പദ്മാവത്: ജയാസിയുടെ ഇതിഹാസകാവ്യം
മൂക്കും മുലയും ചെത്തിക്കളയുന്നത്രയും സ്ത്രീവിരുദ്ധത നിലവിലുണ്ടായിരുന്ന പുരുഷാധിപത്യകാലത്ത്, ഒരു സ്ത്രീയെ നായികാ കഥാപാത്രമാക്കി ഒരു സാഹിത്യരചന പുറത്തുവരുന്നു - അതും ഇതിഹാസരൂപത്തിന്റെ അതിവിശാലമായ കാന്‍വാസില്‍! സ്ത്രീസ്വാതന്ത്ര്യം എന്ന വാക്ക് പോലും അന്യമായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തിയ പതിനാറാം നൂറ്റാണ്ടില്‍ ഇത്തരമൊരു കാവ്യരചന യാഥാര്‍ഥ്യമാക്കുന്നതിനു നിരവധി വെല്ലുവിളികള്‍ തന്നെയായിരിക്കും ഏതൊരു കവിയും അഭിമുഖീകരിച്ചിട്ടുണ്ടാകുക. പക്ഷെ, ഈ വെല്ലുവിളികളെ മുഴുവനും തരണം ചെയ്ത പദ്മാവതിയെന്ന വീരേതിഹാസത്തെക്കുറിച്ചു പുതിയ തലമുറയ്ക്കു പരിചയപ്പെടാന്‍ അവസരമൊരുക്കിയതിന്റെ ക്രെഡിറ്റ് ബോളിവുഡ് ചലച്ചിത്രകാരനായ സഞ്ജയ് ലീല ബന്‍സാലിനാണു ലഭിച്ചത് എന്നു മാത്രം!
പൗരാണിക ഗ്രീക്ക് കവിയായിരുന്ന ഹോമറിന്റെ ഇതിഹാസ കാവ്യങ്ങളായ ഇലിയഡിനോടും ഒഡീസിയോടും എല്ലാ അര്‍ഥത്തിലും കിടപിടിക്കുന്ന ഒന്നാണ് മാലിക് മുഹമ്മദ് ജയാസിയുടെ പദ്മാവതി. ഈ രണ്ട് കവികളുടെ ജീവിതവും യാഥാര്‍ഥ്യത്തെക്കാള്‍ കൂടുതല്‍ മിത്തുകളുടെ രൂപത്തിലാണു നമുക്കറിവായിട്ടുള്ളത്. ഹോമര്‍ പൂര്‍ണ അന്ധനായിരുന്നു. ജയാസി ഭാഗികമായും! ക്രിസ്തുവര്‍ഷം 1540ലായിരിക്കണം (ഹിജ്‌റ വര്‍ഷം 947), പദ്മാവത് എന്ന ഇതിഹാസകാവ്യം വിരചിതമായത് എന്നാണു സാഹിത്യ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും നിഗമനം. പ്രസാധനത്തിന്റെ കാലത്തെക്കുറിച്ചു ചില അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രസ്തുത കാവ്യത്തെക്കുറിച്ച് ഏവരും പൊതുധാരണയിലെത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട്: ഇന്ത്യയില്‍ ജനിച്ചുമരിച്ച സൂഫീവര്യനായ മുഹമ്മദ് ജയാസി, ഉത്തര്‍പ്രദേശിലും നേപ്പാളിന്റെ അതിര്‍ത്തിയിലും പ്രചാരത്തിലുള്ള, കിഴക്കന്‍ ഹിന്ദി വകഭേദത്തില്‍പ്പെടുന്ന ഇന്തോ-ആര്യന്‍ ഭാഷയായ അവാധിയില്‍ രചിച്ചിരിക്കുന്ന ഈ കാവ്യം, ചിത്തോറിലെ രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെ സ്തുതിഗീതങ്ങളടങ്ങിയ വീരഗാഥ തന്നെയാണെന്നതാണ് അതില്‍ പ്രധാനം.
