ആഷസ് ആവേശകരമാകുന്നു
ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ആഷസ് ടെസ്റ്റ് ആവേശകരമാകുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 302 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ പോരാട്ടം 328 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 26 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. എട്ട് വിക്കറ്റുകള്‍ കൈയിലുള്ള ഇംഗ്ലണ്ടിന് ഏഴ് റണ്‍സ് ലീഡ്.
മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടു. താരം ഏഴ് റണ്‍സില്‍ പുറത്തായി. പിന്നാലെ രണ്ട് റണ്‍സെടുത്ത ജെയിംസ് വിന്‍സിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ഹാസ്‌ലെവുഡാണ് ഇരുവരേയും പുറത്താക്കിയത്. കളി നിര്‍ത്തുമ്പോള്‍ ഓപണര്‍ സ്റ്റോണ്‍മാന്‍ (19), നായകന്‍ ജോ റൂട്ട് (അഞ്ച്) എന്നിവരാണ് ക്രീസില്‍.
21ാം ടെസ്റ്റ് ശതകം നേടി പുറത്താകാതെ നിന്ന് മുന്നില്‍ നിന്ന് നയിച്ച നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിങാണ് ആസ്‌ത്രേലിയക്ക് തുണയായത്. 76 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഓസീസിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മിത്ത്- ഷോണ്‍ മാര്‍ഷ് സഖ്യമാണ് കരകയറ്റിയത്. സ്മിത്ത് 512 പന്തുകള്‍ നേരിട്ട് 141 റണ്‍സെടുത്ത് പുരത്താകാതെ നിന്നു. ഷോണ്‍ മാര്‍ഷ് 51 റണ്‍സെടുത്തു. വാലറ്റത്ത് പാറ്റ് കമ്മിന്‍സ് 42 റണ്‍സെടുത്ത് നായകന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും ആന്‍ഡേഴ്‌സന്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജാക്ക് ബോള്‍, ക്രിസ് വോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ സ്റ്റോണ്‍മന്‍ (53), ജെയിംസ് വിന്‍സ് (83) ഡേവിഡ് മാലന്‍ (56) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 302 റണ്‍സ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."