നബിദിന നി'യോഗ'ങ്ങള്‍
മുതിര്‍ന്നു ചീത്തയായ ജീവിതത്തിലേക്കു ബാല്യത്തിന്റെ നിര്‍മലമായ ചെപ്പില്‍നിന്നു നിഷ്‌കളങ്കതയുടെ ഒരുല്ലാസപ്പകിട്ട് തിരികെ കൊണ്ടുവരാന്‍ ഇപ്പോഴും നബിദിനം എന്ന വാക്കു മതി. ജീവിതത്തിനു മീതെ നബിദിന ഓര്‍മകള്‍ക്ക് ഒരിടമുണ്ട്. മറവിയാണ് നമ്മെ കൂടെക്കൂടെ ഹതാശരാക്കുന്നത്. മറവിയുടെ വലുതാകുന്ന വന്‍കടലില്‍നിന്നു നല്ല ജീവിതത്തിന്റെ തീരരേഖകളെ കാക്കുന്നതിന് മീലാദോര്‍മകള്‍ മതി.
നബിദിനയോഗമാണ് നബിദിനത്തിലെ അസുലഭാവസരം. മണ്ണിന്റെ സ്വപ്‌നങ്ങളെ സഫലമാക്കിയ, വിണ്ണിലെ വസന്തങ്ങള്‍ വന്നിറങ്ങിയ മരുഭൂവിന്റെ സൗരഭ്യം. മാലാഖമാര്‍ക്കു പോലും വിലക്കപ്പെട്ട അത്യുന്നതങ്ങളില്‍ ചെന്നുപറ്റിയ മനുഷ്യപുത്രന്റെ ജനനം. മുഹമ്മദുര്‍റസൂലിനെ വളര്‍ത്തിയ മക്ക, സ്‌നേഹം കൊണ്ടു പൊതിഞ്ഞ മദീന. വിജയശ്രീലാളിതനായി നബിയുടെ മടക്കം. ഹൃദയത്തിന് ഓര്‍മകളാല്‍ തുന്നിയ പുത്തനുടുപ്പുകള്‍ ഇടുവിക്കുന്നൂ പഴയ നബിദിനയോഗത്തിലെ പ്രസംഗങ്ങളുടെ ഉള്ളടക്കം. ഉള്ളിലെ ആഹ്ലാദത്തിന് ഉഷസിന്റെ ചിറകുകള്‍ നല്‍കിയിരുന്നു അന്നു കാണാപാഠം പഠിച്ചുപറഞ്ഞ വാക്കുകളും യോഗം പിരിയുമ്പോള്‍ കൈവന്ന കുഞ്ഞു സമ്മാനപ്പെട്ടികളും. ചരിത്രത്തിന്റെ അനുസ്യൂത ഹുങ്കാരങ്ങള്‍ അടങ്ങി, ദുരിതത്തിന്റെ മഹാപ്രാരാബ്ധങ്ങളെ മയപ്പെടുത്തി, ഓരോ നബിദിനം വരുമ്പോഴും അകതാരില്‍ ആനന്ദത്തിന്റെ അന്നത്തെ രാഗവിസ്താരമിന്നും. അന്നു കിട്ടിയ പ്രോത്സാഹന സമ്മാനങ്ങളുടെ ചോദന കാണാനാകുന്നു ഇന്നു നോക്കുമ്പോള്‍ ഉച്ചരിക്കുന്ന ഓരോ വാക്കിലും എത്തിനോക്കുന്ന ഓരോ വക്കിലും.
വടക്കേ മലബാറില്‍, വടകര താലൂക്കിലെ 1980കളുടെ വിശേഷമായിരുന്നു കൊച്ചു നിസ്‌കാരപ്പള്ളികളിലെ രാത്രി ദര്‍സും അവിടെനിന്നുള്ള ഗുരുകുലവിദ്യക്കു സമാനമായ നിശാപഠനവും. അത് അറിവിനെ കൂടുതല്‍ പ്രാവര്‍ത്തികമാക്കാനുതകി. മദ്രസയില്‍ പോകുന്ന കുട്ടികളൊക്കെ അന്നത്തെ രാത്രികളില്‍ സ്രാമ്പ്യകളിലെ ഈ ദര്‍സിനും ഹാജരായി. ഞങ്ങളുടെ ചെറുവത്തുകണ്ടി സ്രാമ്പ്യയിലെ ദര്‍സിലെ അന്നത്തെ ഒരു ഹാജര്‍ പട്ടിക പില്‍ക്കാലത്തു പഴകിദ്രവിച്ച പരുവത്തില്‍ കിട്ടി. അതിലെ ഹാജരിട്ട പഠിതാക്കളുടെ എണ്ണം 92 എന്നു കണ്ട് ഒന്നു കൗതുകപ്പെട്ടു അതു കണ്ടവരൊക്കെ. പഴകി പൂതലിച്ചു തുടങ്ങിയ സ്രാമ്പ്യയുടെ തട്ടിന്‍പുറത്തിരുന്ന ആ പട്ടിക അതു കണ്ടവരെ മുഴുവന്‍, എത്ര മികച്ച സന്നാഹമായിരുന്നു ആ പഴയ ദര്‍സെന്ന കാര്യം ഒന്നോര്‍മിപ്പിക്കുകയുണ്ടായി.