ഇതിവൃത്തം
സിംഹള രാജവംശത്തിലെ അതിസുന്ദരിയായ രാജകുമാരിയായിരുന്നു പദ്മാവതി. അവളുടെ ഏറ്റവും പ്രിയപ്പെട്ട തോഴിയാവട്ടെ, ഹിരമന്‍ എന്ന, സംസാരിക്കുന്ന ഒരു തത്തയും! രണ്ടുപേരുടെയും അടുപ്പത്തില്‍ കോപംപൂണ്ട അച്ഛന്‍ തിരുമനസ്, ഒടുവില്‍ ഹിരമനെ കൊന്നുകളയാന്‍ തീരുമാനിക്കുന്നു. തന്റെ മരണം മണത്ത കൗശലക്കാരനായ തത്ത, കൊട്ടാരത്തില്‍നിന്നു രക്ഷപ്പെടുന്നു. കുറേ നാളുകള്‍ക്കുശേഷം, ചിത്തോര്‍ ഭരണാധികാരിയായിരുന്ന റാണാ രത്തന്‍ സിങ്ങിന്റെ അധീനതയിലുണ്ടായിരുന്ന ഒരു പക്ഷിപിടിത്തക്കാരന്‍ ഒരുക്കിയ കെണിയില്‍പ്പെടുന്നു. തന്റെ യജമാനത്തിയായിരുന്ന പദ്മാവതിയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെക്കുറിച്ച്, ഹിരമന്‍ എന്ന തത്തയിലൂടെ രത്തന്‍ സിങ് മനസിലാക്കുന്നു.
ഏഴുകടലുകള്‍ താണ്ടി, പതിനാറായിരത്തില്‍പ്പരം പടയാളികളുമൊത്ത്, ഹിരമനെ വഴികാട്ടിയായി നിയോഗിച്ച്, രാജാവ് സിംഹളരാജ്യം സന്ദര്‍ശിക്കുന്നു. അവിടുത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് പദ്മാവതിയുമായി രഹസ്യസമാഗമത്തിന് ഹിരമനിലൂടെ രാജാവ് സൗകര്യമൊരുക്കുന്നു. പറഞ്ഞ സമയത്ത് എത്താന്‍ സാധിക്കാതിരുന്ന പദ്മാവതിയെ കാണാത്ത ദുഃഖം സഹിക്കാനാകാതെ രത്തന്‍ സിങ് ആത്മാഹുതിക്കു ശ്രമിക്കുന്നു. പക്ഷെ, ക്ഷേത്രത്തിലെ പ്രതിഷ്ഠകളായ ശിവനും പാര്‍വതിയും ചേര്‍ന്ന് ആ ശ്രമത്തെ പരാജയപ്പെടുത്തുന്നു. ശിവന്റെ ആജ്ഞയനുസരിച്ച് സിംഹളകോട്ട ആക്രമിക്കാന്‍ രാജാവ് പിന്നീട് തയാറെടുക്കുന്നു.
രത്തന്‍ സിങ്ങും കൂട്ടാളികളും ഭിക്ഷുക്കളായി വേഷം മാറിയാണ് കോട്ട ആക്രമണത്തിനു കോപ്പ് കൂട്ടിയത്. എന്നാല്‍, കാവല്‍ഭടന്മാരാല്‍ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട ഈ കൂട്ടര്‍ ആരാണെന്നറിയാതെ,നുഴഞ്ഞുകയറ്റക്കാരെന്ന കുറ്റം ആരോപിക്കപ്പെട്ട്, തലവെട്ടല്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുന്നു. വധശിക്ഷ നടപ്പാക്കപ്പെടാന്‍ പോകുന്ന വേളയില്‍ ഒരു സന്ന്യാസി പ്രത്യക്ഷപ്പെട്ട്, പിടിക്കപ്പെട്ടവര്‍ നുഴഞ്ഞുകയറ്റക്കാരനല്ലെന്നും അതിശക്തമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായ രത്തന്‍ സിങ്ങും കൂട്ടരുമാണെന്നും അറിയിക്കുന്നു. പിന്നീട്, യാതൊരു താമസവുമില്ലാതെ, പദ്മാവതി രത്തന്‍ സിങ്ങിന്റെ പത്‌നിയാകുന്നു.
