ലെന്ന് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാം. വിജയം പിടിച്ചെടുക്കാനായില്ലെങ്കിലും പഴയ തട്ടകത്തില്‍ തന്റെ പഴയ ടീമിനെ സമനിലയില്‍ തളച്ച് സ്റ്റീവ് കോപ്പല്‍ മഞ്ഞയില്‍ കളിച്ചാടിയ ഗാലറിയെ നിശബ്ദരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."