അന്നു മദ്രസക്കു പുറമേ ദര്‍സിലുമുണ്ടായിരുന്നു നബിദിനം. അങ്ങനെ ഞങ്ങള്‍ക്കു രണ്ടു നബിദിനയോഗം കൂടാനുള്ള യോഗമുണ്ടായി. ദര്‍സിലെ നബിദിനയോഗത്തിനു വേറെയും മദ്രസയിലേക്കു മാത്രമായി വേറെയും പ്രസംഗങ്ങള്‍ കാണാപ്പാഠം പഠിച്ച മിടുക്കന്മാരെന്ന ശ്രുതി ശിരസേറ്റിയ നബിദിനയോഗങ്ങളായിരുന്നു ഞങ്ങളുടേത്. നബിയെപ്പറ്റി പറഞ്ഞു പഠിക്കുക മാത്രമായിരുന്നില്ല, വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ, വാക്യങ്ങള്‍ എടുത്തു പെരുമാറുന്നതിന്റെ ആദ്യ പരിശീലനക്കളരികളുമായിരുന്നു ആ നബിദിന മനപ്പാഠങ്ങള്‍. രീതി: കാഫുമല കണ്ട പൂങ്കാറ്റേ എന്നിങ്ങനെ പത്തു പന്ത്രണ്ടു പാട്ടുകളൊന്നിച്ചു പ്രിന്റു ചെയ്ത പാട്ടുപുസ്തകങ്ങളാവണം വായനയുടെയും ഭാവനയുടെയും പില്‍ക്കാലയോഗങ്ങള്‍ക്കും കാരണമായത്.
രണ്ടു കൊല്ലം മുന്‍പൊരു നബിദിനത്തിനു മറ്റൊരു യോഗം കൂടിയുണ്ടായി, ജീവിതത്തെ ആഹ്ലാദഭരിതമാക്കുന്നതിന്. മകന്റെ പിറവി. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലൊരു നബിദിനം കൂടാമെന്ന മോഹവുമായി പുലര്‍ന്ന അന്നത്തെ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് വടകര സി.എം ആശുപത്രിയുടെ ലേബര്‍ വാര്‍ഡിനുമുന്നില്‍ അറിയാവുന്ന പ്രാര്‍ഥനകളെല്ലാമുരുവിട്ട് ഞാനവനെ കാത്തിരുന്നു. നിരാശാഭരിതമായ ജീവിതത്തിനുമീതെ പ്രത്യാശ തുളുമ്പുന്ന ചിരിയോടെ അവന്‍ വന്നു. ജീവിതത്തിലേക്കവന്‍ വസന്തങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ അവന് റബീഅ് എന്നു പേരിട്ടു. നബിദിനയോഗങ്ങളില്ലാത്ത മണല്‍നാട്ടില്‍ റബീഉല്‍ അവ്വലെത്തുമ്പോള്‍ ഇപ്പോഴത്തെ നബിദിനയോഗം അവന്‍. അവനിക്കുറി വായിക്കാന്‍ വാങ്ങിയത് സിയാഉദ്ദീന്‍ സര്‍ദാറിന്റെ ങൗവമാാമറ: അഹഹ ഠവമ േങമേേലൃ െഎന്ന കുഞ്ഞിപ്പുസ്തകം.
ഓരോ റബീഉല്‍ അവ്വലിലും ഒരു നബിചരിതമെങ്കിലും വായിക്കുക എന്നതൊരു ചര്യയാക്കാം. വായനക്കും പുസ്തകങ്ങള്‍ക്കും ഒഴിവില്ലാതായ ജീവിതത്തില്‍ വാട്ട്‌സാപ്പും ഫേസ്ബുക്കുമെല്ലാം ഡീആക്റ്റിവേറ്റ് ചെയ്തു കൊണ്ട് പുസ്തകങ്ങളിലേക്കു മടങ്ങുക. ഡിജിറ്റല്‍ സബാത്ത് ഇന്നൊരു അനിവാര്യമായ ചര്യയാണ്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ധാരാളിത്തത്തില്‍നിന്നൊഴിഞ്ഞ് അവനവനുള്ളിലേക്കും പുസ്തക അകങ്ങളിലേക്കും അരികെയുള്ള ആളുകളുടെ അകങ്ങളിലേക്കും സഞ്ചരിക്കാം. ഒരു പുസ്തകമെങ്കിലും വായിച്ചുതീര്‍ക്കാം.
