യൂനിവേഴ്‌സിറ്റി പരീക്ഷാ മൂല്യനിര്‍ണയ വേതനം ഉടന്‍ വിതരണം ചെയ്യും; ക്യാംപ് ബഹിഷ്‌കരണം പിന്‍വലിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ നാളെ മുതല്‍ നടക്കുന്ന ബിരുദ- ബിരുദാനന്തര കേന്ദ്രീകൃത പരീക്ഷാ മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്‌കരണം സ്വാശ്രയ കോളജ് അധ്യാപകര്‍ പിന്‍വലിച്ചു. സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി ജോര്‍ജ്കുട്ടി, ഫിനാന്‍സ് ഓഫിസര്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പരീക്ഷാ മൂല്യനിര്‍ണയ വേതനം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സ്വാശ്രയ കോളജ് അധ്യാപകര്‍ യൂനിവേഴ്‌സിറ്റി ഭരണനിര്‍വഹണ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ച് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി എന്‍. വിനോദ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സ്റ്റാലിന്‍, കെ.പി അസീസ് ബാവ, പ്രൊഫ. പി.എന്‍ പത്മനാഭന്‍, പി.എം സദാനന്ദന്‍, പ്രൊഫ. ടി.വി കൃഷ്ണന്‍കുട്ടി, കെ. റിഷാദ് തുടങ്ങിവയര്‍ സംസാരിച്ചു.
ഇനിമുതല്‍ മൂല്യനിര്‍ണയം നടത്തുന്ന മുഴുവന്‍ പേപ്പറുകള്‍ക്കും പാര്‍ട്ട് ഓഫ് ഡ്യൂട്ടി ബാധകമാക്കാതെ പ്രതിഫലം നല്‍കും. കുടിശ്ശിക വേതനം വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും മുന്‍കാലങ്ങളില്‍ ഡ്യൂട്ടിയുടെ ഭാഗമാക്കി യൂനിവേഴ്‌സിറ്റി പിടിച്ചുവച്ച വേതനം പുനര്‍നിര്‍ണയിച്ച് വീണ്ടും വിതരണം ചെയ്യുമെന്നും യൂനിവേഴ്‌സിറ്റി ഫിനാന്‍സ് ഓഫിസര്‍ ഉറപ്പുനല്‍കി.
മൂല്യനിര്‍ണയ പ്രക്രിയയില്‍ അധ്യാപകര്‍ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിക്കുന്നതിന് അടുത്തയാഴ്ച വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ യോഗം ചേരും. പരീക്ഷാ ഡ്യൂട്ടിയുടെ വേതനവും ഇതോടൊപ്പം വിതരണം ചെയ്യും. ബിരുദ പേപ്പറുകള്‍ക്ക് 15 രൂപയും ബിരുദാനന്തര പേപ്പറുകള്‍ക്ക് 22 രൂപയും അധ്യാപകര്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."