മധുവിധുനാളുകളുടെ മധുരപര്‍വത്തില്‍ ലയിച്ചിരിക്കുകയായിരുന്ന രത്തന്‍ സിങ്ങിന് ചിത്തോറില്‍നിന്ന് ആദ്യഭാര്യ നാഗമതിയുടെ കുറിമാനം ലഭിക്കുന്നു. സ്വസാമ്രാജ്യത്തിലേക്കു തന്റെ പുതിയ പത്‌നിയായ പദ്മാവതിയെയും കൂട്ടി തിരിച്ചു പുറപ്പെട്ട രത്തന്‍ സിങ്ങിനോട് അസൂയ പൂണ്ട സമുദ്രങ്ങളിലൊന്ന്, കാറ്റും കോളും നിറഞ്ഞ ഒരു രാത്രി സൃഷ്ടിച്ചു മുഴുവന്‍ പടയെയും കൊന്നൊടുക്കുന്നു. പദ്മാവതിയെ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞ രത്തന്‍ സിങ്ങിനു പിന്നെയും നിരവധി അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കേണ്ടി വരുന്നു(ഗ്രീക്ക് ഇതിഹാസ കവി ഹോമറിന്റെ ഒഡീസി എന്ന കാവ്യത്തിലും ഇത്തരം രംഗങ്ങള്‍ കാണാം). ഒടുവില്‍, സുരക്ഷിതമായി തന്റെ കൊട്ടാരത്തിലെത്തിയ രാജാവിനു പിന്നീട് നേരിടേണ്ടിവരുന്നത് നാഗമണിയും പദ്മാവതിയും തമ്മില്‍ അദ്ദേഹത്തെ കിടപ്പറയില്‍ കിട്ടാനായി നടത്തുന്ന തര്‍ക്കങ്ങളും പോരാട്ടങ്ങളുമാണ്.
കൊട്ടാരം ദര്‍ബാറിലെ ബ്രാഹ്മണ അംഗമായിരുന്ന ഒരു ദുരാചാര വിദഗ്ധന്‍ രാഘവ് ചേതന്‍ എന്നയാളിലൂടെയാണ് അന്ന് ഡല്‍ഹി ഭരിച്ചിരുന്ന അലാവുദ്ദീന്‍ ഖില്‍ജി പദ്മാവതിയുടെ സര്‍പ്പസൗന്ദര്യത്തെക്കുറിച്ച് അറിയുന്നത്. ആ വശ്യമനോഹരിയെ സ്വന്തമാക്കാനായി ചിത്തോര്‍ ആക്രമിച്ച ഖില്‍ജി, ദൗത്യത്തില്‍ വിജയിക്കുകയും പദ്മാവതിയെ ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനു സമ്മതിക്കാത്തതിനാല്‍ രത്തന്‍ സിങ്ങിനെ ഡല്‍ഹിയിലെ തടവിലാക്കി ഖില്‍ജി തന്ത്രങ്ങള്‍ മെനയുന്നു. പക്ഷെ, രത്തന്‍ സിങ്ങിന്റെ സാമന്തന്മാരായിരുന്ന ഗോരയെയും ബാദലിനെയും ഉപയോഗിച്ച് റാണി തന്റെ ഭര്‍ത്താവിനെ രക്ഷിക്കുന്നു. അദ്ദേഹം ഖില്‍ജിയുടെ തടവിലുള്ള സമയത്ത് അയല്‍രാജ്യത്തെ രാജാവായിരുന്ന ദേവപാല്‍ പദ്മാവതിയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു. രക്ഷപ്പെട്ടു സ്വന്തം രാജ്യത്തെത്തിയ രത്തന്‍ സിങ് ദേവപാലുമായി ഏറ്റുമുട്ടുന്നു. അതില്‍ രണ്ടുപേരും കൊല്ലപ്പെടുന്നു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി നാഗമണിയോടൊപ്പം പദ്മാവതിയും സതിയനുഷ്ഠിക്കുന്നു. ആക്രമണവുമായി എത്തിയ ഖില്‍ജിയെ പേടിച്ചു കൊട്ടാരത്തിലെ മുഴുവന്‍ സ്ത്രീകളും കൂട്ടമായി തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നിടത്ത് പദ്മാവത് എന്ന ഇതിഹാസ്യ കാവ്യം അവസാനിക്കുന്നു.
