ഇരുട്ട് തുന്നുന്ന വജ്രസൂചികള്‍
ലിസിയുടെ ജീവിതത്തെ ഒരു സിനിമാക്കഥയോട് ഉപമിക്കുന്നത്, നാം ഇതുവരെ കണ്ടു പരിചയിച്ച സിനിമാക്കഥകളോട് കാട്ടുന്ന അനീതിയാവും. കാരണം, സിനിമയെ അതിശയിപ്പിക്കുന്ന ജീവിതമാണ് ലിസി ഡയാനയുടേത്. ആ ജീവിതത്തിന്റെ കൈവഴികളെക്കുറിച്ച് അടുത്തറിയുമ്പോള്‍ ആരും ഒന്ന് പകച്ചുപോവുകയോ അത്ഭുതം കൂറുകയോ ചെയ്യും. എന്നിട്ടും അവരുടെ ജീവിതം ഒരു പുസ്തകമായോ അഭ്രപാളികളിലെ വിസ്മയക്കാഴ്ചയായോ ഇതുവരെ പുറത്തുവന്നിട്ടില്ല.
ജീവിതത്തില്‍ ചില വിപര്യയങ്ങളുണ്ടെന്ന് ലിസി വിശ്വസിക്കുന്നു. ടോള്‍സ്റ്റോയിയുടെ ഒരു കഥ കടമെടുത്തു പറയുകയാണെങ്കില്‍, വേദനിച്ചപ്പോള്‍ ദൈവം ലിസിയെ കൈയിലെടുത്ത് മണല്‍പ്പരപ്പിലൂടെ നടന്നിട്ടുണ്ട്. സന്തോഷിച്ചപ്പോള്‍ ദൈവം ആ ഉടലിനോട് ചേര്‍ന്നുനിന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍ രാജസ്ഥാനില്‍നിന്ന് ലിസി മൈലുകള്‍ക്കിപ്പുറമുള്ള കേരളത്തില്‍ എത്തിച്ചേരേണ്ടവളല്ല. ഇവിടുത്തെ മഴയും കാറ്റും കൊണ്ട് തെരുവുജീവിതത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടവളായിരുന്നില്ല. ജീവിതത്തില്‍ ആരോടും ഒരു പകയോ അരുതായ്മകളോ ചെയ്തിട്ടില്ലെങ്കിലും എന്തുകൊണ്ടോ ലിസിയുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. ആഞ്ഞുകൊത്താന്‍ വന്ന വിധിവൈപരീത്യങ്ങളെ ആരെയും അതിശയിപ്പിക്കുന്ന ചങ്കൂറ്റത്തോടെയാണ് അവര്‍ നേരിട്ടത്. രണ്ടര ദശാബ്ദം പിന്നിട്ടുകഴിഞ്ഞ ആ തെരുവുജീവിതത്തില്‍നിന്നു മലയാളികള്‍ക്കു പഠിക്കാന്‍ ചില്ലറയല്ല കാര്യങ്ങളുള്ളത്.
രാജസ്ഥാനിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ശിവാനി പട്ടേല്‍ എന്ന ഡയാന ലിസിയുടെ ജനനം. സമ്പന്നതയുടെ സര്‍വൈശ്വര്യങ്ങളും ഒന്‍പതാം ക്ലാസുവരെ ആ പെണ്‍കുട്ടി നുകര്‍ന്നിരുന്നു. സൗഭാഗ്യങ്ങളുടെ നടുവില്‍നിന്ന് പൊടുന്നനെ ദുരിതങ്ങളുടെ ആഴക്കടലിലേക്ക് ആ ജീവിതം വലിച്ചെറിയപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ ഇപ്പോഴും നനയും. സമ്പത്ത് ഒരു ശാപമായി ചില ജീവിതങ്ങളെ മാറ്റിമറിക്കാറുണ്ടല്ലോ. അതുതന്നെയാണ് ശിവാനിയുടെ ജീവിതത്തിലും സംഭവിച്ചത്. സ്വത്ത് മോഹിച്ച അമ്മാവനിലെ മനുഷ്യത്വം മരവിച്ച നിമിഷത്തിലാണ് ശിവാനിക്ക് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മയെ കൊന്നിട്ടും അരിശം തീരാഞ്ഞ് ആ മനുഷ്യന്‍ ശിവാനിയെ അപായപ്പെടുത്താന്‍ മുഖത്ത് ആസിഡ് ഒഴിച്ചു. അതിന്റെ പൊള്ളല്‍ വേദനയില്‍ വീടുവിട്ടിറങ്ങിയ ശിവാനിയും അച്ഛനും രാജസ്ഥാനില്‍നിന്നു കിട്ടിയ ട്രെയിനില്‍ വന്നിറങ്ങിയത് ഒരു നിയോഗംപോലെ കൊയിലാണ്ടിയിലാണ്.