നബിവായനക്ക് ഒടുവില്‍ വായിച്ചൊരു പുസ്തകം പരിചയപ്പെടുത്താം.
അലിമിയാന്‍ എന്നു സ്‌നേഹാദരങ്ങള്‍ സഹിതം അഭിസംബോധന ചെയ്യപ്പെട്ട വിശ്വവിഖ്യാതനായ പണ്ഡിതന്‍ അബുല്‍ഹസന്‍ അലി നദ്‌വിയുടെ വൈശിഷ്ട്യങ്ങള്‍ ഏറെയുള്ള രചനയാണ്, മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട 'കാരുണ്യത്തിന്റെ തിരുദൂതര്‍'. ലോകത്തിന്റെ അനുഗ്രഹമെന്നും ലോകാനുഗ്രഹിയെന്നും കേള്‍വിപ്പെട്ട നബിതിരുമേനിയുടെ ജീവിതവും ദര്‍ശനവുമാണു പുസ്തകത്തിന്റെ പ്രമേയം. ഹൃദയങ്ങളെ തരളിതവും ബോധങ്ങളെ സുഭഗവുമാക്കുന്ന ഒരു പ്രമേയത്തിന്റെ സരളമായ ആഖ്യാനം നിര്‍വഹിക്കുന്ന ഈ കൃതി പ്രവാചക ജീവിതത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ തുടങ്ങി, അതു നിറവേറിയ ദൗത്യങ്ങളുടെ അനുഭവവും ദര്‍ശനവും പിന്തുടര്‍ന്ന് അതിന്റെ പരിസമാപ്തിയുടെയും വരുംകാലത്തിന്റെയും ലോകാനുഭവ മഹിമകളിലേക്കു നീളുന്നു. കരുണ എന്ന നബിയുടെ അവതാരവിശേഷത്തിന്റെ ധ്വനിയും അര്‍ഥവും പ്രത്യേക പ്രതിപാദ്യമാക്കിയതു കാരണം സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു പ്രസക്തി കൈവന്നിരിക്കുന്നു ഈ ഗ്രന്ഥത്തിന്.
പ്രവാചക പ്രകീര്‍ത്തനവും നബിജീവിതത്തിന്റെ പ്രതിപാദനവുമുള്ള ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ദുര്‍ലഭമല്ല. ഒട്ടേറെ കൃതികള്‍, ചെറുതും വലുതുമായി, പുണ്യപ്രവരന്മാരായ ഗ്രന്ഥകര്‍ത്താക്കളാല്‍ എഴുതപ്പെടുകയും മലയാളവായനയെ അവ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബിചരിതത്തിന്റെ ഗദ്യ പദ്യ ആവിഷ്‌ക്കാരങ്ങളാല്‍ സമൃദ്ധമായ ഭാവനയും വായനയും മലയാളത്തിനുമുണ്ട്. അല്ലാഹുവിനു സ്തുതി. എങ്കിലും അതീവ സൂക്ഷ്മവും അതീവ ഗഹനവുമായ അന്യഭാഷാകൃതികള്‍ കാണുമ്പോള്‍ ചിലപ്പോഴെങ്കിലും മലയാളത്തെ ഓര്‍ത്തു സങ്കടപ്പെട്ടുപോകാറുണ്ട്. പ്രവാചകജീവിതത്തിന്റെ സമഗ്രതയെ പ്രാപിക്കുന്ന കൃതികള്‍ നമുക്ക് ഇനിയും വേണമല്ലോ എന്നാഗ്രഹിക്കുന്ന ഇതര ഭാഷാ വായനാനുഭവമുള്ളവരെയും കാണാറുണ്ട്. വായനയില്‍ ആഴങ്ങളിലെ അനുഭവവും ഉയരങ്ങളിലെ ആഹ്ലാദവും ആഗ്രഹിക്കുന്ന അത്തരക്കാര്‍ക്ക് ഒട്ടേറെ ആഹ്ലാദപൂര്‍ണമാകും ഈ ഗ്രന്ഥത്തിന്റെ പാരായണം. കൃതിയുടെ മലയാള പരിഭാഷ അബ്ദുശ്ശകൂര്‍ അല്‍ഖാസിമിയുടേതാണ്. കോഴിക്കോട്ടെ മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷനാണു പ്രസാധകര്‍.
