അയര്‍ലന്‍ഡില്‍ ഉപപ്രധാനമന്ത്രിക്കെതിരേ അവിശ്വാസം; സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ഡബ്ലിന്‍: ഉപപ്രധാനമന്ത്രിക്കെതിരേ അവിശ്വാസവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ അയര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണു പ്രധാന പ്രതിപക്ഷമായ ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ ആരോപണം.
പ്രധാനമന്ത്രി ലിയോ വരദ്കര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇതോടെ പ്രതിസന്ധിയിലായി. ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ നിലപാട് വ്യക്തമാക്കേണ്ട ദിവസം അടുത്തെത്തിയിരിക്കെ പുതിയ പ്രതിസന്ധി അയര്‍ലന്‍ഡ് സര്‍ക്കാരിനു തലവേദനയാകും. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പൊലിസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉപപ്രധാനമന്ത്രിക്കെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്.
18 മാസം മുന്‍പാണ് വരദ്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്. വലിയ ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന സര്‍ക്കാരിനെ താഴെയിടാന്‍ ഈ ആരോപണങ്ങള്‍ ധാരാളമാണ്. അതേസമയം, നിര്‍ണായകമായ ഘട്ടത്തില്‍ രാജ്യതാല്‍പര്യത്തിനു വിലകല്‍പിക്കാതെ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതു ചോദ്യംചെയ്തു ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."