പുരസ്‌കാരം ഉറപ്പില്ല; ട്രംപ് ടൈം 'പേഴ്‌സന്‍ ഓഫ് ദ ഇയര്‍' അഭിമുഖവും ഫോട്ടോഷൂട്ടും വേണ്ടെന്നു വച്ചു
വാഷിങ്ടണ്‍: ടൈം 'പേഴ്‌സന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ ഇത്തവണ മാഗസിന്റെ ഫോട്ടോഷൂട്ടും അഭിമുഖവും താന്‍ സ്വയം നിരസിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ട്രംപിന്റെ തുറന്നുപറച്ചില്‍.
കഴിഞ്ഞ വര്‍ഷത്തെ പോലെ 'പേഴ്‌സന്‍ ഓഫ് ദ ഇയറാ'യി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് ടൈം മാഗസിന്‍ വൃത്തങ്ങള്‍ വിളിച്ചിരുന്നു. പക്ഷെ, അതിനായി ഒരു അഭിമുഖത്തിനും ഫോട്ടോഷൂട്ടിനും താന്‍ നിന്നുകൊടുക്കേണ്ടിയിരുന്നു. ഞാനത് നല്ലതല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. എന്തായിരുന്നാലും നന്ദിയുണ്ട്-ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.
2016ലെ ടൈം 'പേഴ്‌സന്‍ ഓഫ് ദ ഇയര്‍' ട്രംപായിരുന്നു. പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന തലവാചകത്തോടെയായിരുന്നു മാഗസിന്‍ ഈ ലക്കം പ്രസിദ്ധീകരിച്ചിരുന്നത്. 'പേഴ്‌സന്‍ ഓഫ് ദ ഇയറി'നെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ട്രംപ് പറഞ്ഞത് ശരിയല്ലെന്ന് ടൈം അധികൃതര്‍ ഇതിനോട് പ്രതികരിച്ചു. ഡിസംബര്‍ ആറിന് മാഗസിന്‍ ലക്കം പ്രസിദ്ധീകരിക്കുന്നതു വരെ തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."