ചരിത്രവും അപനിര്‍മാണവും
ഒരു ഇതിഹാസത്തിന്റെ എല്ലാ ചേരുവകളും കൊണ്ടു സമൃദ്ധമാണ് ജയാസിയുടെ പദ്മാവത്. ചരിത്രം, മിത്ത്, അതിസമ്പന്നമായ ഭാവന എന്നീ ചേരുവകളിലൂടെയാണ് ഈ കാവ്യശില്‍പം കടഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഉത്തരേന്ത്യന്‍ ഭാഷകളായ കൈതി, നാഗരി എന്നിവയോടൊപ്പം പേര്‍ഷ്യന്റെ അവാന്തര വിഭാഗത്തില്‍പ്പെടുന്ന നാസ്തലിഖിലും റാണിപദ്മിനിയെന്ന ധീരവനിതയുടെ ആദിമ കഥാബീജം ഒഴുകി നടക്കുന്നുണ്ട്. ഇതില്‍, നാസ്തലിഖില്‍ നിന്നായിരിക്കണം, ജയാസിക്ക് തന്റെ ഇതിഹാസത്തിന്റെ പണിപ്പുരയിലേക്കുള്ള തീപ്പൊരി ലഭിച്ചിരിക്കുക. ഉറുദുവിലും പേര്‍ഷ്യനിലുമായി പന്ത്രണ്ടോളം കൃതികള്‍ പദ്മാവതിയുടെ പ്രണയവും ജീവത്യാഗവും പാടിപ്പുകഴ്ത്തുന്നുണ്ട്. സൂഫികളുടെ ബിംബങ്ങളെ നീക്കം ചെയ്ത് ഉത്തരേന്ത്യന്‍ ഭാഷകളില്‍ ഈ കാവ്യത്തിനു നിരവധി വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ആല്‍ബര്‍ട്ട് റസലിന്റെ പദ്മാവതി എന്ന ഓപറയും (1923) ഏറെ പ്രശസ്തമായ ഒന്നാണ്.
ചരിത്രം സാഹിത്യവും സാഹിത്യം ചരിത്രവുമാകുന്ന പ്രക്രിയയ്ക്കു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. സാഹിത്യലോകത്ത് ഴാക് ദെറിദയെപ്പോലുള്ളവര്‍ അവതരിപ്പിച്ച അപനിര്‍മാണ സിദ്ധാന്തം (ഉലരീിേെൃൗരശേീി) ഭാവനയുടെ അപാരമായ സാധ്യതകളെ തുറന്നിടുന്നു. അതിലൊന്നായി ഈ ഇതിഹാസത്തിലെ ഖില്‍ജി, പദ്മാവതി പ്രണയ മുഹൂര്‍ത്തങ്ങളെ പരിഗണിച്ചാല്‍ മതി. പദ്മാവതി എന്ന മിത്തിനെ ചരിത്രമായി ആദ്യം അവതരിപ്പിച്ചത് മധ്യകാലഘട്ടത്തിലെ പേര്‍ഷ്യന്‍ ചരിത്രകാരന്മാരായ ഹാജി അല്‍ ദാബിറും ഫിരിഷ്തയുമൊക്കെ ഉള്‍പ്പെടുന്നവരാണ്. പിന്നീട്, രജപുത്ര നേതാക്കന്മാരുടെ ഇടപെടലുകളിലൂടെയാണ് അതിന് ഇന്നത്തെ പാഠഭേദമുണ്ടാകുന്നത്. പദ്മാവതിയുടെ ജീവിതത്തിനു ചരിത്രത്തിന്റെ പിന്‍ബലമില്ല എന്നും അതൊരു കാവ്യഭാവന മാത്രമാണെന്നും ജെ.എന്‍.യു പ്രൊഫസറായ ആദിത്യ മുഖര്‍ജിയുടെ വാദവും ഇതിനോടു ചേര്‍ത്തുവയ്ക്കണം.
മേല്‍പ്പറഞ്ഞ എല്ലാ വാദഗതികള്‍ക്കിടയിലൂടെയും എഴുത്തുകാര്‍ തങ്ങളുടെതായ അപനിര്‍മാണങ്ങള്‍ നടത്തി പദ്മാവതിയെ ഒരു ശതാവധാനിയുടെ രൂപത്തിലെത്തിച്ചു എന്നുവേണം കരുതാന്‍. ഓപറകളില്‍നിന്നു വിഭിന്നമായി, പദ്മാവത് എന്ന ഇതിഹാസകാവ്യം ചലച്ചിത്രഭാഷ്യത്തിലൂടെ അഭ്രപാളികളികളിലേക്കെത്തുമ്പോള്‍ കൂടുതല്‍ ജനകീയവായനയ്ക്കു വിധേയമാക്കപ്പെടുകയും അതിന്റെ ഉപകഥകള്‍ കൂടുതല്‍ അപനിര്‍മാണങ്ങളിലേക്കു നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. കേവലമായ രാഷ്ട്രീയ ലാഭങ്ങളില്‍നിന്നു വിടുതല്‍ നേടി, പദ്മാവതിനെ ഭാരതം സമ്മാനിച്ച മികച്ച ഇതിഹാസകൃതികളില്‍ ഒന്നായി കാണാനാണു സഹൃദയ ലോകം ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."