കൊയിലാണ്ടിയില്‍ ട്രെയിനിറങ്ങുമ്പോള്‍ ശിവാനി പട്ടേലിന് പ്രായപൂര്‍ത്തി ആയിട്ടില്ല. ആ വട്ടമുഖത്തെ വികൃതമാക്കിയ ആസിഡ് ആക്രമണത്തിന്റെ മുറിവുകള്‍ അപ്പോഴും ഉണങ്ങിയിരുന്നില്ല. അതിന്റെ നീറ്റല്‍ ഉള്ളിലടക്കിയാണവള്‍ കൊയിലാണ്ടിയിലെ തെരുവുകളില്‍ മദ്യപാനിയായ അച്ഛനോടൊപ്പം അലഞ്ഞത്. റെയില്‍വെ പഌറ്റ്‌ഫോമില്‍ വിളിപ്പാടകലെ കടല്‍ ആര്‍ത്തലയ്ക്കുന്നത് ആ രാജസ്ഥാന്‍കാരിക്കു കൗതുകമായി. തന്റെ മനസിനകത്ത് കടലിനോളം പോന്ന മറ്റൊരു കടല്‍ അലയടിക്കുന്നുണ്ടല്ലോ എന്ന് അവള്‍ വിചാരിച്ചിരിക്കണം. മറ്റേതൊരു പെണ്‍കുട്ടിയാണെങ്കിലും അതൊന്നും താങ്ങാനുള്ള കെല്‍പ്പില്ലാതെ ഒരു തുണ്ടം കയറിലോ, അല്ലെങ്കില്‍ ഓടിക്കിതച്ചുവരുന്ന ട്രെയിനിനു മുന്‍പിലോ ജീവിതം ഒടുക്കേണ്ടതാണ്. എന്നാല്‍ കൊച്ചിലേ പ്രതിസന്ധികളോട് എതിരിട്ടു നില്‍ക്കാന്‍ ലിസിക്കു പ്രാപ്തിയുണ്ടായിരുന്നു. ആ കരളുറപ്പാണ് അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്.
അച്ഛന്‍ പണ്ടേ മദ്യപാനിയായിരുന്നു. ഉള്ളതെല്ലാം അന്യാധീനപ്പെട്ട വേദനയില്‍ അയാള്‍ മുഴുക്കുടിയനായി. അച്ഛനെ പോറ്റുക എന്ന വലിയ ബാധ്യതയും ആ പെണ്‍കുട്ടിയുടെ ചുമലില്‍ വന്നുവീണു. കൊയിലാണ്ടി തെരുവുകളില്‍ ആക്രികള്‍ പെറുക്കി വിറ്റാണ് അവള്‍ പില്‍ക്കാലം ജീവിച്ചത്. അന്തിയാവുമ്പോള്‍ തെരുവ് കോലായയില്‍ അവള്‍ അന്തിയുറങ്ങി. ഏതൊരു തെരുവിന്റെയും മുഖം ഒന്നാണെന്നു ബോധ്യപ്പെട്ട രാത്രികളായിരുന്നു അത്. അതിനെയെല്ലാം അവള്‍ അതിജീവിച്ചത് മനഃസ്ഥൈര്യം ഒന്നുകൊണ്ടു മാത്രമാണ്.
