സ്‌കൂള്‍ യൂനിഫോം ഇനി സഹകരണ സ്പിന്നിങ് മില്ലുകളിലെ നൂലില്‍
തൊടുപുഴ: സംസ്ഥാനത്തെ സൗജന്യ സ്‌കൂള്‍ യൂനിഫോം ഇനി സഹകരണ സ്പിന്നിങ് മില്ലുകളിലെ നൂലില്‍. കൊല്ലം, കോട്ടയം പ്രിയദര്‍ശനി, ആലപ്പുഴ, തൃശൂര്‍ വിരുപ്പാക്ക, മാളയിലെ കരുണാകരന്‍ സ്മാരക മില്‍, മലപ്പുറം, കുറ്റിപ്പുറം മാല്‍കോടെക്‌സ്, കണ്ണൂര്‍ എന്നിങ്ങനെ എട്ട ് സ്പിന്നിങ് മില്ലുകളാണ് നിലവിലുള്ളത്.
സംസ്ഥാന വ്യവസായ വകുപ്പിനുകീഴില്‍ 95 ശതമാനം സര്‍ക്കാര്‍ ഓഹരിയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഈ സ്പിന്നിങ് മില്ലുകളെല്ലാം നിലവില്‍ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം കോട്ടയം പ്രിയദര്‍ശനി മില്‍ കഴിഞ്ഞ ഒക്ടോബര്‍ അവസാനവും, കൊല്ലം ചാത്തനൂര്‍ സ്പിന്നിങ് മില്‍ 14 ദിവസം മുന്‍പും അടച്ചിരുന്നു.
സ്പിന്നിങ് മില്ലുകള്‍ ഓരോ വര്‍ഷവും നാല് കോടി മുതല്‍ 10 കോടി രൂപ വരെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എട്ട് മില്ലുകളിലുമായി 3000ത്തോളം ജീവനക്കാരാണ് ഉള്ളത്.
മലപ്പുറം, കണ്ണൂര്‍ സ്പിന്നിങ് മില്ലുകളില്‍ യൂനിഫോം നൂല്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന നൂലിന്റെ ഗുണനിലവാരം വ്യവസായ വകുപ്പ്, ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നിവര്‍ ലാബോറട്ടറി പരിശോധനയിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍ യൂനിഫോമിനുള്ള നൂലിന്റെ ആദ്യലോഡ് നെയ്ത്തിനായി കഴിഞ്ഞ 18ന് ബാലരാമപുരത്തേക്ക് അയച്ചു.
സൗജന്യ യൂനിഫോം പദ്ധതിക്ക് ആവശ്യമായ നൂല്‍ ഇതുവരെ അന്യസംസ്ഥാന സ്വകാര്യ സംരംഭകരില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങിയിരുന്നത്. ഈ ഇടപാടില്‍ ഉന്നതതലങ്ങളില്‍ നടത്തുന്ന വ്യാപക അഴിമതിയും ഏജന്റുമാരുടെ ഇടപെടലും വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്പിന്നിങ് മില്ലുകളില്‍ വിജിലന്‍സ് പരിശോധന ശക്തമാക്കി. തൃശൂര്‍ സ്പിന്നിങ് മില്‍ എം.ഡിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാലാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലാണ് നിലവില്‍ സൗജന്യ യൂനിഫോം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതി ഉയര്‍ന്ന ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് 4.56 ലക്ഷം കിലോ നൂലിന്റെ ആവശ്യമാണ് നിലവിലുള്ളത്.
സര്‍ക്കാരിന്റെ പുതിയ തീരുമാനം മുങ്ങിത്താഴുന്ന സ്പിന്നിങ് മില്ലുകള്‍ക്ക് പുതുജീവനേകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."