യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം: കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമങ്ങള്‍ക്ക് വിലക്ക്
ലഖ്നൗ: വിദ്വേഷ പ്രസംഗ കേസില്‍ പ്രതിയായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോടതി നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി. 2008ലാണ് യു.പിയിലെ ഗൊരഖ്പൂരില്‍ അദ്ദേഹം മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചത്. എന്നാല്‍ ഈ കേസില്‍ മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്കിയാല് അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി മാധ്യമങ്ങളെ വിലക്കിയത്. തെറ്റായി വാര്‍ത്തകള്‍ നല്കുന്നതുകാരണം കോടതിക്കുപോലും ബുദ്ധിമുട്ടുണ്ടാകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഏഴിന് അലഹബാദ് ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് പ്രത്യേക ഉത്തരവിലൂടെ മാധ്യമങ്ങളെ കോടതി റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് വിലക്കിയത്. യോഗിയുടെ വിദ്വേഷ പ്രസംഗ കേസിന്റെ അവസാന വിധിവരെയും മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. കോടതിയുടെ നിരീക്ഷണങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയും തെറ്റിദ്ധരിപ്പിക്കും വിധവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെയും ഇതേ പ്രശ്നം അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ മനീഷ് ഗോയല്‍ കോടതിക്ക് മുന്‍പാകെ അറിയിച്ചിരുന്നുവെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പിന്നീട് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടതോടെ മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ നിര്‍ബന്ധിതരായെന്നും ഉത്തരവില്‍ പറയുന്നു.
കേസില്‍ പ്രതിയായ യോഗി ആദിത്യനാഥിനെ ശിക്ഷിക്കാന്‍ മെയ് മാസത്തില്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. നിയമസഭാ സാമാജികരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹത്തിന് നിയമ പരിരക്ഷ ലഭിക്കും.
ഇത് ചോദ്യം ചെയ്ത് നല്കിയ ഹരജിയിലെ വാദംകേള്‍ക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് കോടതി മാധ്യമങ്ങളെ വിലക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."