ലിസിയുടെ ജീവിതപോരാട്ടങ്ങളും രാത്രികാലങ്ങളിലെ ഏകാന്തജീവിതവും കണ്ടറിഞ്ഞ കൊയിലാണ്ടിയിലെ ഒരു ലോഡ്ജ് ഉടമ ലിസിയെ ഏറ്റെടുത്ത് മകളെപ്പോലെ വളര്‍ത്തി. അയാളാണ് ലിസിക്ക് മുംതാസ് എന്ന പേരു നല്‍കിയത്. കുറെക്കാലം ആ സുന്ദരമായ പേരില്‍ അവള്‍ ജീവിച്ചു. അതിനിടയില്‍ അച്ഛന്‍ ലിസിയെ തനിച്ചാക്കി തമിഴ്‌നാട്ടിലേക്കു കടന്നിരുന്നു. ഒരു തമിഴ്‌നാട് സ്വദേശിയെ വിവാഹം കഴിച്ചായിരുന്നു അച്ഛന്റെ ഒളിച്ചോട്ടം. അതോടെ ലിസി തികച്ചും ഒറ്റപ്പെട്ടു. അധികകാലം കഴിയുംമുന്‍പ് ലോഡ്ജ് ഉടമയും മരണമടഞ്ഞു. ജീവിതം ഇരുട്ടിനെക്കാള്‍ ഭയാനകമാണെന്ന് തോന്നിയ നാളുകള്‍. വീണ്ടും ലിസി തെരുവിലേക്കിറങ്ങി. ജീവിതം ജീവിച്ചുതന്നെ തീര്‍ക്കേണ്ടതുകൊണ്ടു പരീക്ഷണങ്ങളില്‍ പതറിയില്ല.
ആയിടക്ക് തെരുവില്‍ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീ ലിസിയെ കൊയിലാണ്ടിക്ക് അപ്പുറമുള്ള കുറ്റ്യാടിയിലേക്കു കൊണ്ടുപോയി. അവിടെ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ട് കുറച്ചുകാലം കഴിച്ചു. തെരുവുറക്കത്തില്‍നിന്ന് ലിസി ഒരു വാടകവീട്ടിലേക്കു മാറി. രാത്രി പേടിയില്ലാതെ കിടക്കാന്‍ കഴിഞ്ഞതു വലിയ അനുഗ്രഹമായി അവള്‍ കണ്ടു. അപ്പോഴും ഒരു പെണ്ണിനോടുള്ള പുരുഷന്റെ സമീപനം കാമം മാത്രമാണെന്നു ബോധ്യപ്പെട്ടപ്പോള്‍ കുറ്റ്യാടി ഉപേക്ഷിച്ച് പേരാമ്പ്രയിലെത്തി. പേരാമ്പ്രയിലെ വേശ്യകള്‍ക്കിടയില്‍ അവരെ ബോധവല്‍കരിച്ചും നല്ല നടപ്പിന് ഉപദേശിച്ചുമാണ് ലിസി തന്റെ സാമൂഹിക പ്രവര്‍ത്തനം തുടങ്ങുന്നത്. അതിന്റെ ബാക്കിപത്രമായി പല തെരുവുവേശ്യകളുമിന്ന് കുടുംബജീവിതം നയിക്കുന്നുണ്ട്.
പേരാമ്പ്രയിലെ തെരുവുജീവിതം ലിസിക്ക് വലിയതോതില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. തെരുവില്‍ തന്നെ അന്തിയുറങ്ങിയാണ് അവള്‍ ചെരുപ്പുകള്‍ തുന്നി വിശപ്പിനുള്ള അന്നം കണ്ടെത്തിയത്. പല രാത്രികളിലും ചെരുപ്പ് തുന്നുന്ന സൂചി മാറില്‍ ഒളിപ്പിച്ചുവച്ചാണ് ലിസി ഉറങ്ങാന്‍ കിടക്കുക. പലപ്പോഴും തന്റെ സ്വത്വം തന്നെ അവര്‍ക്ക് ഒളിപ്പിക്കേണ്ടിയും വന്നു. അന്തി കറുക്കുമ്പോള്‍ ഈ രാത്രി എങ്ങനെയാണു പുലര്‍ത്തേണ്ടത് എന്ന ചിന്ത ലിസിയെ അലട്ടി. പല രാത്രികളിലും ആണ്‍വേഷം ധരിച്ചു. പലപ്പോഴും ശല്യങ്ങള്‍ സഹിക്കവയ്യാതെ പൊലിസ് സ്റ്റേഷന്റെ വരാന്തകളില്‍ അഭയം തേടി.