ഒന്നുകില്‍ ആധ്യാത്മിക സാമ്രാജ്യങ്ങളുടെ അധിപനായ നബി, അല്ലെങ്കില്‍ രാഷ്ട്രീയജീവിതമുള്ള നബി എന്നിങ്ങനെ പ്രവാചക ജന്മത്തിന്റെയും ദൗത്യത്തിന്റെയും ഏതെങ്കിലും ഒരടരിലേക്കു നബിചരിതത്തിന്റെ രചനകള്‍ ശ്രദ്ധിച്ചുപോവും. ഇക്കാലത്താണെങ്കില്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതിനിധാനം വായനയില്‍ വ്യാപകമായതിനാല്‍, പ്രസിദ്ധീകൃതങ്ങളായ ഗ്രന്ഥങ്ങളില്‍ ഏറെയും ആ വഴിക്കുള്ളവയുമാണ്. ഇത്തരം കൃതികള്‍ സൃഷ്ടിക്കുന്ന ഒരു പ്രഭാവത്തിനകത്ത് നബിജീവിതത്തിന്റെ വായനകള്‍ സമഗ്രമാകാതെ പോകുന്നു. നബിയെ ഹൃദയവും ആത്മാവും കൊണ്ടറിയുകയും പ്രവാചകന്റെ ജീവിതസരണിയില്‍ ജീവിതമര്‍പ്പിക്കുകയും ചെയ്ത അലിമിയാന്റെ കൃതി മേല്‍പറഞ്ഞ വഴി ഉപേക്ഷിച്ചാണ് നബിതിരുമേനിയെ അനുധാവനം ചെയ്യുന്നത്.
അതില്‍ ഹൃദയത്തിലെ അനുരാഗവും ചിന്തയിലെ അനുശീലനവുമുണ്ട്. വിജ്ഞാനത്തിന്റെ കാലികവും പൗരാണികവുമായ സ്രോതസുകളെ ആവോളം പ്രയോജനപ്പെടുത്തുന്നു അലിമിയാന്‍. നബിജീവിതത്തിന്റെ അനുഭവം മാത്രമല്ല അനുഭൂതിയും വായനക്കാരനിലേക്കു പകരുകയാണു ഗ്രന്ഥകാരന്റെ നിയ്യത്ത്. നബിയുടെ മഹച്ചരിതമാണ് ഏറ്റവുമധികം നുകര്‍ന്നതെന്ന മുഖവുരയോടെയാണു തുടക്കം. നബിചരിതം പ്രമേയമാക്കി വിരചിതമായ, തന്റെ കുട്ടിക്കാലം വരെയുള്ള മുന്‍നിര ഗ്രന്ഥങ്ങളുമായുള്ള അടുപ്പത്തെകുറിച്ചും അലിമിയാന്‍ ഓര്‍ക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രബോധന പ്രവൃത്തികളില്‍ നിരതനും നിരന്തരനുമായിരുന്ന അലിമിയാന്‍ അനുനിമിഷം ഹൃദയത്താല്‍ സന്ദര്‍ശനം നടത്തിയിരുന്ന സന്നിധാനമായിരുന്നു നബി തിരുമേനി. വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലുടനീളവും അദ്ദേഹത്തെ നയിച്ചിരുന്നതും നബി തിരുമേനിയാണ്. ''ഈ ജോലി നിര്‍വഹിക്കാന്‍ ജീവിതം ലഭിച്ചല്ലോ'' എന്ന ആശ്വാസവും വിശ്വാസവും ആത്മബലബോധവും ഗ്രന്ഥകാരന്‍ തന്റെ കര്‍മത്തെക്കുറിച്ചു പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സര്‍വകാലങ്ങള്‍ക്കും സര്‍വലോകങ്ങള്‍ക്കും മീതെ അനുഗ്രഹമായി വര്‍ഷിച്ച നബി ജീവിതത്തിന്റെ വിശദവിവരണം നിര്‍വഹിക്കുന്ന ഈ രചന ഇസ്‌ലാമിന്റെ ദര്‍ശനസാകല്യവും മനുഷ്യജീവിത സാഫല്യവും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തമഗ്രന്ഥമാണ്. ജീവിതത്തില്‍ പ്രവാചകാനുരാഗത്തിന്റെ പാരവശ്യങ്ങളുണര്‍ത്തിയും ധര്‍മപരിപോഷണത്തിന്റെ ആവശ്യമുണര്‍ത്തിച്ചും ഗ്രന്ഥപാരായണം നമ്മെ വിമലീകരിക്കും. അനുവാചകന് അനുഗ്രഹമായല്ലാതെ ഈ ഉത്തമഗ്രന്ഥം വിരചിതമായിട്ടില്ല എന്ന് മനസ് ഉറപ്പിച്ചുപറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."