ഡ്രോണ്‍വേധ ആയുധങ്ങളുമായി അമേരിക്ക
വാഷിങ്ടണ്‍: പതിറ്റാണ്ടുകളായി ഇറാഖ്, അഫ്ഗാനിസ്താന്‍ അടക്കമുള്ള യുദ്ധഭൂമികളില്‍ പരീക്ഷിച്ച ആയുധങ്ങള്‍ ഉടച്ചുവാര്‍ത്ത് അമേരിക്ക പുതിയ യുദ്ധത്തിന് സജ്ജമാകുന്നതായി റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ അമേരിക്കയ്ക്കു തലവേദന സൃഷ്ടിക്കുന്ന ആളില്ലാ യുദ്ധ വിമാനങ്ങളായ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള വന്‍ ആയുധ സജ്ജീകരണങ്ങളാണ് പെന്റഗണ്‍ തയാറാക്കുന്നത്.
ഡ്രോണുകള്‍ ഉപയോഗിച്ച് ശത്രുക്കള്‍ അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും സൈന്യത്തിനെതിരേ ശക്തമായ ആക്രമണമാണ് അടുത്ത കാലത്തായി നടത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സിറിയയില്‍ തീവ്രവാദ സംഘമായ ഹിസ്ബുല്ല നടത്തിയ ഇരട്ട ബോംബ് സ്‌ഫോടനം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു.
ഇതിനു തൊട്ടുപിറകെ ഇറാഖില്‍ ഐ.എസിനെതിരേ പോരാടുന്ന നിരവധി കുര്‍ദ് പോരാളികള്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദൃഷ്ടിയില്‍പെടാത്ത തരത്തിലുള്ള പൂമ്പാറ്റകളുടെ വലിപ്പത്തിലുള്ള വളരെ ചെറിയതു മുതല്‍ ഷൂ ബോക്‌സിന്റെ വലിപ്പമുള്ളവരെ വരെ ഡ്രോണ്‍ വിമാനങ്ങളിലുണ്ട്. ഇത് തിരിച്ചറിഞ്ഞ് തിരിച്ചടിക്കുക അടുത്തായി പെന്റഗണിനും സഖ്യരാഷ്ട്രങ്ങള്‍ക്കും ഏറെ തലവേദനയായിട്ടുണ്ട്.
പ്രധാനമായും സൂക്ഷ്മ പരിശോധന നടത്താന്‍ ശേഷിയുള്ള ലേസര്‍ മൈക്രോവേവ് ആയുധങ്ങള്‍ വികസിപ്പിക്കാനാണ് പെന്റഗണ്‍ പദ്ധതിയിടുന്നത്. ലോക് ഹീഡ് മാര്‍ട്ടിന്‍, റേത്തിയോണ്‍, ബി.എ.ഇ സിസ്റ്റംസ് തുടങ്ങിയ ആയുധ കമ്പനികളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഡ്രോണ്‍വേധ ആയുധങ്ങള്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."