തെരുവുജീവിതം ലിസിക്ക് വലിയ അനുഭവസമ്പത്ത് പകര്‍ന്നുനല്‍കിയിട്ടുണ്ട്. ഇന്നിപ്പോള്‍ ലിസിക്ക് പ്രായം നാല്‍പതാണ്. ആത്മധൈര്യവും പെട്ടെന്നലിയുന്ന മനസും ലിസിയെ ആളുകളുടെ പ്രിയപ്പെട്ടവളാക്കി. ലിസിക്കിപ്പോള്‍ അന്തിയുറങ്ങാന്‍ കിടപ്പാടമുണ്ട്. ചെറിയ സമ്പാദ്യം ബാങ്കിലുണ്ട്. ചെരുപ്പ് തുന്നിയും പഴയ പാത്രങ്ങള്‍ ഒട്ടിച്ചും കിട്ടുന്ന തുകയില്‍നിന്ന് ഒരു ഭാഗം അവര്‍ മാറ്റിവയ്ക്കുന്നു. അത് അമ്പലത്തിലോ പള്ളിയിലോ നേര്‍ച്ചയിടാന്‍ വേണ്ടിയല്ല. പുസ്തകമില്ലാത്ത സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്കു പുസ്തകമായും, മരുന്നു വാങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്ന അശരണര്‍ക്ക് മരുന്നായും ലിസി പ്രത്യക്ഷപ്പെടും. വലംകൈ കൊടുത്തത് ഇടംകൈ അറിയില്ല എന്നുമാത്രം. ഇന്നു പലരും സ്വന്തം പേരും മഹിമയും നാലാള്‍ക്കിടയില്‍ അറിയിക്കാന്‍ വേണ്ടി ദാനധര്‍മങ്ങള്‍ നടത്തുമ്പോള്‍ ലിസി അവരില്‍നിന്നെല്ലാം അകന്നുനില്‍ക്കുന്നു.
''ജീവിതത്തില്‍ സ്വപ്‌നം കണ്ടു നടക്കേണ്ട കുട്ടിക്കാലത്ത് ഞാനനുഭവിച്ച കഷ്ടപ്പാടുകളാണ് മറ്റുള്ളവര്‍ വേദനിക്കുമ്പോള്‍ എന്റെ ഉള്ള് പിടപ്പിക്കുന്നതെന്ന് '' ലിസി പറയും. ഇന്നിപ്പോള്‍ പേരാമ്പ്രയിലെ സമീപ പ്രദേശങ്ങളിലും കൊണ്ടാടപ്പെടുന്ന പല പരിപാടികളിലും ലിസിയുടെ സാന്നിധ്യമുണ്ട്. അവരിപ്പോള്‍ നന്നായി മലയാളം പറയും. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കും. കാന്‍സര്‍ രോഗികള്‍ക്ക് വലിയൊരു താങ്ങാണ് ലിസിയിന്ന്. പേരാമ്പ്രയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ സജീവ പ്രവര്‍ത്തകയാണവര്‍. ആക്രി വിറ്റ് ജീവിക്കുന്നവരുടെ സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ്. കമ്മ്യൂണിസ്റ്റ് ആശയക്കാരിയാണ്.
''ജീവിതത്തില്‍ വലിയ ബിരുദങ്ങള്‍ സമ്പാദിക്കണമെന്നും കഴിയുമെങ്കില്‍ ഒരു കലക്ടറോ മറ്റോ ആയി സമൂഹത്തെ സേവിക്കണമെന്നുമായിരുന്നു എന്റെ ജീവിതാഭിലാഷം. അതുപക്ഷേ നടന്നില്ല''- ലിസി നഷ്ടബോധത്തോടെ പറയും. മാധ്യമപ്രവര്‍ത്തകയാകാനും കൊതിച്ചിരുന്നു ലിസി. അതിനു കഴിഞ്ഞില്ലെങ്കിലും അതിരാവിലെ പത്രങ്ങള്‍ വിതരണം ചെയ്യാന്‍ ലിസി പേരാമ്പ്ര ടൗണിലെത്തും. പത്രവിതരണമെല്ലാം കഴിഞ്ഞാണ് തെരുവില്‍ ചെരുപ്പ് കുത്താന്‍ ലിസി ഇറങ്ങുന്നത്.
