സഊദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് എംബസി
ജിദ്ദ: നിതാഖാത്തിനിടയിലും സഊദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് സഊദിയില്‍ പുതുതായി തൊഴില്‍ തേടി എത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ സഊദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 30.39 ലക്ഷം ആയിരുന്നു. എന്നാല്‍ സെപ്തംബര്‍ മാസത്തോടെ ഇത് 32.53 ലക്ഷമായി ഉയര്‍ന്നു. ആറു മാസത്തിനിടെ 2,14,708 പുതിയ ഇന്ത്യക്കാരാണ് ഈ കാലയളവില്‍ തൊഴില്‍ തേടി സഊദിയിലെത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
സഊദി എമിഗ്രേഷന്‍ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരമാണ് ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി എംബസി വ്യക്തമാക്കിയത്.
സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത്, ആശ്രിത ലെവി എന്നിവ ഉള്‍പ്പെടെ പരിഷ്‌കരണങ്ങള്‍ തുടരുമ്പോഴും സഊദിയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളം, യു.പി, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തിയിട്ടുളളത്.
റിയാദ് മെട്രോ ഉള്‍പ്പെടെ സഊദിയിലെ വന്‍കിട പദ്ധതികളുടെ നിര്‍മാണ, നടത്തിപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യന്‍ മാനവവിഭവ ശേഷിയെയാണ്. നിയമാനുസൃതം സഊദിയിലുള്ള ഇന്ത്യാക്കാരുടെ കണക്കാണിത്. അതല്ലാത്തവര്‍ വേറെയും. സഊദി അരാംകോ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇന്ത്യക്കാരെ നോട്ടമിടുന്നുണ്ട്.
സഊദി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും വിദേശികള്‍ക്ക് ഇപ്പോഴും അവസരങ്ങള്‍ തുറന്നു വച്ചിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം ജോലിക്കാരെ തേടി കമ്പനികള്‍ പരസ്യം നല്‍കാനും തുടങ്ങിയിട്ടുണ്ട്. നിയമ ലംഘകരില്ലാത്ത രാജ്യമെന്ന കാംപയിന്റെ ഭാഗമായി ആരംഭിച്ച പരിശോധനയില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണവും കുറവാണ്. അതേസമയം, പൊതുമാപ്പില്‍ ഔട്ട്പാസ്‌നേടി രാജ്യം വിട്ട ഇന്ത്യക്കാരുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെയാണ്. ഫൈനല്‍ എക്‌സിറ്റ് നേടി ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും സഊദിയില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."