ക്രമസമാധാന കോപ്രായങ്ങള്‍; സഹികെട്ട് ഫുട്‌ബോള്‍ പ്രേമികള്‍
കൊച്ചി: ഞങ്ങളെന്താ തീവ്രവാദികളോ... ഇവരെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഞങ്ങള്‍ വരുന്നത് മികച്ച കളി കാണാനാണ്. കൊച്ചിയുടെ കളിത്തട്ടില്‍ ഗുണ്ടകളുടെയും പൊലിസിന്റെയും ഇരകളായ കാല്‍പന്തുകളി പ്രേമികളുടെ വാക്കുകളാണിത്. പൊലിസും സ്വകാര്യ ഏജന്‍സിയുടെ സുരക്ഷാ ജീവനക്കാരും സുരക്ഷയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായത്തില്‍ സഹിക്കെട്ട നിലയിലാണ് കാണികള്‍.
സ്റ്റേഡിയത്തിനകത്തെ ക്രമസമാധാന ചുമതല സ്വകാര്യ ഏജന്‍സി നിയോഗിച്ച ബൗണ്‍സേഴ്‌സിന്റെ കൈകളിലാണ്. കാഴ്ചക്കാരുടെ റോള്‍ മാത്രമായതോടെയാണ് പൊലിസ് കാണികളെ നന്നായി വെറുപ്പിച്ച് തുടങ്ങിയത്. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും സുരക്ഷാ ചുമതല പൊലിസിനായിരുന്നു. ഇത്തവണയാണ് സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത്. പൊലിസ് ഉണ്ടെങ്കിലും സ്റ്റേഡിയത്തിന് പുറത്ത് മാത്രമാണ് അവര്‍ക്ക് കാര്യം. പൊലിസും സംഘാടകരുടെ സ്വകാര്യ സേനയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായതോടെ പീഡനം മുഴുവന്‍ ഏറ്റുവാങ്ങേണ്ടത് കാണികളും. ഗാലറിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ക്ക് മുന്നില്‍ മസിലും പെരുപ്പിച്ച് കാവല്‍ നില്‍ക്കുന്ന ബൗണ്‍സേഴ്‌സ് കാണികളോട് ശത്രുവിനോട് എന്ന വിധമാണ് പെരുമാറുന്നത്. സുരക്ഷാ പരിശോധനയുടെ പേരില്‍ കടുത്ത പീഡനമാണ് നടക്കുന്നത്. ഫിഫ ലോകകപ്പ് മാതൃകയിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നാണ് വാദം.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തുടങ്ങും പൊലിസിന്റെ 'കൈയേറ്റം'. ഒരു കിലോ മീറ്ററിലേറെ നടന്നു വേണം സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍. സ്റ്റേഡിയത്തിലേക്കുള്ള പ്രധാനപാതകള്‍ അടച്ച് പൊലിസ് ഇടുങ്ങിയ വഴികളിലൂടെയാണ് കടത്തിവിടുന്നത്. പരമാവധി കാണികളെ വെറുപ്പിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരുന്നവരുടെ ഒഴുക്ക് തടയുക. തങ്ങളെ നോക്കുകുത്തിയാക്കിയ ഐ.എസ്.എല്‍ സംഘാടകര്‍ക്കിട്ട് പണി കൊടുക്കുക. ഇതിനാണ് പൊലിസ് ശ്രമം. സുരക്ഷാ സംവിധാനങ്ങളെ കാണികളും അംഗീകരിക്കുന്നു. എന്നാല്‍, മാന്യതയില്ലാത്ത പെരുമാറ്റവും പീഡനവും അവരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
പൊലിസിന് പുറമേ തനി ഗുണ്ടാ സ്റ്റൈലില്‍ സ്വകാര്യ ഏജന്‍സിയുടെ മസില്‍മാന്‍മാര്‍ ക്രമസമാധാന പാലനം കൈയിലെടുത്ത് നടത്തുന്ന കൈയേറ്റം കൂടിയായതോടെ കാണികള്‍ സഹിക്കെട്ട നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."