ലിസിയുടെ സഹായഹസ്തങ്ങള്‍ കിട്ടിയവരില്‍ കാന്‍സര്‍ രോഗികളും തെരുവ് യാചകരുമുണ്ട്. വൃത്തിഹീനരായി തെരുവില്‍ അലയുന്ന മാനസികരോഗികളെ കണ്ടാല്‍ അവര്‍ വെറുതെയിരിക്കില്ല. അവരെ കൊണ്ടുപോയി കുളിപ്പിച്ചു പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്ത് വയറു നിറയെ ഭക്ഷണം കൊടുത്തേ ലിസിക്ക് മറ്റു ജോലികളുള്ളൂ. പേരാമ്പ്രയിലെ പറയ സമുദായത്തിന്റെ വെല്‍ഫെയര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം കൈയില്‍ കുടകളുടെ കെട്ടും പുസ്തകങ്ങളും യൂനിഫോമുകളുമായി ലിസി സ്‌കൂള്‍ വരാന്തയില്‍ ഉണ്ടാവും. ഇതൊന്നുമില്ലാതെ ആരും പഠിക്കാനിരിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. കാലങ്ങളായി തുടരുന്നതാണിത്. അക്കാദമിക വര്‍ഷം തുടങ്ങുംമുന്‍പ് ലിസി കുട്ടികള്‍ക്കുവേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ ബാങ്കില്‍ ഒരു ചെറിയ തുക നിക്ഷേപിക്കാന്‍ തുടങ്ങും.
ശിവാനി പട്ടേലില്‍നിന്ന് മുംതാസ് ആയും, പിന്നീട് ഡയാന ലിസിയായും മാറിയ ഈ രാജസ്ഥാന്‍കാരിപ്പെണ്ണ് ഇപ്പോള്‍ പേരാമ്പ്രയുടെ മാത്രം സ്വത്തല്ല; കേരളത്തിന്റെ ആകെയാണ്. ഇപ്പോഴും ചെരുപ്പ് കുത്തിയും പഴയ ബക്കറ്റ് ഒട്ടിച്ചും പത്രവിതരണം നടത്തിയും സംതൃപ്തിയോടെ കഴിയുകയാണ് ലിസി. പേരാമ്പ്ര നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ വേഗത്തില്‍ നടന്നുപോകുന്ന ലിസിയെ കണ്ടാല്‍ നിങ്ങള്‍ ഓര്‍ക്കുക; അവര്‍ എവിടെയോ ആര്‍ക്കോ വേണ്ടി ഒരു കൈ സഹായിക്കാന്‍ പോവുകയാണ്. അതല്ലെങ്കില്‍ അവര്‍ക്ക് ഒരു ബോധവല്‍ക്കരണ ക്ലാസ് എടുക്കേണ്ടതായിട്ടുണ്ടാവും. അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ ഒരു ആദരവ് ലഭിക്കാനുണ്ടാവും. അങ്ങനെ... അങ്ങനെ... എന്തെങ്കിലും തിരക്ക്. അതുകൊണ്ട് നിങ്ങളോട് സംസാരിച്ചുനില്‍ക്കാന്‍ അവര്‍ക്കു നേരമില്ല. ഒരര്‍ഥത്തില്‍ രാജസ്ഥാനില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ലിസിയിന്ന് നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയേണ്ടവരാണ്. കാലം അവര്‍ക്കു വേണ്ടി കരുതിവച്ചത് ഇതൊക്കെയാവും. അല്ല, സമൂഹത്തിനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാന്‍ ലിസിക്കു കാലം തന്നെ മാറ്റിപ്പണിതതാവും, തീര്‍ച്ച...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."